18 December 2025, Thursday

Related news

December 16, 2025
December 16, 2025
December 6, 2025
December 6, 2025
December 3, 2025
November 29, 2025
November 20, 2025
November 18, 2025
November 17, 2025
November 17, 2025

ഉത്തരവാദിത്ത ടൂറിസം; ഒന്നാമാതാകാൻ കോഴിക്കോട്

Janayugom Webdesk
കോഴിക്കോട്
April 23, 2025 9:12 pm

വിനോദ സഞ്ചാര പദ്ധതികളുടെ നേട്ടങ്ങൾ പൊതുജനങ്ങൾക്ക് ഏറ്റവും മികച്ചതായി ലഭ്യമാക്കിക്കൊണ്ട് പ്രാദേശിക ടൂറിസത്തിൽ ചരിത്രം സൃഷ്ടിക്കുകയാണ് കോഴിക്കോട് ജില്ലയിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ. സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളുള്ള ജില്ല എന്ന സ്ഥാനം കോഴിക്കോടിനാണ്. 4313 യൂണിറ്റുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ഉത്തരവാദിത്ത ടൂറിസത്തിലേക്ക് കടന്നുവരാനും മികച്ച പ്രവർത്തനം കാഴ്ചവെക്കാനുമായി തദ്ദേശീയരെ സജ്ജരാക്കാൻ നൽകിവരുന്ന പരിശീലനങ്ങളിലും ജില്ല ഏറെ മുന്നിലാണ്. 3786 പേർക്കാണ് ഇത്തരത്തിൽ പരിശീലനം നൽകിയത്. യൂണിറ്റുകൾ തുടങ്ങിയവരായും പരിശീലത്തിൽ പങ്കെടുത്തവരായും 80 ശതമാനം സ്ത്രീകളാണ് എന്നതും പദ്ധതിയുടെ നേട്ടമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ലയിൽ നിലവിൽ ബേപ്പൂർ മണ്ഡലത്തിലും ഒളവണ്ണ, കടലുണ്ടി, തലക്കുളത്തൂർ, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിലും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിലും ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലുമാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ ഗ്രാമീണ ടൂറിസം വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നത്. രജിസ്റ്റർ ചെയ്ത 4313 യൂണിറ്റുകളിൽ 2500 കർഷകർ, 450 കലാകാരന്മാർ, 700 ടൂറിസം നെറ്റ്വർക്കുകൾ, 30 തദ്ദേശീയരായ കമ്മ്യൂണിറ്റി ടൂർ ലീഡർമാർ, 100 എത്നിക് കുസിൻ യൂണിറ്റ് അംഗങ്ങളായ സ്ത്രീകൾ തുടങ്ങിയവർ ഉൾപ്പെടുന്നു. ഉത്തരവാദിത്ത ടൂറിസം മിഷൻ വഴി 2018 ഫെബ്രുവരി മുതൽ 2024 ഡിസംബർ ഒന്നുവരെ ജില്ലയിലെ പ്രദേശവാസികൾക്ക് 7.2 കോടി രൂപയുടെ വരുമാനമാണുണ്ടായത്. 

സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയിൽ മികച്ച മാതൃക സൃഷ്ടിക്കുന്ന ബേപ്പൂർ മണ്ഡലത്തിൽ വിവിധ പരിശീലനങ്ങളിലായി 300 വനിതകളാണ് പങ്കെടുത്തത്. അലങ്കാര മെഴുകുതിരികൾ, പേപ്പർ ബാഗുകൾ, ടെറാക്കോട്ട ആഭരണങ്ങൾ, ഷെൽ ക്രാഫ്റ്റുകൾ, മീൻ അച്ചാറുകൾ തുടങ്ങിയ സംരംഭങ്ങളാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുന്നത്. ഇവിടെ നിർമിക്കുന്ന ബീച്ച് തീം മെഴുകുതിരിയും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വതത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അഞ്ച് പഞ്ചായത്തിൽ ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ അഗ്രി ടൂറിസം നെറ്റ്വർക്ക് പദ്ധതിയും ഫാം ടൂർ പാക്കേജുകളും ആരംഭിച്ചിട്ടുണ്ട്. കേരളീയ ഗ്രാമീണത അനുഭവിക്കാനാകുന്ന വിവിധയിനം പാക്കേജുകളാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ വഴി സഞ്ചാരികൾക്ക് നൽകുന്നത്. കേവല സ്ഥല സന്ദർശനത്തിൽ ഒതുക്കാതെ പ്രദേശത്തെ സംസ്കാരം, കലാരൂപങ്ങൾ, രുചിക്കൂട്ടുകൾ, ഫല വൃക്ഷാദികൾ തുടങ്ങിയവ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. കളരി യൂണിറ്റുകൾ, കൈത്തറി യൂണിറ്റുകൾ, കയർ സൊസൈറ്റികൾ, മൺപാത്ര നിർമാണ യൂണിറ്റുകൾ, കുപ്പിക്കപ്പൽ- ഉറുമാക്കിങ് യൂണിറ്റുകൾ, തലകുട നിർമാണം, ഗോത്ര കലാരൂപങ്ങൾ, വെങ്കല നിർമാണം, തോണിയാത്ര, മീൻപിടുത്തം, പുഴ വിഭവാസ്വാദനം, കാവ് സന്ദർശനം, പുരാതന പാളികൾ, ആരാധനാലയങ്ങൾ, കുന്നുകൾ, ഐതിഹ്യ കഥപറച്ചിലുകാർ, കാർഷിക നൃത്തം, ദഫ്മുട്ട്, വട്ടംകളി, കോൽക്കളി, കരകൗശല വസ്തു നിർമാണം, തിറയാട്ടചമയം, മലബാറി രുചിക്കൂട്ടുകൾ, കുന്നുകൾ, മലകൾ, പാറകൾ, വയൽപാടങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പാക്കേജുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.