30 December 2025, Tuesday

Related news

December 29, 2025
December 27, 2025
December 25, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 22, 2025
December 22, 2025
December 22, 2025

മറാത്ത്‌വാഡയില്‍ കര്‍ഷക ആത്മഹ ത്യ വര്‍ധിക്കുന്നു

Janayugom Webdesk
മുംബൈ
April 24, 2025 10:27 pm

മഹാരാഷ്ട്രയിലെ മറാത്ത്‌വാഡയില്‍ കര്‍ഷക ആത്മഹത്യ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഈവര്‍ഷം ജനുവരി മുതൽ മാർച്ച് വരെ 269 കർഷക ആത്മഹത്യകളാണ് മറാത്ത്‌വാഡയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡിവിഷണല്‍ കമ്മിഷണറുടെ ഓഫിസില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2024 ജനുവരി മുതല്‍ മാര്‍ച്ച് വരെ 204 കര്‍ഷകരാണ് മറാത്ത്‌വാഡയില്‍ ആത്മഹത്യ ചെയ്തത്. ഇത് 2025 ആയപ്പോഴേക്കും 32 ശതമാനം വര്‍ധനവിലേക്ക് എത്തി. മറാത്ത്‌വാഡയിലെ ബീഡിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ. ഈവര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് 71 പേര്‍ ബീഡില്‍ മാത്രം ജീവനൊടുക്കി. 2024ല്‍ ഇത് 44 ആയിരുന്നു. ഇക്കാലയളവില്‍ ഛത്രപതി സംഭാജിനഗറില്‍ 50, നന്ദേഡ് 37, പർഭാനി 33, ധാരാശിവ് 31, ലാത്തൂര്‍ 18, ഹിംഗോളി 16, ജൽന 13 വീതം കർഷകർ ആത്മഹത്യ ചെയ്തു.

2001 മുതൽ മഹാരാഷ്ട്രയിൽ 39,825 കർഷക ആത്മഹത്യകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 22,193 എണ്ണം സംസ്ഥാനത്തെ കാർഷിക മേഖലയിലുണ്ടായ പ്രതിസന്ധിയെ തുടര്‍ന്നാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മഴക്കുറവും കാലാവസ്ഥാ വ്യതിയാനവും മൂലം മധ്യ മഹാരാഷ്ട്രയിലെ ഈ മേഖലയില്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം, കുറഞ്ഞ വിളവ്, കടബാധ്യത, അപര്യാപ്തമായ ജലസേചന മാർഗങ്ങൾ, ഭൂമിയുടെ ഉടമസ്ഥാവകാശം, വിളനാശം എന്നിവയാണ് കര്‍ഷക ആത്മഹത്യക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍. എന്നാല്‍ കര്‍ഷകരുടെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളും പരിഹാരങ്ങളും കണ്ടെത്താൻ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട് എന്നല്ലാതെ മറ്റ് കാര്യവിവരങ്ങള്‍ ഒന്നുംതന്നെ അന്വേഷണ ചുമതലയുള്ള ജില്ലാതല കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ആത്മഹത്യാ വര്‍ധനവ് ശ്രദ്ധയില്‍പ്പെട്ടിട്ടു പോലും യാതൊരു പരിഹാര നടപടികളും കൈക്കൊള്ളാൻ തയ്യാറാകാത്ത മഹായുതി സർക്കാരിനെതിരെ രൂക്ഷവിമര്‍ശനവും ഉയരുന്നുണ്ട്. 2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കർഷകരുടെ വായ്പകൾ എഴുതിത്തള്ളുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ അത് പാലിച്ചില്ലെന്നും മുൻ ലോക്‌സഭാ എംപിയും കർഷക കൂട്ടായ്മയായ ഷേത്കാരി സംഘാതന്‍ നേതാവുമായ രാജു ഷെട്ടി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.