30 December 2025, Tuesday

Related news

December 29, 2025
December 29, 2025
December 28, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 24, 2025
December 24, 2025
December 24, 2025

ആണവോര്‍ജ മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം

റെജി കുര്യന്‍
ന്യൂഡല്‍ഹി
April 26, 2025 10:38 pm

ആണവോര്‍ജ മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം ലക്ഷ്യമിട്ട് മോഡി സര്‍ക്കാര്‍. ഇത് തന്ത്രപ്രധാനമായ ആണവ റിയാക്ടറുകളുടെ ഭരണ മേല്‍നോട്ടത്തില്‍ നിയന്ത്രണാധികാരം നല്‍കുമെന്നാണ് കേന്ദ്രം പറയുന്നത്. 2008ലെ ഇന്തോ-അമേരിക്കന്‍ ആണവ കരാറിന്റെ തുടര്‍ച്ചയായാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ആണവോര്‍ജ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന അമേരിക്കന്‍ കമ്പനികളെ സഹായിക്കാന്‍ രാജ്യത്തിന്റെ സുരക്ഷതന്നെ തുലാസിലാക്കുന്ന നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. ഊര്‍ജോല്പാദനത്തിന് കല്‍ക്കരി കുറച്ച് ആണവശക്തി വര്‍ധിപ്പിച്ച് കാര്‍ബണ്‍ വികിരണം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന വാദമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. ആണവ മേഖലയിലെ വിദേശ നിക്ഷേപ ചട്ടങ്ങളിലും ആണവോര്‍ജ കേന്ദ്രങ്ങളില്‍ അപകടം സംഭവിച്ചാല്‍ കേന്ദ്രങ്ങളുടെ നടത്തിപ്പുകാരോ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികളോ നഷ്ടപരിഹാരം നല്‍കണമെന്ന നിയമത്തിലും ഇളവുകള്‍ വരുത്തും. ജൂലൈയില്‍ ചേരുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ട നിയമ ഭേദഗതി കൊണ്ടു വന്നേക്കുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആണവോര്‍ജ മേഖലയില്‍ ആഭ്യന്തര നിക്ഷേപവും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്ത് വര്‍ധിച്ചുവരുന്ന ഊര്‍ജോപയോഗം പരിഗണിച്ച് 2047 ഓടെ 100 ജിഗാ വാട്ട് ആണവോര്‍ജ ഉല്പാദനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. ആണവോര്‍ജ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്നത് അമേരിക്കന്‍ കമ്പനികളാണ്. ജനറല്‍ ഇലക്ട്രിക്, വെസ്റ്റിങ് ഹൗസ് ഇലക്ട്രിക് തുടങ്ങിയ കമ്പനികള്‍ക്കാണ് ഈ മേഖലയില്‍ ആധിപത്യം. ഭോപ്പാല്‍ വിഷവാതക ദുരന്തത്തില്‍ അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡ് 470 ദശലക്ഷം ഡോളറാണ് നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നത്. വിഷവാതകം ശ്വസിച്ച് 5000 പേരാണ് മരണത്തിന് കീഴടങ്ങേണ്ടി വന്നത്. നിലവിലെ ഉക്രയ്‌നിന്റെ ഭാഗമായ ചെര്‍ണോബില്‍, ജപ്പാനിലെ ഫുക്കുഷിമ എന്നീ ആണവ ദുരന്തങ്ങളും എടുത്തു പറയേണ്ടവയാണ്. അമേരിക്കന്‍ കച്ചവട താല്പര്യ സംരക്ഷണം മോഡി സര്‍ക്കാരിന്റെ മുന്‍ഗണനാ അജണ്ടകളുടെ ഭാഗമായതിനാല്‍ ഇക്കാര്യത്തിലും പ്രതിപക്ഷ എതിര്‍പ്പ് സര്‍ക്കാര്‍ കാര്യമാക്കില്ലെന്നാണ് പൊതുവിലെ വിലയിരുത്തല്‍. ഇന്തോ-അമേരിക്കന്‍ ആണവ കരാറിനെ ഇടതുപക്ഷം എതിര്‍ക്കുകയും മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്തായിരുന്നു. പഹല്‍ഗാം തീവ്രവാദി അക്രമത്തോട് അമേരിക്ക നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യം കൂടി പരിഗണിച്ചാല്‍ മോഡി സര്‍ക്കാരിന്റെ വിദേശ നിക്ഷേപ മോഹങ്ങള്‍ രാജ്യത്തിന് വന്‍ വെല്ലുവിളിയാകും സൃഷ്ടിക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.