22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

പണരഹിത അപകട ചികിത്സയില്ല; കേന്ദ്രത്തിന് രൂക്ഷവിമര്‍ശനം

നിങ്ങള്‍ വലിയ ഹൈവേകള്‍ നിര്‍മ്മിക്കുന്നു;
അസൗകര്യത്താല്‍ ജനങ്ങള്‍ മരിച്ചുവീഴുന്നു 
Janayugom Webdesk
ന്യൂഡല്‍ഹി
April 28, 2025 10:40 pm

റോഡ് അപകടങ്ങളില്‍ ഇരയാകുന്നവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി ചട്ടക്കൂട് തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാരിനെ അതിനിശിതമായി വിമര്‍ശിച്ച് സുപ്രീം കോടതി. നിങ്ങള്‍ വലിയ ഹൈവേകള്‍ നിര്‍മ്മിക്കുന്നു. എന്നാല്‍ അസൗകര്യം മൂലം ജനങ്ങള്‍ മരിച്ചുവീഴുകയാണെന്ന് പരമോന്നത കോടതി തുറന്നടിച്ചു. റോഡപകടങ്ങളില്‍ പണരഹിത ചികിത്സ ഉറപ്പുവരുത്തുന്നതിന് മാര്‍ഗനിര്‍ദേശവും ചട്ടക്കൂടും തയ്യാറാക്കാന്‍ ജനുവരി എട്ടിന് കേന്ദ്ര സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദേശം പാലിക്കുകയോ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെടുകയോ ചെയ്യാത്തത് ഗുരുതര കൃത്യവിലോപമാണെന്ന് ജസ്റ്റിസ് അഭയ് എസ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

2022 ഏപ്രില്‍ ഒന്നിന് മൂന്ന് വര്‍ഷത്തേക്ക് മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 164 എ പ്രകാരം പണരഹിത ചികിത്സ ലഭ്യമാക്കണമെന്ന് വ്യക്തമാക്കിയിരുന്നു. വാഹനാപകടങ്ങളില്‍പ്പെടുന്നവരുടെ അവകാശികളുടെ സാഹചര്യം വിലയിരുത്തിയാണ് സെക്ഷന്‍ 164 എ രൂപീകരിച്ചത്. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഇതിനുള്ള ചട്ടക്കൂട് രൂപീകരിക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. നിരവധി തവണ ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വീഴ്ച വരുത്തി. കോടതിയെ അവഹേളിക്കുന്ന സമീപനമാണിത്. സമയം നീട്ടി നല്‍കാന്‍ നിങ്ങള്‍ ഇതുവരെ അഭ്യര്‍ത്ഥിച്ചിട്ടില്ല. എപ്പോഴാണ് പദ്ധതി രൂപീകരിക്കുന്നതെന്ന് കോടതിയോട് പറയണം. നിങ്ങളുടെ സ്വന്തം ചട്ടങ്ങളില്‍ നിങ്ങള്‍ക്ക് താല്പര്യമില്ല. ഇത് ക്ഷേമ വ്യവസ്ഥകളില്‍ ഒന്നാണ്. നിങ്ങള്‍ സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ബെഞ്ച് ഗതാഗത മന്ത്രാലയം സെക്രട്ടറിയോട് ആരാഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ കരട് പദ്ധതിയില്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി എതിര്‍പ്പുന്നയിച്ചതിനാലാണ് പദ്ധതി വൈകുന്നതെന്ന് ഗതാഗത സെക്രട്ടറി ബോധിപ്പിച്ചു. മേയ് ഒമ്പതിനകം വിജ്ഞാപനം ചെയ്ത പദ്ധതി രേഖ സമര്‍പ്പിക്കണമെന്നും കേസ് പരിഗണിക്കുന്ന 13ന് അന്തിമ വാദം കേള്‍ക്കുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.