23 December 2025, Tuesday

Related news

December 15, 2025
November 28, 2025
November 8, 2025
November 3, 2025
November 1, 2025
October 31, 2025
October 5, 2025
October 4, 2025
September 16, 2025
September 9, 2025

പത്മപ്രഭാ സാഹിത്യ പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന്

Janayugom Webdesk
കല്‍പ്പറ്റ
April 30, 2025 5:18 pm

ഈ വർഷത്തെ പത്മപ്രഭാ സാഹിത്യപുരസ്കാരത്തിന് യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റും കവിയും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അർഹനായി. കവി വി.മധുസൂദനൻ നായർ അധ്യക്ഷനും നിരൂപകൻ സുനിൽ പി ഇളയിടം, നോവലിസ്റ്റ് ആർരാജശ്രീ എന്നിവർ അംഗങ്ങളുമായ പുരസ്കാര നിർണയസമിതിയാണ് ലീലാകൃഷ്ണനെ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്തതെന്ന് പത്മപ്രഭാ സ്മാരകട്രസ്റ്റിന്റെ ചെയർമാന്‍ എം വി ശ്രേയംസ് കുമാര്‍ അറിയിച്ചു

എഴുപത്തയ്യായിരം രൂപയും പ്രശംസാപത്രവും പത്മരാഗക്കല്ലു പതിച്ച ശിൽപവും അടങ്ങുന്നതാണ് പത്മപ്രഭാ പുരസ്കാരം. പത്മപ്രഭാഗൗഡരുടെ സ്മരണയ്ക്കായി മകൻ എം പി വീരേന്ദ്രകുമാർ ഏർപ്പെടുത്തിയ സാഹിത്യ സമ്മാനമാണിത്. ആലങ്കോട് സുഗതകുമാരി പത്രാധിപരായിരിക്കേ തളിർ മാസികയിൽ തന്റെ പതിനൊന്നാം വയസ്സിൽ കവിത പ്രസിദ്ധീകരിച്ചുകൊണ്ടാണ് കാവ്യലോകത്ത് പ്രവേശിച്ചത്. സർഗപാരമ്പര്യത്തിന്റെയും കാവ്യപൈതൃകത്തിന്റേയും ഊർജങ്ങൾ സ്വാംശീകരിച്ചുകൊണ്ട്, താളബദ്ധവും വൃത്താനുസാരിയുമായ കവിതകളിലൂടെ യാണ് ലീലാകൃഷ്ണൻ ഭാഷയിൽ ചുവടുറപ്പിച്ചത്.

എഴുത്തിൽ അരനൂറ്റാണ്ടിന്റെ വിപുലമായ അനുഭവപരിചയങ്ങളുള്ള ഈ കവി തിരക്കഥാകൃത്തായും പ്രഭാഷകനായും സാംസ്കാരിക പ്രവർത്തകനായും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നാടോടിപ്പാട്ടുകൾ, ജനകീയ ഗാനങ്ങൾ, നാടൻശീലുകൾ, നാട്ടുതാളങ്ങൾ, നാട്ടറിവുകൾ തുടങ്ങിയവയിൽനിന്നെല്ലാം തോറ്റിയെടുത്ത ഭാവപ്രധാനമായ കവിതകളായാണ് ലീലാകൃഷ്ണന്റെ കാവ്യലീല പ്രകാശിക്കപ്പെടുന്നത്. സംസ്കൃതവൃത്തങ്ങളും ഭാഷാവൃത്തങ്ങളും ഒരുപോലെ അതിൽ നൃത്തം ചെയ്യുന്നു. നിലാസാധകം, ആലങ്കോടിന്റെ കവിതകൾ തുടങ്ങിയ കവിതാ സമാഹാരങ്ങൾ കൂടാതെ നിളയുടെ തീരങ്ങളിലൂടെ, പിയുടെ പ്രണയപാപങ്ങൾ, മനുഷ്യനെ തൊടുന്ന വാക്ക്, മനുഷ്യൻ സുന്ദരനാണ്, സഞ്ചാരിയുടെ വഴിയമ്പലങ്ങൾ തുടങ്ങിയ പഠനഗ്രന്ഥങ്ങളും ലീലാകൃഷ് ണന്റേതായുണ്ട്. പൊന്നാനിയിലെ ആലങ്കോട് ഗ്രാമത്തിൽ ബാലകൃഷ്ണൻ നമ്പ്യാരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി ജനിച്ച ഇദ്ദേഹം സൗത്ത് മലബാർ ഗ്രാമീണബാങ്കിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.