
സ്കൂൾ പാചക തൊഴിലാളികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ വിദ്യാഭ്യാസ‑തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ച ആശാവാഹമെന്ന് സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എഐടിയുസി) ജില്ലാ കമ്മിറ്റി. മിനിമം വേതന പരിധിയിൽ നിന്നും സ്കൂൾ പാചക തൊഴിലാളികളെ ഒഴിവാക്കിയ വിവാദ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കുന്നതായി മന്ത്രി യോഗത്തിൽ വ്യക്തമാക്കി. തൊഴിലാളികൾക്ക് യൂണിഫോം, ഏപ്രൻ, ക്യാപ് എന്നിവ ലഭ്യമാക്കുന്നതിന് വേണ്ട നിർദേശങ്ങൾ നൂൺമീൽ കമ്മിറ്റികൾക്ക് സർക്കാർ നൽകും. ബാങ്ക് അധികൃതരുമായി നടത്തുന്ന ചർച്ചക്ക് ശേഷം തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തും. ഹെൽത്ത് കാർഡ് വർഷത്തിലൊരിക്കൽ സമർപ്പിക്കാൻ അവസരമുണ്ടക്കണമെന്നും അതിന്റെ ചെലവ് സർക്കാർ വഹിക്കണമെന്നുമുള്ള ആവശ്യം ആരോഗ്യമന്ത്രിയുമായി കൂടിയാലോചിച്ച് നടപ്പിലാക്കും. തൊഴിലാളികളുടെ അധ്വാനഭാരം കുറക്കുന്നതിനായി 250 കുട്ടികൾക്ക് ഒരു തൊഴിലാളി, 500 കുട്ടികൾക്ക് അധികമായി ഒരു ഹെൽപ്പർ, 750 കുട്ടികൾക്ക് അധികമായി രണ്ടു ഹെൽപ്പർമാർ എന്ന ശുപാർശ സർക്കാർ പരിഗണിക്കും. ജൂൺ അവസാനത്തിൽ വീണ്ടും തൊഴിലാളി നേതാക്കളുമായി ചർച്ച നടത്തി മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാനും തീരുമാനമായി.
സ്കൂൾ പാചക തൊഴിലാളി യൂണിയനെ (എ ഐടി യു സി) പ്രതിനിധീകരിച്ച് ആർ സജിലാൽ, പി ജി മോഹനൻ, അനിത അപ്പുകുട്ടൻ, ആലീസ് തങ്കച്ചൻ എന്നിവരും സിഐടിയുവിനെ പ്രതിനിധീകരിച്ച് പി വി കുഞ്ഞികണ്ണൻ, ടി ദേവി എന്നിവരും ഐഎൻടിയുസിയെ പ്രതിനിധീകരിച്ച് വി ജെ ജോസഫ്, ഹബീബ് സേട്ട് എന്നിവരും തൊഴിൽ‑വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
സെക്രട്ടേറിയറ്റിന് മുമ്പിൽ സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എഐടിയുസി) നടത്തിയ രാപ്പകൽ അതിജീവന സമരത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി യോഗം വിളിച്ചു ചേർത്തതെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ രാജേന്ദ്രകുമാറും, ജനറൽ സെക്രട്ടറി ബി നസീറും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.