22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

ഇന്ത്യ പാകിസ്ഥാൻ വെടിനിർത്തലിന് ധാരണ; ഇരു രാജ്യങ്ങളും എല്ലാം ആക്രമണങ്ങളും അവസാനിപ്പിച്ചതായി വിക്രം മിശ്രി

മൂന്ന് ദിവസത്തെ സൈനിക നടപടികള്‍ക്ക് വിരാമം
ഇന്നലെ വൈകിട്ട് അഞ്ച് മുതല്‍ പ്രാബല്യത്തില്‍ 
യുഎസും സൗദിയും ഇടപെട്ടു
റെജി കുര്യന്‍
ന്യൂ‍ഡൽഹി
May 10, 2025 6:35 pm

മൂന്നുദിവസത്തെ ആക്രമണങ്ങള്‍ക്കൊടുവില്‍ ഇന്ത്യ‑പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍. കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്നലെ വൈകുന്നേരം വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയുടെയും പാകിസ്ഥാന്റെയും മിലിട്ടറി ഓപ്പറേഷന്റെ ഡയറക്ടര്‍ ജനറല്‍മാര്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 3.35ന് ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വൈകുന്നേരം അഞ്ച് മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലിന് തീരുമാനമായി. കര‑വ്യോമ‑നാവിക സേനകള്‍ക്ക് ഇരുരാജ്യങ്ങളുടെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ ബന്ധപ്പെട്ട നിര്‍ദേശം നല്‍കി. നാളെ ഉച്ചയ്ക്ക് 12ന് തുടര്‍ ചര്‍ച്ചകള്‍ക്കും തീരുമാനമായെന്ന പ്രസ്താവനയോടെ മിസ്രി വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. 

ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ 26 വിനോദ സഞ്ചാരികളെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതോടെയാണ് ഇന്ത്യാ-പാക് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും തീവ്രവാദി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ തിരിച്ചടി തുടങ്ങിയത് മേയ് ഏഴിനാണ്. തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായി.
ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇന്ത്യക്ക് നേരെ ഇനിയൊരു തീവ്രവാദി ആക്രമണമുണ്ടായാല്‍ അത് യുദ്ധമായി കണക്കാക്കുമെന്ന തീരുമാനമുണ്ടായി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സംയുക്ത സേനാ തലവന്‍ അനില്‍ ചൗഹാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മറ്റ് സേനാ തലവന്മാര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനിന്ന സംഘര്‍ഷം യുദ്ധം എന്ന പ്രഖ്യാപനമുണ്ടായില്ലെങ്കിലും അത്തരത്തിലായിരുന്നു. തങ്ങള്‍ ലക്ഷ്യം വച്ചത് തീവ്രവാദി കേന്ദ്രങ്ങളായിരുന്നെന്നും പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായ പ്രകോപനങ്ങളാണ് കാര്യങ്ങള്‍ വഷളാക്കിയെന്നും അന്താരാഷ്ട്ര സമൂഹത്തെ ബോധിപ്പിക്കാന്‍ ഇന്ത്യക്കായി.

സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സൗദി വിദേശകാര്യ സഹമന്ത്രി അദല്‍ അല്‍ ജുബൈര്‍ മുന്‍ പ്രഖ്യാപനമില്ലാതെ വ്യാഴാഴ്ച ഇന്ത്യയിലെത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെള്ളിയാഴ്ച പാകിസ്ഥാനില്‍ എത്തിയും ചര്‍ച്ചകള്‍ നടത്തി. സമവായ ശ്രമങ്ങള്‍ക്കാണ് സൗദി ഇത്തരമൊരു നീക്കം നടത്തിയത്. ആണവ പോര്‍മുനയുള്ള രാജ്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ അന്താരാഷ്ട്ര തലത്തില്‍ ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു. യുഎസ് ആഭ്യന്തര സെക്രട്ടറി മാര്‍ക്ക് റൂബീയോ സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇന്ത്യയും പാകിസ്ഥാനുമായി പ്രതിദിനം ചര്‍ച്ച നടത്തിയിരുന്നു.
അന്താരാഷ്ട്ര തീവ്രവാദ സംഘടനകളായ ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്ഷ് ഇ മുഹമ്മദ് എന്നിവയുടെ പരിശീലന കേന്ദ്രങ്ങളിലും ആസ്ഥാനങ്ങളിലും ഇന്ത്യന്‍ പ്രതിരോധസേന തീ വര്‍ഷിച്ചത് പാകിസ്ഥാന് കനത്ത തിരിച്ചടിയായി. ഇന്ത്യ നോട്ടമിട്ട പല തീവ്രവാദികളെയും ഇല്ലാതാക്കി. ബലൂചിസ്ഥാന്‍ രാജ്യ രൂപീകരണത്തിന് നടത്തുന്ന വിമത നീക്കങ്ങള്‍ക്കും ഇന്ത്യ‑പാക് സംഘര്‍ഷം എണ്ണ പകര്‍ന്നു. മൂന്നു ദിവസംകൊണ്ട് പാകിസ്ഥാന് ആഭ്യന്തരമായും സാമ്പത്തികമായും അന്താരാഷ്ട്ര തലത്തിലും തിരിച്ചടികളേല്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.