
പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ അറിയിക്കാനുള്ള ഹെല്‍പ്പ്‍ ലെെന്‍ നമ്പറില്‍ ഇതുവരെ ലഭിച്ചത് ആറരലക്ഷത്തിലധികം കോളുകള്‍. ഇതില്‍ പകുതിയിലധികവും ഉത്തര്‍പ്രദേശില്‍ നിന്നാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. പരാതികളില്‍ 7,135 എണ്ണം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. അതില്‍ 4,314 എണ്ണം പരിഹരിച്ചു. പട്ടികജാതി-പട്ടികവര്‍ഗ സമൂഹങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചത്. നിയമം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ 24 മണിക്കൂറും ഇത്പ്രവര്‍ത്തിക്കുന്നു. ആക്രമണം, സാമൂഹ്യ ബഹിഷ്കരണം, ജാതി അടിസ്ഥാനമാക്കിയ ദുരുപയോഗം, ഭൂമികയ്യേറ്റം, പൊതുയിടങ്ങളിലേക്ക് പ്രവേശനം നിഷേധിക്കല്‍ തുടങ്ങിയ പരാതികളാണ് ഉള്‍പ്പെടുന്നത്.
ഹെല്‍പ്പ് ലൈനില്‍ ലഭിക്കുന്ന കോളുകളില്‍ ഭൂരിപക്ഷവും അന്വേഷണങ്ങള്‍, നിയമ മാര്‍ഗനിര്‍ദേശത്തിനായുള്ള അഭ്യര്‍ത്ഥനകള്‍ അല്ലെങ്കില്‍ പരാതികളായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത സംഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. എസ്‍സി/എസ്‌ടി നിയമപ്രകാരമുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ടതും നിയമനടപടികള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ കോളുകള്‍ മാത്രമേ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മാത്രം 3,33,516 കോളുകള്‍ ലഭിച്ചു. അതില്‍ 1,825 എണ്ണം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. 1,515 എണ്ണം പരിഹരിച്ചെന്ന് സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം അറിയിച്ചു. 58,112 കോളുകളുമായി ബിഹാര്‍ തൊട്ടുപിന്നിലാണ്. രജിസ്റ്റര്‍ ചെയ്ത 718 പരാതികളില്‍ 707 എണ്ണം പരിഹരിച്ചു. രാജസ്ഥാനില്‍ 38,570 കോളുകള്‍ ലഭിച്ചതില്‍ 750 പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തു. 506 എണ്ണം പരിഹരിച്ചു. മഹാരാഷ്ട്രയില്‍ 268 പരാതികള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും പരിഹാരമായില്ല. ഗോവയില്‍ ആകെയുള്ള ഒരു പരാതി പരിഹരിച്ചില്ല. മധ്യപ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളിലും പരാതികള്‍ ഗണ്യമായ തോതില്‍ ലഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.