
വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിൽ പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നത് ആവർത്തിക്കാൻ സ്വകാര്യ കാറ്ററിങ് സ്ഥാപനത്തിന് ബലമാകുന്നത് അധികൃതരുടെ മൃദുസമീപനം. വീഴ്ച കണ്ടെത്തിയാൽ പിഴയീടാക്കുന്നതിലേക്ക് മാത്രമായി മേൽനടപടികൾ ഒതുക്കുന്നതാണ് കരാറുകാരുടെ കാര്യത്തിൽ റെയില്‍വേ പിന്തുടരുന്ന പതിവ് ശൈലി. ട്രെയിനുകളിലെ ആരോഗ്യ മാനദണ്ഡങ്ങൾ ലംഘിക്കുന്ന കാറ്ററിങ് കരാറുകാരെ നിരോധിക്കാനും അവരുമായുള്ള കരാർ റദ്ദാക്കാനും റെയില്‍വേ തയ്യാറാകണമെന്ന ആവശ്യം ജനപ്രതിനിധികളിൽ നിന്നടക്കം, പഴകിയ ഭക്ഷണം കൊച്ചിയിൽ പിടിയിലായ സംഭവത്തിന് പിന്നാലെ ശക്തമായി ഉയർന്നു കഴിഞ്ഞു. ട്രെയിനുകളിലെ വിതരണത്തിനായി ഭക്ഷണം തയ്യാറാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളാകെ ലംഘിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നതെന്ന വിവരമാണ് പുറത്തു വരുന്നത്. ഇപ്പോൾ കൊച്ചി നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പിടിയിലായ സ്വകാര്യ കാറ്ററിങ് കമ്പനി ഇതേ കുറ്റത്തിന് നേരത്തേയും റെയില്‍വേയുടെ പിഴ വാങ്ങിയിട്ടുള്ളവരാണ്.
ദക്ഷിണ റെയില്‍വേയിലെ വന്ദേ ഭാരത് ട്രെയിനുകളിലെ ഭക്ഷണ നിയന്ത്രണം ഇന്ത്യൻ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോർപറേഷന്റെ (ഐആർസിടിസി) ചുമതലയിലായിരുന്നപ്പോഴും പരാതി ശക്തമായിരുന്നു. അങ്ങനെയാണ്, ഡൽഹി ആസ്ഥാനമാക്കി പല ശാഖകളും പല പേരുകളുമായി പ്രവർത്തിക്കുന്ന സ്വകാര്യ കാറ്ററിങ് സ്ഥാപനത്തിന്റെ വരവ്. ഇതോടെ, നിബന്ധകളൊന്നും ബാധകമല്ലാതെയായി. പരിശോധനയ്ക്ക് ചുമതലപ്പെട്ട വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും അലംഭാവത്തിലായി. പല ശാഖകളുള്ളതിനാൽ ഒന്നിനെതിരെ നടപടി വന്നാലും അധികൃതരുടെ ഒത്താശയോടെ അടുത്ത ശാഖ പകരമെത്തുകയും ചെയ്യും. തീവണ്ടികളിൽ യാത്ര ചെയ്യുന്നവരുടെ ഭക്ഷണ സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യത റെയില്‍വേക്കുണ്ട്.
ഇക്കാര്യത്തിൽ സർക്കാരിലുള്ള യാത്രക്കാരുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്താണ് കാറ്ററിങ് സേവനം സ്വകാര്യ കരാറുകാരെ ഏല്പിച്ചിരിക്കുന്നത്. റെയില്‍വേ സംവിധാനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നയമാണ് ഇത്തരം സാഹചര്യം ക്ഷണിച്ചു വരുത്തുന്നതെന്ന് സംസ്ഥാന ജനകീയ പ്രതിരോധ സമിതി നേതാക്കളായ പ്രൊഫ. കെ അരവിന്ദാക്ഷൻ, സി ആർ നീലകണ്ഠൻ, പ്രൊഫ. എം പി മത്തായി തുടങ്ങിയവർ കുറ്റപ്പെടുത്തി. വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിലെ ഭക്ഷണത്തെക്കുറിച്ച് വ്യാപക പരാതിയുണ്ടെങ്കിലും ഫലപ്രദമായ നടപടിയുണ്ടാകുന്നില്ല. ഗുണനിലവാരമുള്ള ഭക്ഷണം യാത്രക്കാർക്ക് നൽകാൻ നടപടിയില്ല. എന്തെങ്കിലും കുറ്റം കണ്ടെത്തിയാൽ പിഴയടച്ച ശേഷം കരാർ കമ്പനിക്ക് ആ കുറ്റം വീണ്ടും തുടരാമെന്നതാണ് സ്ഥിതിയെന്ന് യാത്രക്കാരുടെ സംഘടനകൾ ആരോപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.