14 January 2026, Wednesday

Related news

January 14, 2026
January 13, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 9, 2026
January 7, 2026
January 6, 2026
January 6, 2026

കയറ്റുമതി തളരും; യുഎസിന്റെ താരിഫ് നയം പ്രതിസന്ധി

Janayugom Webdesk
മുംബൈ
May 19, 2025 10:33 pm

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളിയായി കയറ്റുമതിയിലെ ഇടിവ്. വ്യാപാര കമ്മി ജിഡിപിയുടെ 1.2 ശതമാനമായി ഉയരുമെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. വ്യാപാര പങ്കാളികൾക്ക് മേൽ പരസ്‌പര താരിഫുകൾ ഏർപ്പെടുത്താനുള്ള യുഎസിന്റെ നയമാണ് കയറ്റുമതി മേഖലയ്ക്ക് പ്രതിസന്ധിയായി മാറിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇറക്കുമതി വര്‍ധിച്ചതും എണ്ണ‑സ്വര്‍ണ ഇതര വ്യാപാര കമ്മിയിലെ കുതിച്ചുചാട്ടവും വെല്ലുവിളിയാണ്. ഇത് രാജ്യത്തെ ചരക്ക് വ്യാപാര കമ്മിയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാക്കിയെന്നും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 സാമ്പത്തിക വർഷത്തിൽ 0.9 ശതമാനമായിരുന്ന ഇന്ത്യയുടെ വ്യാപാര കമ്മി 2026 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 1.2 ശതമാനമായി ഉയരുമെന്നാണ് പ്രവചനം.

അമേരിക്ക ഏര്‍പ്പെടുത്തുന്ന താരിഫുകളിൽ 90 ദിവസത്തേക്ക് ഇളവ് നല്‍കിയിരുന്നുവെങ്കിലും, ഭാവിയില്‍ ഇനിയും താരിഫുകള്‍ ചുമത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇന്ത്യൻ കയറ്റുമതി സാധ്യതയെ ഇത് സാരമായി ബാധിക്കും. ഏപ്രിലില്‍ വ്യാപാര കമ്മി 26.42 ബില്യണ്‍ യുഎസ് ഡോളറായി. മാര്‍ച്ചിലെ 21.54 ബില്യൺ ഡോളറില്‍ നിന്നാണ് ഈ മുന്നേറ്റം. കഴിഞ്ഞ മാസം ഇറക്കുമതി 11 ശതമാനം ഉയര്‍ന്ന് 6,351 കോടി ഡോളറായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. മുന്‍മാസത്തെ അപേക്ഷിച്ച് ഇറക്കുമതി 1.4 ബില്യൺ യുഎസ് ഡോളർ വർധിച്ചപ്പോൾ കയറ്റുമതി 3.5 ബില്യൺ യുഎസ് ഡോളർ കുറഞ്ഞു.
വ്യാപാര മേഖലയിൽ മുൻ മാസത്തെ അപേക്ഷിച്ച് 2025 ഏപ്രിലിൽ എണ്ണയ്ക്കും‌ സ്വർണത്തിനും വ്യാപാര കമ്മി കുറഞ്ഞിരുന്നു. ഇത് വ്യാപാര കമ്മിയിലെ കുത്തനെയുള്ള വർധനവ് നികത്തി. പ്രതിമാസം ഏകദേശം മൂന്നിരട്ടിയായി. എണ്ണയുടെയും സ്വർണത്തിന്റെയും കമ്മി കുറഞ്ഞുവരികയാണെങ്കിലും രാസവസ്‌തുക്കൾ, യന്ത്രങ്ങൾ, ഇലക്‌ട്രോണിക്‌സ് എന്നിവയുടെ ഇറക്കുമതിയില്‍ കുതിച്ചുചാട്ടമുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ഉല്പന്നമായി സ്മാര്‍ട്ട്ഫോണ്‍ മാറി. പെട്രോളിയം ഉല്പന്നങ്ങള്‍, വജ്രങ്ങള്‍ തുടങ്ങിയ പരമ്പരാഗത ചരക്കുകളെ മറികടന്നാണ് നേട്ടം. ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഏകദേശം അഞ്ച് മടങ്ങും ജപ്പാനിലേക്ക് ഏകദേശം നാല് മടങ്ങും കൂടി. 2023–24ല്‍ 15.57 ബില്യണ്‍ ഡോളറും 2022–23ല്‍ 10.96 ബില്യണ്‍ ഡോളറും ആയിരുന്ന സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 2024–25ല്‍ 55 ശതമാനം ഉയര്‍ന്ന് 24.14 ബില്യണ്‍ ഡോളറായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ചെയ്ത അഞ്ച് രാജ്യങ്ങള്‍ യുഎസ്, നെതര്‍ലാന്‍ഡ്സ്, ഇറ്റലി, ജപ്പാന്‍, ചെക്ക് റിപ്പബ്ലിക് എന്നിവയാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.