17 December 2025, Wednesday

Related news

November 30, 2025
October 11, 2025
September 28, 2025
September 12, 2025
September 11, 2025
August 27, 2025
July 27, 2025
July 18, 2025
July 15, 2025
July 2, 2025

കേന്ദ്രീയ‑നവോദയ വിദ്യാലയങ്ങളില്‍ അധ്യാപകരില്ല; ഫണ്ടും പാഴാക്കി

11,400 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു 
ആശങ്ക രേഖപ്പെടുത്തി പാര്‍ലമെന്ററി സമിതി
Janayugom Webdesk
ന്യൂഡല്‍ഹി
May 22, 2025 9:27 pm

രാജ്യത്തെ കേന്ദ്രീയ‑നവോദയ വിദ്യാലയങ്ങളില്‍ 11,400 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. കേന്ദ്രീയ‑നവോദയ വിദ്യാലയങ്ങള്‍ക്കായി നീക്കിവച്ച ഫണ്ടും യഥാസമയം ചെലവഴിക്കാതെ പാഴാക്കിയെന്ന് സ്ത്രീകള്‍, കുട്ടികള്‍, വിദ്യാഭ്യാസം, കായിക മന്ത്രാലയം പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.
കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് കേന്ദ്രീയ വിദ്യാലയങ്ങളില്‍ (കെവി) 8,900ത്തിലധികം അധ്യാപക-അനധ്യാപക തസ്തികകളാണ് നികത്താതെ കിടക്കുന്നത്. ഇതില്‍ 7,400 അധ്യാപക തസ്തികകളാണ്. ജവഹര്‍ നവോദായ വിദ്യാലയങ്ങളില്‍ 6,800 തസ്തികകളിലാണ് ആളില്ലാത്തത്. പ്രിന്‍സിപ്പാള്‍-വൈസ് പ്രിന്‍സിപ്പാള്‍ തസ്തികകളും ഉള്‍പ്പെടും. കേന്ദ്രീയ വിദ്യാലയ സംഘാതന് (കെവിഎസ്) 2024–25 ല്‍ 9,302 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് ഇത് 8,727 കോടിയായി വര്‍ധിപ്പിച്ചു. എന്നാല്‍ 8,105 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. 620 കോടിയിലധികം രൂപ ചെലവഴിക്കാതെ പാഴാക്കിയെന്ന് പാര്‍ലമെന്ററി സമിതി കണ്ടെത്തി. 

ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ക്കായി 2025 സാമ്പത്തികവര്‍ഷം 5,800 കോടിയാണ് നീക്കിവച്ചത്. 2026 സാമ്പത്തിക വര്‍ഷം ബജറ്റ് വിഹിതം 5,305 കോടിയായി വെട്ടിക്കുറച്ചതില്‍ സമിതി ആശങ്ക രേഖപ്പെടുത്തി. 1962ല്‍ നഗരങ്ങളിലെ സൈനിക‑കേന്ദ്ര ഉദ്യോഗസ്ഥരുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ചതാണ് കേന്ദ്രീയ വിദ്യാലയങ്ങള്‍. കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് ആകെയുള്ള 1,256 വിദ്യാലയങ്ങളില്‍ 13.56 ലക്ഷം വിദ്യാര്‍ത്ഥികളാണ് പഠനം നടത്തുന്നത്. ഗ്രാമീണ മേഖലകളില്‍ സാമ്പത്തിക‑സാമൂഹ്യ സ്ഥിതി പരിഗണിക്കാതെ റസിഡന്‍ഷ്യല്‍ സംവിധാനത്തോടെ ആരംഭിച്ച 689 നവോദയ വിദ്യാലയങ്ങളില്‍ 653 എണ്ണം മാത്രമാണ് പ്രവര്‍ത്തനക്ഷമം. 6,800 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. അനുവദിച്ച ആകെ തസ്തികകളുടെ ഏകദേശം 25 ശതമാനത്തോളം വരും. ഡ്രൈവര്‍, സ്വീപ്പര്‍ കം ചൗക്കിദാര്‍, ചൗക്കിദാര്‍ തസ്തികളില്‍ കരാര്‍ നിയമനമാണ് നടന്നുവരുന്നത്.
കേന്ദ്രീയ‑നവോദയാ വിദ്യാലയങ്ങളില്‍ ഇത്രയധികം ഒഴിവുകള്‍ നികത്താതെ അവശേഷിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് വിദ്യാഭ്യാസ വിദഗ്ധ മിത്ര രഞ്ജന്‍ പ്രതികരിച്ചു. ഉന്നതനിലവാരമുള്ള വിദ്യാലയങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റ് വിദ്യാലയങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചു. ഫണ്ടുകള്‍ വെട്ടിക്കുറച്ചും, അനുവദിച്ച ഫണ്ട് പാഴാക്കിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന വഴിവിട്ട പോക്കില്‍ പാര്‍ലമെന്ററി സമിതിയും ആശങ്ക രേഖപ്പെടുത്തി.

Kerala State - Students Savings Scheme

TOP NEWS

December 17, 2025
December 17, 2025
December 17, 2025
December 17, 2025
December 17, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.