
ഷെങ്കൻ വിസ നിരസിക്കപ്പെട്ടതിലൂടെ 2024ൽ ഇന്ത്യക്കാർക്ക് നഷ്ടമായത് 136 കോടി രൂപ. 2024ൽ മാത്രം 1.65 ലക്ഷം ഇന്ത്യക്കാരുടെ അപേക്ഷകൾ നിരസിക്കപ്പെട്ടതായി കോണ്ടെ നാസ്റ്റ് ട്രാവലർ റിപ്പോർട്ട് ചെയ്തു. യൂറോപ്യൻ കമ്മിഷന്റെ കണക്ക് അനുസരിച്ച് നിരസിക്കപ്പെട്ടത് 15 ശതമാനം അപേക്ഷകൾ ആണ്. ഫ്രാൻസാണ് കൂടുതൽ അപേക്ഷകൾ നിരസിച്ചത്. ഏറ്റവും കൂടുതൽ അപേക്ഷകൾ നിരസിക്കപ്പെട്ടത് അൾജീരിയ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടേതാണ്. അള്‍ജീരിയയുടെ നഷ്ടം 153 കോടി രൂപയാണ്. തുർക്കി (140.6 കോടി), മൊറോക്കക്കാർ (95.7 കോടി), ചൈന (66.7 കോടി) എന്നിങ്ങനെയാണ് മറ്റ് നഷ്ട കണക്കുകള്‍.
കോണ്ടെ നാസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ നിന്ന് കഴിഞ്ഞ വർഷം സമർപ്പിച്ചതിൽ 5.91 ലക്ഷം അപേക്ഷകൾ അംഗീകരിക്കുകയും 1.65 ലക്ഷം അപേക്ഷകൾ നിരസിക്കുകയും ചെയ്തു. 2024ൽ ആകെ നിരസിക്കപ്പെട്ട ഷെങ്കൻ വിസ അപേക്ഷകളുടെ എണ്ണം 17 ലക്ഷം കവിഞ്ഞു. ഫീസ് ഇനത്തിൽ 1410 കോടി രൂപയാണ് ലഭിച്ചത്. അതിൽ 136.6 കോടി രൂപ ഇന്ത്യക്കാരുടേതാണ്. അപേക്ഷ തള്ളിയാലും ഫീസ് തിരിച്ചുനല്‍കില്ലെന്നാണ് വ്യവസ്ഥ. 12 വയസിന് മുകളിൽ പ്രായമുള്ള ഇന്ത്യൻ അപേക്ഷകർക്ക് അപേക്ഷാ ചെലവ് 80 യൂറോയിൽ (ഏകദേശം 7746 രൂപ) നിന്ന് 90 യൂറോ (ഏകദേശം 8714 രൂപ) ആയി വർധിപ്പിക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ വിസകളിൽ ഭൂരിഭാഗവും നിരസിച്ചത് ഫ്രാൻസാണ്. 31,314 അപേക്ഷകൾ. ഇതിനുപുറമെ സ്വിറ്റ്സർലൻഡ് 26,126 അപേക്ഷകളും ജർമ്മനി 15,806ഉം സ്പെയിൻ 15,150ഉം നെതർലാൻഡ്‌സ് 14,569 അപേക്ഷകളും നിരസിച്ചു. യൂറോപ്യന്‍ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒറ്റ വിസയാണ് ഷെങ്കന്‍ വിസ. ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, ഡെന്മാര്‍ക്ക്, ഓസ്ട്രിയ, ബെല്‍ജിയം, ക്രൊയേഷ്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, നേര്‍വെ, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, ചെക് റിപ്പബ്ലിക്ക, ഗ്രീസ്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ഐസ്‌ലാന്‍ഡ്, ലാത്വിയ, ലിച്ചന്‍സ്‌റ്റൈന്‍, ലിത്വാനിയ, മാള്‍ട്ട തുടങ്ങി 27 രാജ്യങ്ങളിലാണ് ഷെങ്കന്‍ വിസ നിലവിലുള്ളത്. അപേക്ഷ നിരസിക്കൽ നിരക്ക് കൂടിയതും സാമ്പത്തിക നഷ്ടവും ട്രാവൽ ഏജൻസികളെയും യാത്രക്കാരെയും ഒരുപോലെ ആശങ്കയിലാക്കുന്നു. ഇത് ടൂറിസം, ബിസിനസുകൾ, അക്കാദമിക് അവസരങ്ങൾ എന്നിവയെയും ബാധിക്കുന്നു. 2023ൽ നിരസിക്കപ്പെട്ട വിസ അപേക്ഷകളിൽ നിന്നുള്ള ഫീസ് വഴി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് 130 ദശലക്ഷം യൂറോ അഥവാ 1,181 കോടി രൂപ ലഭിച്ചു. ഇതില്‍ 90 ശതമാനവും ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളില്‍ നിന്നുള്ളതാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.