
സംസ്ഥാനത്ത് നാശം വിതച്ച് കാലവര്‍ഷം തിമിര്‍ത്ത് പെയ്യുന്നു. വെള്ളിയാഴ്ച ആരംഭിച്ച മഴപ്പെയ്ത്ത് തുടരുകയാണ്. ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാപക മഴയാണ് ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരുന്നുവെങ്കിലും രാവിലെ മുതല്‍ ശക്തമായ മഴ പെയ്തു.
അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഇന്നും റെഡ് അലർട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അതി ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാന സാഹചര്യം ആണ്. തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴ കനത്തതോടെ സംസ്ഥാനത്ത് 14 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ക്യാമ്പുകളില്‍ 71 കുടുംബങ്ങളിലെ 240 പേരെ മാറ്റിപ്പാര്‍പ്പിച്ചു. എല്ലാ ജില്ലയിലും താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്.
മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. സംസ്ഥാനത്ത് ശക്തമായ മഴയിലും കാറ്റിലും മൂന്ന് ദിവസത്തിനിടെ 4453.71 ഹെക്ടര്‍ കൃഷി നശിച്ചതായി കൃഷി വകുപ്പ് അറിയിച്ചു. 25,729 കര്‍ഷകരെ മഴ ബാധിച്ചു. 96.73 കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
മറാത്തവാഡയ്ക്ക് മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നുണ്ട്. ഇന്ന് മധ്യ പടിഞ്ഞാറൻ — വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതിനാല്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറയിച്ചു.
കേരള തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ആലപ്പാട് മുതൽ ഇടവ വരെയും, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും എറണാകുളം മുനമ്പം മുതൽ മറുവക്കാട് വരെയും, തൃശൂർ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും, മലപ്പുറം കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെയും, കോഴിക്കോട് ചോമ്പാല മുതൽ രാമനാട്ടുകര വരെയും, കണ്ണൂർ വളപട്ടണം മുതൽ ന്യൂമാഹി വരെയും കാസര്‍കോട് കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.