29 December 2025, Monday

Related news

December 24, 2025
December 23, 2025
December 23, 2025
December 17, 2025
December 16, 2025
December 13, 2025
December 9, 2025
November 12, 2025
November 10, 2025
November 8, 2025

കൊച്ചിയിലേത് ഇന്ത്യൻ തീരത്തെ ഏറ്റവും വലിയ അപകടം

Janayugom Webdesk
കൊച്ചി
May 28, 2025 10:06 pm

ഇന്ത്യൻ തീരത്ത് നടന്ന ഏറ്റവും വലിയ കപ്പൽ അപകടമാണ് കേരള തീരത്ത് നിന്ന് 13 നോട്ടിക്കൽ മൈൽ അകലെ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എം എസ് സി എൽസ 3 മുങ്ങിയ സംഭവമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്. അപകടകാരണം വിശദമായി അന്വേഷിച്ചുവരികയാണെന്നും സാങ്കേതിക തകരാറെന്നാണ് പ്രാഥമിക നിഗമനമെന്നും ഡയറക്ടര്‍ ജനറൽ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അപകടത്തിന് പിന്നിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല. ഇന്ധന വ്യാപനം തടയുന്നതിനാണ് പ്രഥമ പരിഗണന. ബാലന്‍സ് മാനേജ്മെന്റ് സംവിധാനത്തിലെ പാളിച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കപ്പലിന് സാങ്കേതിക തകരാർ സംഭവിച്ചതുമാകാം. കപ്പലിന്റെ ബാലന്‍സ് ഉറപ്പാക്കുന്ന സംവിധാനത്തിലെ പാളിച്ചയാണോയെന്നതടക്കം പരിശോധിക്കും. ഇതിലെ വാൽവുകൾക്ക് തകരാർ സംഭവിച്ചിരുന്നോയെന്നും പരിശോധിക്കേണ്ടതുണ്ട്. മുങ്ങിയ കപ്പൽ എല്ലാ രാജ്യാന്തര മാനദണ്ഡങ്ങളും അനുസരിച്ച് തന്നെയാണ് പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പരിസ്ഥിതി സംരക്ഷണത്തിനും ചരക്കുകള്‍ വീണ്ടെടുക്കുന്നതിനും കപ്പല്‍ ഉയര്‍ത്തുന്നതിനും വിപുലമായ സന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശുചികരണത്തിനും തെരച്ചിലിനുമായി കമ്പനി സാല്‍വേജ് ടീം ഏര്‍പ്പെടുത്തിയ 108 അംഗ സംഘത്തിന് പുറമെ പാരിസ്ഥിതികാഘാതം തടയാന്‍ എംഇആര്‍സിയുടെ 38 അംഗ സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. സാല്‍വേജ് മാസ്റ്റേഴ്സ്, കെമിസ്റ്റ്, ഡൈവ് ടീം, നേവല്‍ ആര്‍ക്കിടെക്റ്റ്, സൈഡ് സ്‌കാന്‍ ടീം, ഓയില്‍ സ്പില്‍ സ്‌പെഷ്യലിസ്റ്റ്, ഡ്രോണ്‍ ടീം എന്നിവരടങ്ങുന്നതാണ് സംഘം. ഇതിനു പുറമെ തിരുവനന്തപുരത്ത് എട്ട്, ആലപ്പുഴയില്‍ നാല്, കൊല്ലത്ത് 15 പേര്‍ വീതമടങ്ങുന്ന സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഐസിജി സമുദ്ര പ്രഹരി, ഇടിവി വാട്ടർ ലിലി, ഐസിജി ഡോണിയർ, ഇന്ത്യൻ തീരരക്ഷാ സേനയുടെ മൂന്ന് കപ്പലുകൾ എന്നിവയാണ് രക്ഷാദൗത്യത്തിൽ പ്രധാനമായും പങ്കാളികളാകുന്നത്. നാല് ബൊള്ളാര്‍ഡ് പുള്‍ ടഗ്ഗുകള്‍, അഞ്ച് കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഹൈ റേഞ്ച് ഡ്രോണ്‍ നിരീക്ഷണം, അണ്ടര്‍ വാട്ടര്‍ സ്‌കാനിങ്, മാപ്പിങ്, ഓയില്‍ സ്പില്‍ റെസ്‌പോണ്‍സ് സംവിധാനം, ഫ്യുവല്‍ റിക്കവറി ആന്റ് ഹോട്ട് ടാപ്പിങ് സംവിധാനം, മറൈന്‍ ഡൈവിങ് ഗിയര്‍ എന്നിവയും വിന്യസിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.