24 December 2025, Wednesday

Related news

November 26, 2025
November 9, 2025
August 27, 2025
August 21, 2025
August 9, 2025
July 28, 2025
July 28, 2025
July 26, 2025
July 21, 2025
July 20, 2025

ഓപ്പറേഷന്‍ സിന്ദൂര്‍ വ്യാജ വാര്‍ത്ത: മുഖ്യധാര മാധ്യമങ്ങളെ തൊടാതെ കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
June 1, 2025 9:16 pm

ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ വ്യാജവാര്‍ത്തകളും നുണപ്രചരണവും നടത്തിയ മുഖ്യധാര മാധ്യമങ്ങളെ അവഗണിച്ച് വസ്തുതാ പരിശോധന നടത്തി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി). മേയ് ഏഴിനും പതിനാറുനുമിടയില്‍ 68 ഫാക്ട് ചെക്കുകളാണ് പിഐബി നടത്തിയത്. ഇതില്‍ എന്‍ഡിടിവി അടക്കമുള്ള ബിജെപി അനുകൂല മുഖ്യധാര മാധ്യമങ്ങളുടെ വ്യാജ വാര്‍ത്തകളാണ് പിഐബി ഫാക്ട് ചെയ്യാതെ വിട്ടത്. മേയ് ഏഴിന് പുലര്‍ച്ചെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മിസൈല്‍ വര്‍ഷിച്ചും ഡ്രോണ്‍ ആക്രമണം നടത്തിയും ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ നശിപ്പിച്ചു. തൊട്ടുപിന്നാലെ പാക് സൈന്യം ജമ്മുകശ്മീരില്‍ ഷെല്ലാക്രമണം നടത്തി 21 സാധാരണ പൗരന്‍മാരെ വകവരുത്തിയിരുന്നു. മേയ് പത്തിനാണ് ഇരുരാജ്യങ്ങളും ഔദ്യോഗികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ആക്രമണം കൊടുമ്പിരിക്കൊണ്ട അവസരത്തില്‍ ബിജെപി അനുകൂല മുഖ്യധാര മാധ്യമങ്ങള്‍ നിരവധി വ്യാജ വാര്‍ത്തകളും നുണ പ്രചരണങ്ങളും അഴിച്ച് വിട്ടിരുന്നു. എന്നാല്‍ പിഐബി ഫാക്ട് ചെക്ക് നടത്തിയ വാര്‍ത്തകളില്‍ ആള്‍ട്ട് ന്യൂസ് നടത്തിയ പരിശോധനയിലാണ് പിഐബി ബിജെപി അനുകൂല മാധ്യമങ്ങളെ സംരക്ഷിച്ചതെന്ന് വെളിവാക്കപ്പെട്ടിരിക്കുന്നത്. 

ടൈംസ് നൗ, ആജ്തക്, എബിപി ന്യൂസ് , സീ ന്യൂസ്, ന്യൂസ് 18, ബിസിനന്‍സ് ട്യൂഡെ, വണ്‍ ഇന്ത്, ഇന്ത്യ ടിവി, ടി വി നയണ്‍ , ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്, ദി സ്റ്റേറ്റ്മാന്‍, ഫസ്റ്റ് പോസ്റ്റ് എന്നിവ സൃഷ്ടിച്ച വ്യാജ വാര്‍ത്തകളാണ് പിഐബി കാണാതെ പോയത്. എന്നാല്‍ ആള്‍ട്ട് ന്യൂസ് , ബൂം ലൈവ്, ദി ക്വിന്റ് അടക്കമുള്ള സ്വതന്ത്ര മാധ്യമങ്ങളെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചുവെന്ന് ആരോപിച്ച് പിഐബി വസ്തുതാ പരിശോധനക്ക് വിധേയമാക്കി.
ഡല്‍ഹി — മുംബൈ എയര്‍ലൈന്‍ റൂട്ടിലെ സര്‍വീസുകള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു എന്ന എന്‍ഡിടിവി വ്യാജ വാര്‍ത്ത പിഐബി കണ്ടില്ലെന്ന് നടിച്ചു. ജയ്പൂര്‍ വിമാനത്താവളത്തില്‍ ബോംബ് സ്ഫോടനം നടന്നുവെന്ന് ടൈംസ് നൗ ചാനലിലൂടെ വ്യാജ വാര്‍ത്ത പുറത്ത് വന്ന സമയം തന്നെ ജില്ലാ കളക്ടര്‍ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ ഇത് നിഷേധിച്ചിരുന്നു. ഈവാര്‍ത്തയും പിഐബി പരിശോധനക്ക് വിധേയമാക്കിയില്ല. 

മേയ് ഒമ്പതിന് ഇന്ത്യന്‍ വ്യോമസേന കറാച്ചി തുറമുഖം ബോംബിട്ട് തകര്‍ത്തുവെന്ന് മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിലും പിഐബി മുഖ്യധാര മാധ്യമങ്ങളെ ഒഴിവാക്കി. സ്വതന്ത്ര സ്ഥാപനങ്ങളെ മാത്രമാണ് ഫാക്ട് ചെക്ക് ചെയ്തത്. വ്യാജ വാര്‍ത്തകള്‍ വര്‍ധിക്കുന്നതായി ശക്തമായ ആരോപണം ഉയര്‍ന്ന 2019 ല്‍ അന്നത്തെ ഉപരാഷ്ട്രപതിയായിരുന്ന വെങ്കയ്യ നായിഡു ആശങ്ക രേഖപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം വസ്തുത പരിശോധന വിഭാഗം ആരംഭിച്ചത്. ഓപ്പറേഷന്‍ സിന്ദൂറില്‍ വ്യാജ വാര്‍ത്തകള്‍ പുറത്ത് വിട്ട മുഖ്യധാര മാധ്യമങ്ങള്‍ അനുസ്യൂതം വിഹരിക്കുന്ന അവസരത്തിലാണ് സ്വതന്ത്ര മാധ്യമങ്ങളുടെ വാര്‍ത്തകള്‍ മാത്രം തെരഞ്ഞ് പിടിച്ച് പിഐബി വസ്തുത പരിശോധന നടത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.