
ഇസ്രയേല്‍ ‑ഇറാന് സംഘര്‍ഷം രൂക്ഷമാക്കുന്ന സാഹചര്യത്തില്‍ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്കി റഷ്യ രംഗത്ത്.റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോൺ സംഭാഷണത്തിൽ വിഷയം ചർച്ചചെയ്തു. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും ആണവപ്രശ്നം പരിഹരിക്കുന്നതിനുള്ള രാഷ്ട്രീയ, നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കണമെന്നും റഷ്യയും യുഎഇയും ആവശ്യപ്പെട്ടു. സംഘർഷം ഒഴിവാക്കുന്നതിനായി ഇറാനുമായും ഇസ്രയേലുമായും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ബന്ധപ്പെട്ടിരുന്നു.
സംഭാഷണത്തിന് മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധതയും പുടിൻ പ്രകടിപ്പിച്ചു. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിലൂടെ കലുഷമായ പശ്ചിമേഷ്യയിലെ സ്ഥിതിഗതി കൂടുതല്‍ രൂക്ഷമാക്കുന്നതാകും അമേരിക്കയുടെ ഇടപെടലെന്ന് റഷ്യൻ വിദേശ സഹമന്ത്രി സെർജി റിയാബ്കോവ് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിൽ ആണവഭീഷണി സാങ്കൽപ്പികമല്ലെന്നും യഥാർത്ഥമാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആണവ കേന്ദ്രങ്ങൾക്കു നേരെ ആക്രമണങ്ങൾ നടത്തുന്നത് മേഖലയ്ക്കും ലോകത്തിനും ഭീഷണിയാണെന്നും സമാധാനപരമായ ആണവ സമ്പുഷ്ടീകരണത്തിനുള്ള ഇറാന്റെ അവകാശത്തെ മാനിക്കുന്നുവെന്നും റഷ്യൻ വിദേശ മന്ത്രാലയ വക്താവ് മരിയ സഖാരോവ റേഡിയോ അഭിമുഖത്തിൽ പ്രതികരിച്ചു.
ഇറാനെതിരായ ആക്രമണങ്ങളിൽ ഇസ്രയേലിനൊപ്പം ചേരുന്നത് ഉൾപ്പെടെ നിരവധി മാർഗങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സംഘവും പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് റഷ്യയുടെ പ്രതികരണം. അതിനിടെ, ഇസ്രയേലി ആക്രമണത്തെ പ്രതിരോധിക്കാൻ ഇറാന് നിയമപരമായ അവകാശമുണ്ടെന്ന് തുർക്കി പ്രസിഡന്റ് റസിപ് തയ്യിബ് എർദോഗൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.