18 January 2026, Sunday

മത്സ്യ തൊഴിലാളികളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ ചെലവഴിച്ചത് 165 കോടി: മന്ത്രി സജി ചെറിയാൻ

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള അവാർഡുകള്‍ മന്ത്രി വിതരണം ചെയ്തു
Janayugom Webdesk
ആലപ്പുഴ
June 22, 2025 12:12 pm

കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 165 കോടിരൂപ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി വിനിയോഗിച്ചതായി ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യ തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികൾക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് നൽകിവരുന്ന 2024–25 വർഷത്തെ വിദ്യാഭ്യാസ, കായിക പ്രോത്സാഹന അവാർഡ് വിതരണം ലിയോ തേർട്ടീന്ത് എച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ മക്കൾ വിദ്യാഭ്യാസ രംഗത്ത് ചരിത്രനേട്ടമാണ് കൈവരിച്ചത്. അഞ്ചു വർഷത്തിനുള്ളിൽ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 53.52 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചിട്ടുണ്ട്.

മെഡിക്കൽ, എൻജിനീയറിങ്, മറ്റ് അനുബന്ധ കോഴ്സുകളിലേക്ക് മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നും ആയിരക്കണക്കിന് കുട്ടികളാണ് കടന്നുവന്നത്. ഒന്നാം എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് 97 മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികൾ എംബിബിഎസ് വിദ്യാഭ്യാസം നേടി. ഇത്തവണയും സൗജന്യ മെഡിക്കൽ, എൻജിനീയറിങ്, എൻട്രൻസ് പരിശീലന ക്ലാസുകൾ സർക്കാർ നൽകി. 26 കുട്ടികളാണ് എംബിബിഎസിന് പ്രവേശനം നേടിയത്. വിദേശ വിദ്യാഭ്യാസത്തിന്റെ ഭാഗമായി രണ്ട് മത്സ്യത്തൊഴിലാളി കുട്ടികളെ സർക്കാർ സൗജന്യമായി യൂറോപ്പിൽ അയച്ചു പഠിപ്പിക്കുന്നുണ്ട്. തീരദേശത്ത് 75 ലൈബ്രറികളെ മികവിന്റെ കേന്ദ്രങ്ങളാക്കിമാറ്റി. ഓൺലൈൻ പഠനമടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി. സംസ്ഥാനത്തെ 10 ടെക്നിക്കൽ സ്കൂളുകളിൽ നാലെണ്ണം ഉന്നത നിലവാരത്തിലുള്ള സ്മാർട്ട് സ്കൂളുകളാക്കി. ആറ് സ്കൂളുകൾ കൂടി ഈ വർഷം സ്മാർട്ട് സ്കൂളുകളാകുമെന്നും ഇതിനായി 15 കോടി രൂപ സർക്കാർ മാറ്റിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പഠനത്തിലും കായിക മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കുന്നതിന് പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് കുട്ടികൾക്ക് അവാർഡുകൾ നൽകി വരുന്നത്. ജില്ലയിൽ എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 222 വിദ്യാര്‍ത്ഥികള്‍, ഒൻപത് എ പ്ലസ് നേടിയ 83 വിദ്യാര്‍ത്ഥികൾ, എട്ട് എ പ്ലസ് നേടിയ 75 വിദ്യാര്‍ത്ഥികൾ, പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 60 വിദ്യാര്‍ത്ഥികൾ, കായിക രംഗത്ത് മികവ് പുലർത്തിയ ഏഴ് കുട്ടികൾ എന്നിവർക്കാണ് അവാർഡുകൾ വിതരണം ചെയ്തത്. ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ ആന്റി നർക്കോട്ടിക് സെൽ ഉദ്യോഗസ്ഥൻ ജി ശാന്തകുമാർ ലഹരി ബോധവത്ക്കരണ ക്ലാസ് നയിച്ചു. നഗരസഭ ചെയര്‍പെഴ്സണ്‍ കെ കെ ജയമ്മ, മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, മത്സ്യബോർഡ് കമ്മിഷണർ എച്ച് സലീം, മത്സ്യ ബോർഡ് അംഗങ്ങളായ സക്കീർ അലങ്കാരത്ത്, കെ കെ രമേശൻ, മത്സ്യത്തൊഴിലാളികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിദ്യാര്‍ത്ഥികള്‍, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.