
നിലമ്പൂർ മണ്ഡലത്തിലെ വോട്ടർമാരുടെ മനസ്സിലിരിപ്പ് എന്തെന്ന് ഇന്നറിയാം. ആദ്യ സൂചനകൾ രാവിലെ 8.30ന് ലഭിക്കും. ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ രാവിലെ എട്ടിന് ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിക്കും. ആദ്യം നാല് ടേബിളുകളിലായി പോസ്റ്റൽ വോട്ടുകളും, ഒരു ടേബിളിൽ സർവീസ് വോട്ടും എണ്ണും. പിന്നാലെ 14 ടേബിളുകളിലായി ഇവിഎം വോട്ടുകളും ഒരേസമയം എണ്ണിത്തുടങ്ങും. നിലവിൽ യുഡിഎഫ് ഭരിക്കുന്നതും കഴിഞ്ഞതവണ എൽഡിഎഫിന് 33 വോട്ടിന്റെ നേരിയ ലീഡ് നൽകിയതുമായ വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുക. കൂടുതൽ ബൂത്തുകളുള്ളതും ഇവിടെയാണ്. കഴിഞ്ഞതവണ യുഡിഎഫിന് വലിയ ലീഡ് നൽകുകയും യുഡിഎഫ് ഭരിക്കുകയും ചെയ്യുന്ന മൂത്തേടം പഞ്ചായത്തിലെ ബൂത്തുകൾ പിന്നാലെ എണ്ണും. തുടർന്ന് കരുളായി, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകൾ, നിലമ്പൂർ നഗരസഭ, അമരമ്പലം പഞ്ചായത്തുകൾ എന്ന ക്രമത്തിലാകും വോട്ടെണ്ണൽ.
കരുളായി, പോത്തുകല്ല്, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും കഴിഞ്ഞതവണ എൽഡിഎഫിന് ആയിരുന്നു ലീഡ്. എടക്കര, ചുങ്കത്തറ പഞ്ചായത്തുകളിൽ യുഡിഎഫിനും. അതേസമയം, കരുളായി, എടക്കര, ചുങ്കത്തറ പഞ്ചായത്തുകൾ യുഡിഎഫും പോത്തുകല്ല്, നിലമ്പൂർ നഗരസഭ, അമരമ്പലം പഞ്ചായത്തുകൾ എൽഡിഎഫും ഭരിക്കുന്നവയാണ്. വോട്ടെണ്ണലിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായും പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ്, ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്, വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
7.30 ന് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂം തുറക്കും. 25 മൈക്രോ ഒബ്സർവർമാർ, 24 കൗണ്ടിങ് സൂപ്പർവൈസർമാർ, 30 അസിസ്റ്റന്റുമാർ, ഏഴ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർ എന്നിങ്ങനെ 86 ഉദ്യോഗസ്ഥരെ വോട്ടെണ്ണുന്നതിനായി നിയോഗിച്ചു. ഉദ്യോഗസ്ഥരുടെ മൂന്നാം ഘട്ട റാൻഡമൈസേഷൻ ഇന്ന് പുലർച്ചെ 5.30 ന് നടക്കും. ജില്ലാ തെരഞ്ഞെടുപ്പ് കൺട്രോൾ റൂം, കമ്മ്യൂണിക്കേഷൻ കൺട്രോൾ റൂം, മീഡിയ റൂം എന്നിവയും കൗണ്ടിംഗ് സെന്ററില്‍ പ്രവർത്തിക്കും.
വോട്ടെണ്ണൽ നടപടികൾ പൂർണ്ണമായി സിസിടിവി നിരീക്ഷണത്തിലായിരിക്കും. വോട്ടെണ്ണൽ കേന്ദ്രത്തിന് കേന്ദ്രസേനയുടെയും പൊലീസിന്റെയും ത്രിതല സുരക്ഷ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 900 പൊലീസുകാരെ സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകരും വരണാധികാരിയും വോട്ടെണ്ണൽ നടപടികൾക്ക് മേൽനോട്ടം വഹിക്കും. വോട്ടെണ്ണൽ പ്രക്രിയ നിരീക്ഷണത്തിന് സ്ഥാനാർത്ഥികൾക്കും, ഏജന്റുമാർക്കും കമ്മീഷൻ നിർദ്ദേശ പ്രകാരമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.