
ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ആറ് റണ്‍സിന്റെ ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 471 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 465 റണ്‍സിന് ഓള്‍ഔട്ടായി. ഒലി പോപ്പിന്റെ സെഞ്ചുറിക്കും ഹാരി ബ്രൂക്കിന്റെ അര്‍ധസെഞ്ചുറിക്കും ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോര്‍ മറികടക്കാനായില്ല. ബുംറയെ കൂടാതെ പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും സ്വന്തമാക്കി.
മൂന്നിന് 209 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ സെഞ്ചുറി നേടിയ ഒലി പോപ്പിനെ നഷ്ടമായി. 106 റണ്‍സുമായി ക്രീസിലുറച്ച പോപ്പിനെ പ്രസിദ്ധ് കൃഷ്ണ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കയ്യിലെത്തിച്ചു. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ഹാരി ബ്രൂക്കിനൊപ്പം കൂട്ടുകെട്ടുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അധികം നേരം ക്രീസില്‍ നില്‍ക്കാനായില്ല. 20 റണ്‍സെടുത്ത സ്റ്റോക്സിനെ മുഹമ്മദ് സിറാജ് പന്തിന്റെ കയ്യിലെത്തിച്ചു.
ഒരു വശത്ത് ബ്രൂക്ക് ഉറച്ചുനിന്നതോടെ തൊട്ടുപിന്നാലെയെത്തിയ ജാമി സ്മിത്ത് ഇംഗ്ലണ്ട് സ്കോര്‍ 300 കടത്തി. 40 റണ്‍സെടുത്ത് നില്‍ക്കെ സ്മിത്തിനെ പ്രസിദ്ധ് കൃഷ്ണ മടക്കി. സ്കോര്‍ 398ല്‍ നില്‍ക്കെ സെഞ്ചുറിക്ക് ഒരു റണ്ണകലെ ബ്രൂക്കിനെ നഷ്ടമായി. 112 പന്തില്‍ 99 റണ്‍സെടുത്ത ബ്രൂക്കിനെ പ്രസിദ്ധ് ഷാര്‍ദുല്‍ ഠാക്കൂറിന്റെ കയ്യിലെത്തിച്ചു. ബ്രൈഡണ്‍ കഴ്സ് 22 റണ്‍സെടുത്ത് പുറത്തായി. ലീഡ് നേടാനായി ക്രിസ് വോക്സ് പൊരുതിയെങ്കിലും സ്കോര്‍ 460ല്‍ നില്‍ക്കെ താരം പുറത്തായി. 38 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. വാലറ്റത്ത് ടങ്ങും ഷൊയ്ബ് ബഷീറും ലീഡിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ടങ്ങിനെ ബുംറ ബൗള്‍ഡാക്കിയതോടെ ഇന്ത്യ ആറ് റണ്‍സ് ലീഡ് നേടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.