22 December 2025, Monday

Related news

December 13, 2025
December 13, 2025
December 13, 2025
December 8, 2025
December 5, 2025
November 16, 2025
November 16, 2025
November 15, 2025
November 14, 2025
November 8, 2025

ആളിക്കത്തി പശ്ചിമേഷ്യ; ഖത്തര്‍, ഇറാഖ്, സിറിയ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം

Janayugom Webdesk
ടെഹ്റാന്‍/ടെല്‍ അവീവ്
June 23, 2025 11:10 pm

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ യുഎസ് നടത്തിയ സൈനിക ബോംബാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യ കത്തിയെരിയുന്നു. സൈനിക നടപടിയുടെ പന്ത്രണ്ടാംദിനമായ ഇന്ന് ഇസ്രയേലും ഇറാനും ആക്രമണം ശക്തമാക്കി. കഴിഞ്ഞദിവസം ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ഖത്തര്‍, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിലെ യുഎസ് വ്യോമത്താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇസ്രയേലിനെതിരെ ഇന്ന് രാവിലെ ഇറാൻ നടത്തിയ ആക്രമണം സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയതാണെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് പ്രസ്താവനയില്‍ പറഞ്ഞു. ഖാദർ-എച്ച് എന്ന് അറിയപ്പെടുന്ന ഖൈബര്‍ മള്‍ട്ടി വാര്‍ഹെഡ് ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ ആദ്യമായി ഇസ്രയേലിനെതിരെ പ്രയോഗിച്ചു. കൂടാതെ ഇമാദ്, ഫത്താ-1 മധ്യദൂര ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചു. ജൂൺ 13 മുതൽ കുറഞ്ഞത് 130 ഇസ്രയേലി ഡ്രോണുകൾ വെടിവച്ചിട്ടിട്ടുണ്ടെന്ന് വ്യോമ പ്രതിരോധ സേന കമാൻഡിന്റെ പ്രസ്താവനയിൽ പറയുന്നു.

സിറിയയിലെ യുഎസിന്റെ സൈനിക താവളത്തിന് നേരെയും ആക്രമണമുണ്ടായി. വടക്ക് കിഴക്കൻ സിറിയയിലെ ഹസക്കയുടെ വടക്കൻ മേഖലയിലെ അൽ ദാർബാസിയായിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെയെത്തിയ മിസൈല്‍ നിര്‍വീര്യമാക്കി. മിസൈൽ ആക്രമണത്തില്‍ ഐആര്‍സിജിയും യുഎസ് സെൻട്രൽ കമാൻഡ്, സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് എന്നിവരും പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഇറാനിലെ ഫോർദോ ആണവനിലയത്തിന് നേരെ വീണ്ടും ഇസ്രയേൽ ആക്രമണം നടത്തി. അതേസമയം ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണങ്ങളുടെ പൂര്‍ണമായ പ്രത്യാഘാതം ഇപ്പോഴും വ്യക്തമായിട്ടില്ല. ഫോര്‍ദോ ആണവ കേന്ദ്രത്തിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് യുഎന്‍ ആണവ മേധാവി റഫോല്‍ ഗ്രോസി പറഞ്ഞു.

മധ്യ ഇറാനിലെ ആറു വ്യോമ താവളങ്ങളിലും ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തി. ഇന്ധനം നിറയ്ക്കുന്ന വിമാനവും എഫ്-14, എഫ്-5, എഎച്ച്-1 വിമാനങ്ങള്‍ നശിപ്പിച്ചു. മധ്യ ഇറാനിലുള്ള സർഫസ്-ടു-സർഫസ് മിസൈൽ സംഭരണ സൗകര്യങ്ങള്‍ നിര്‍വീര്യമാക്കിയെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.
ടെഹ്റാനിലെ എവിൻ ജയിലിനും ഔദ്യോഗിക ടെലിവിഷൻ ചാനലായ ഇറാനിയൻ സ്റ്റേറ്റ് പ്രക്ഷേപണ നിലയത്തിനും (ഐആർഐബി) നേരെ ഇസ്രയേൽ ആക്രമണമുണ്ടായി. 400 പേര്‍ കൊല്ലപ്പെടുകയും 3,056 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഇറാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്.

അല്‍ ഉദൈദിലേക്ക് ആറ് മിസൈലുകള്‍

ഖത്തര്‍ തലസ്ഥാന നഗരമായ ദോഹയുടെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രധാന യുഎസ്, സഖ്യസേനാ സൈനിക താവളമായ അൽ ഉദൈദ് വ്യോമതാവളത്തിലേക്ക് ഇറാന്‍ തൊടുത്തത് ആറ് മിസൈലുകള്‍. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമാണിത്.  യുഎസ് ആക്രമണങ്ങള്‍ക്കുള്ള മറുപടി ഉടന്‍ ഉണ്ടാകുമെന്ന് ഇറാന്‍ നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. യുഎസ് ആക്രമണം നഗ്നമായ കുറ്റകൃത്യമാണെന്നും നയതന്ത്ര സാധ്യതകള്‍ അമേരിക്ക പൂര്‍ണമായി ഇല്ലാതാക്കിയെന്നും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത അടിയന്തരയോഗത്തില്‍ ഇറാന്റെ യുഎന്‍ സ്ഥിരം പ്രതിനിധി അമീര്‍ സയീദ് ഇറവാനി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.