9 February 2026, Monday

കുട്ടികളുടെ സൈനിക പരിശീലനം അബദ്ധവും അപകടകരവും

ഡോ. അരുൺ മിത്ര
June 27, 2025 4:32 am

ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൈനിക പരിശീലനം നൽകുന്നതിന് മഹാരാഷ്ട്രയിലെ ബിജെപി സഖ്യ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. പ്രസ്തുതതീരുമാനം അബദ്ധവും അപകടകരവും വിദ്യാഭ്യാസ തത്വങ്ങളുടെ കടുത്ത ലംഘനവുമാണ്. ചെറിയ പ്രായത്തിൽതന്നെ കുട്ടികളിൽ കായികക്ഷമത, ദേശാഭിമാനബോധം, അച്ചടക്കം എന്നിവ പരിപോഷിപ്പിക്കുന്നതിനാണ് ഒന്നാംതരം മുതലുള്ള സൈനിക പരിശീലനമെന്നാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ദാദാജി ഭുസെ ഇതിനെ ന്യായീകരിച്ചിരിക്കുന്നത്. എന്നാൽ കുട്ടികളുടെ പരിചരണത്തിന്റെ തലത്തിൽ അനുയോജ്യമല്ലാത്ത ഈ തീരുമാനം അവരുടെ വികസനത്തോടുള്ള പൊതുസമീപനത്തിന് വിരുദ്ധമാണ്. കുട്ടികളിൽ സഹജമായ സ്നേ­ഹം ചൊരിയുന്നതിന് പകരം അവരെ നിയന്ത്രിക്കുകയും ഒറ്റപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യണമെന്ന് ചില മനഃശാസ്ത്രജ്ഞർ മുന്നോട്ടുവച്ച ആശയത്തെ അടിസ്ഥാനമാക്കിയാണ് സൈ­നിക പരിശീലന രീതി സ്വീകരിക്കുമെന്ന് പറയുന്നത്. എന്നാൽ ഇളംപ്രായത്തിൽതന്നെ അവരെ സൈനിക പരിശീലനത്തിലേക്ക് തള്ളിവിടുന്നത് അച്ചടക്കത്തിന്റെ പേരിൽ അവരുടെ മനസിനെ സൈനിക ചട്ടക്കൂട്ടിലേക്ക് പരിവർത്തിപ്പിക്കുന്നതിനാണ് ഇടയാക്കുക. ഡോ. പരം സെയ്നിയുടെ അഭിപ്രായത്തിൽ 18, 19 നൂറ്റാണ്ടുകളിലെ ഈ ആശയം കാലഹരണപ്പെട്ടതിനാല്‍ ഒഴിവാക്കിയതാണ്. ആധുനിക കാലത്ത് രക്ഷാകർതൃത്വം വാത്സല്യം, ഊഷ്മളത, പ്രോത്സാഹനം, സഹാനുഭൂതി, മാനസികോന്മേഷം പ്രദാനം ചെയ്യൽ, സുരക്ഷിത ബന്ധങ്ങൾ എന്നിവയെയാണ് വിലമതിക്കുന്നത്. 

കുട്ടികളുടെ ആരോഗ്യകരവും വൈകാരികവും സാമൂഹികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിന് ഇവ അത്യാവശ്യമാണെന്നാണ് ഇപ്പോഴത്തെ കാഴ്ചപ്പാടെന്നും ഡോ. പരം സെയ്നി പറയുന്നു. ഇവ മാതാപിതാക്കളും കുടുംബവും പ്രദാനം ചെയ്യുകയും സ്കൂളുകളിലെ അധ്യാപകർ ശക്തിപ്പെടുത്തുകയും വേണം. പരസ്പരം ഇടപഴകാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക, കളികളിൽ ഏർപ്പെടുക, ചർച്ചകൾ നടത്തുക, സമപ്രായക്കാരുടെ സംഘങ്ങളുമായി സംവദിക്കുക എന്നിവ എല്ലായ്പ്പോഴും വികസനത്തിന്റെ ആരോഗ്യകരമായ അടയാളങ്ങളാണ്. അതുകൊണ്ടാണ് കുട്ടികൾ പരസ്പരം വഴക്കിടുന്നതും താമസിയാതെ സൗഹൃദത്തിലാകുന്നതും പലപ്പോഴും നാം കാണുന്നത്. യുക്തിപരമായി ചിന്തിക്കുകയും സംഭവങ്ങളെ വസ്തുതാപരമായി വിലയിരുത്തുകയും ചെയ്യുന്നതിന് വ്യക്തികളെ പ്രേരിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ സുപ്രധാനമായ ലക്ഷ്യം. സമൂഹമോ കുടുംബമോ ഭരണകൂടമോ പറയുന്നതോ അടിച്ചേല്പിക്കുന്നതോ ആയ കാര്യങ്ങൾ അവനോ അവളോ പിന്തുടരേണ്ടത് നിർബന്ധമല്ല. കുട്ടികളുടെ തുറന്ന മനസിനെ ഗുണപരമായ മൂല്യങ്ങള്‍ കൊണ്ടാണ് നിറയ്ക്കേണ്ടത്. ഇളംപ്രായത്തിൽത്തന്നെ സൈനിക സമാനമായ കടുത്ത പരിശീലനങ്ങൾ നൽകുന്നത് കുട്ടികളുടെ ക്രിയാത്മക ആശയങ്ങളും യുക്തിസഹമായ ചിന്താശേഷിയും അന്വേഷണത്വരയും ഇല്ലാതാക്കുന്നതിനാണ് ഇടയാക്കുക. വളരെ ചെറുപ്പത്തിൽത്തന്നെ സൈനികോദ്യോഗസ്ഥർ കുട്ടികൾക്ക് ശിക്ഷണം നൽകുന്നത് അവരുടെ സർഗാത്മകതയെ തടയുകയും അനുസരണയുള്ള ഒരു അടിമയെപ്പോലെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഈ പ്രായത്തിലെ മനസ് ആർദ്രമായിരിക്കുമെന്ന് മാത്രമല്ല, തന്റെ വ്യക്തിത്വ വികസനത്തിന് ഉത്തരം നൽകേണ്ട നിരവധി ചോദ്യങ്ങളാൽ നിറഞ്ഞിരിക്കുകയും ചെയ്യും. കുട്ടി ഉന്നയിക്കുന്ന ഏതെങ്കിലും ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ വരികയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നത് വികസിച്ചുകൊണ്ടിരിക്കേണ്ട മനസിനെ പ്രതികൂലമായി ബാധിക്കുന്നു. ചുറ്റുമുള്ള നിരവധി കാര്യങ്ങളോ സംഭവങ്ങളോ കുട്ടിക്ക് വളരെ പുതിയതായതിനാൽ, ചോദ്യങ്ങൾ ചോദിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും അവളെ/അവനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. 

പ്രകൃതിസ്നേഹം വളർത്തിയെടുക്കുക, അതിനെ സംരക്ഷിക്കുക, പ്രകൃതിയുമായി ഇടപഴകാനും അതുമായി ബന്ധപ്പെട്ട വസ്തുക്കളുമായി കളിക്കുക എന്നിവ കുട്ടിയെ പഠിപ്പിക്കണം. ജിജ്ഞാസ ഉണർത്തുകയും യുക്തിസഹമായ വിശകലന ചിന്ത വികസിപ്പിക്കുകയും ചെയ്യേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും കടമയാണ്. വിദ്യാർത്ഥികളുടെ മാനസികരൂപീകരണം നടക്കുന്ന സ്കൂൾ വർഷങ്ങളിൽ അതിന് പ്രചോദനമാകുന്ന വിധത്തിലുള്ള നിരവധി വിദ്യാഭ്യാസ പരിപാടികൾ ലോകമെമ്പാടും ഇതിനകം രൂപകല്പന ചെയ്യപ്പെട്ടിട്ടുണ്ട്. മനഃശാസ്ത്രജ്ഞനായ ഡോ. എസ് കെ പ്രഭാകറിന്റെ അഭിപ്രായത്തിൽ അച്ചടക്കമെന്നത് നിർബന്ധിതമായി വളർത്തിയെടുക്കേണ്ടതല്ല. സാമ്പത്തിക സ്ഥിതി, ജാതി, മതം, ലിംഗഭേദം, വിദ്യാഭ്യാസ നില എന്നിവ പരിഗണിക്കാതെ മറ്റുള്ളവരോടുള്ള സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ആശയങ്ങളിലൂടെ വികസിച്ചുവരേണ്ടതാണ്. ധീരരായ സൈനികരാണെങ്കിലും കുട്ടിയെ എങ്ങനെ പഠിപ്പിക്കണമെന്ന് കൃത്യമായി പരിചയമില്ലാത്ത വിരമിച്ച സൈനിക ഉദ്യോഗസ്ഥർ പരിശീലനം നൽകുന്നത് കുട്ടിയുടെ പെരുമാറ്റത്തെ അപകടകരമായി പരുവപ്പെടുത്തുന്നതിനും കാരണമായേക്കാവുന്നതാണ്. കുട്ടികൾ കാല്പനികവും ഒരു സാങ്കല്പികവുമായ ലോകത്തിൽ ജീവിക്കുന്നവരാണ്. കാലക്രമേണയാണ് അവർ യഥാർത്ഥ ലോകത്തെക്കുറിച്ച് പഠിക്കുന്നത്. സൈനിക പരിശീലനത്തിനുകീഴിൽ അവർ സാങ്കല്പിക ശത്രുവിന്റെ ചിന്തകളുമായാണ് ജീവിക്കുക. എങ്ങനെ പരാജയപ്പെടുത്താം അഥവാ കൊല്ലാം എന്നും അതെങ്ങനെ ആസുത്രണം ചെയ്യാമെന്നുമൊക്കെയാകും അവന്റെ ചിന്താഗതി. അത്തരം കുട്ടികൾക്ക് സഹജീവികളോട് പോലും അക്രമാസക്തമായ സ്വഭാവം വളർത്തിയെടുക്കാൻ കഴിയും. 

ഏതാനും ദശകങ്ങൾക്ക് മുമ്പുവരെ കുട്ടികൾ പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള കളിപ്പാട്ടങ്ങളുമായാണ് കളിച്ചിരുന്നത്. — മൃഗങ്ങൾ, മരങ്ങൾ, പർവതങ്ങൾ തുടങ്ങിയ കളിക്കോപ്പുകളായിരുന്നു അവർ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്നത്തെ കളിപ്പാട്ടങ്ങളിൽ തോക്കുപോലുള്ളവയാണ് നിറഞ്ഞിരിക്കുന്നത്. ഹോളി ആഘോഷവേളകളിൽ നിറങ്ങൾ തളിക്കുന്നതിനുപോലും തോക്കാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യങ്ങൾ കുട്ടികളെ തോക്ക് സംസ്കാരത്തിലേക്ക് ആകൃഷ്ടരാകുന്നതിന് പ്രേരിപ്പിക്കുന്നു. വെടിവയ്ക്കാനും കൊല്ലാനും പഠിപ്പിക്കുന്ന വീഡിയോ ഗെയിമുകൾ കുട്ടികളുടെ മാനസിക നിലയെ അപകടകരമായ നിലയിലേക്ക് മാറുന്നതില്‍ പങ്ക് വഹിക്കുന്നു. സമൂഹത്തിൽ അക്രമം വർധിക്കുവാൻ ഇതും ഒരു കാരണമാണ്. തോക്കുകൾ സൗജന്യമായി ലഭ്യമാകുന്ന അമേരിക്കയിൽ, സ്കൂൾ കുട്ടികൾ വെടിവച്ചുണ്ടാകുന്ന നിരവധി കേസുകൾ നമുക്ക് കാണാം. വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം കുട്ടിയെ യഥാർത്ഥ ചിന്തകൾ, യുക്തിബോധം, നിരീക്ഷണം എന്നിവ വികസിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഈ മാർഗത്തിലൂടെ കുട്ടി സ്വന്തം വ്യക്തിത്വം വികസിപ്പിക്കുകയാണ് ചെയ്യുന്നത്. ഇളംപ്രായത്തിൽ തന്നെ സൈനിക പരിശീലനം ഇതിനെല്ലാം തടസമാകും. വിദ്വേഷം, അക്രമം, പ്രതികാരം എന്നിവ നിറഞ്ഞ ഒരു കുട്ടിയിൽ ഒരു പ്രത്യേക മാനസികാവസ്ഥ വളർത്തിയെടുക്കുക എന്നത് ഭരണവർഗത്തിന്റെ ലക്ഷ്യമായിരിക്കാം. വർഗീയ വിദ്വേഷം, ജാതി — ലിംഗ പക്ഷപാതം എന്നിവ പ്രോത്സാഹിപ്പിക്കപ്പെടുന്ന നമ്മുടെ ഇന്നത്തെ സമൂഹത്തിൽ, അത്തരം മാനസികാവസ്ഥ കുട്ടികളിൽ സൃഷ്ടിക്കപ്പെടുന്നത് സാമൂഹിക ഐക്യത്തെ കൂടുതൽ വഷളാക്കും. ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ, കുട്ടികളിൽ സ്നേഹം, പരിചരണം, സഹാനുഭൂതി, കൂട്ടായ്മാ മനോഭാവം എന്നിവയുടെ ആശയങ്ങൾ വളർത്തിയെടുക്കുകയാണ് കൂടുതൽ പ്രധാനമായിട്ടുള്ളത്. 

Kerala State - Students Savings Scheme

TOP NEWS

February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.