16 December 2025, Tuesday

Related news

December 16, 2025
December 15, 2025
December 14, 2025
December 13, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 2, 2025
November 27, 2025

സ്കൂളുകളിലെ സുംബ; സര്‍ക്കാര്‍ മുന്നോട്ടുതന്നെ

പിന്മാറിയാല്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളമാകും 
ആര്‍ സുമേഷ്
തിരുവനന്തപുരം
June 28, 2025 10:43 pm

വിദ്യാര്‍ത്ഥികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസം ഉറപ്പാക്കുന്നതിനായി സ്കൂളുകളില്‍ നടപ്പാക്കുന്ന സുംബാ നൃത്ത വ്യായാമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകില്ല. ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ സുംബ പരിശീലിപ്പിക്കുന്നത്. പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടാവാത്ത എതിര്‍പ്പ് ഇപ്പോഴുണ്ടായതിന് പിന്നില്‍ ഭൂരിപക്ഷ വർഗീയതയെ അനുകൂലിക്കുന്നവരാണോയെന്നാണ് സര്‍ക്കാരിന്റെ സംശയം. സംഘടനകളുടെ എതിര്‍പ്പിന് വഴങ്ങിയാല്‍ അത് ഭൂരിപക്ഷ വർഗീയതയ്ക്ക് വളമായി മാറുമെന്നും സര്‍ക്കാരിനറിയാം. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷൻ, കെഎൻഎം അടക്കമുള്ള സംഘടനകളാണ് സുംബയ്ക്കെതിരെ രംഗത്തുവന്നത്. അവരുടെ എതിര്‍പ്പിനെ അവഗണിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സുംബ ഡാൻസ് രീതി കൊണ്ടുവന്നത് തന്നെ. എതിര്‍പ്പ് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി മന്ത്രി ശിവൻകുട്ടി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തി. 

മുന്നോട്ടുപോകാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. അതേസമയം, സുംബ അടിച്ചേല്പിക്കുന്ന സ്ഥിതിയുണ്ടാവരുതെന്നും എതിര്‍ക്കുന്നവരുമായി ചര്‍ച്ച നടത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. മതം അതിന്റെ പരിധിവിട്ട് എല്ലാത്തിലും ഇടപെടാൻ ശ്രമിക്കുന്നത് ശരിയായ കാര്യമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നിലപാടെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും പ്രതിപക്ഷ യുവജന സംഘടനകളുടെയും പിന്തുണയും സര്‍ക്കാരിന് ലഭിച്ചു.
അല്പ വസ്ത്രധാരികളായാണ് വിദ്യാര്‍ത്ഥികള്‍ സുംബാ പരിശീലനം നടത്തുന്നതെന്ന തരത്തില്‍ വ്യാപക പ്രചരണം നടക്കുന്നുണ്ട്. ഇത് ആസൂത്രിതമാണെന്നാണ് കരുതുന്നത്. എന്നാല്‍, കുട്ടികൾ യൂണിഫോമിലാണ് സൂംബ ചെയ്യുന്നതെന്നതാണ് വസ്തുതയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അല്പവസ്ത്രം ധരിക്കാൻ കുട്ടികളോട് ആരും ആവശ്യപ്പെട്ടിട്ടില്ല. ഫുട്ബോൾ, വോളിബോൾ, സ്വിമ്മിങ് തുടങ്ങിയ മത്സരങ്ങള്‍ക്ക് പ്രത്യേക വസ്ത്രധാരണ രീതിയുണ്ട്. ഇതിന്റെ പേരില്‍ ഒരുവിവാദവും ഇല്ല. എന്നാല്‍ സുംബയുടെ പേരില്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്ന സംഘടനകളുടെ നിലപാട് ലഹരിയേക്കാൾ മാരകമായ വിഷമാണെന്നും ഇത് വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിന് പകരം വർഗീയതയ്ക്കും വിഭാഗീയതയ്ക്കും കളമൊരുക്കുമെന്നുമാണ് മന്ത്രിയുടെ നിലപാട്. അതിനാല്‍ തന്നെ ആടിനെ പട്ടിയാക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നത് ഭൂരിപക്ഷ വർഗീയത വളർത്താനേ ഉപകരിക്കൂ എന്നും മന്ത്രി കുറ്റപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.