
ഒന്നര വർഷം മുൻപ് കോഴിക്കോട് നിന്ന് കാണാതായ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് വയനാട് ബത്തേരിയിലെ ഒരു വീട്ടിൽ വച്ചെന്ന് വിവരം. നൌഷാദിനെ വിൽപ്പനയ്ക്കായി ഏൽപ്പിച്ചിരുന്ന വീട്ടിൽ വച്ചായിരുന്നു കൊലപാതകം. അവിടെ രണ്ട് തടവിൽ പാർപ്പിച്ച് മർദിച്ച ശേഷം കൊല നടത്തിയതെന്നാണ് പൊലീസ് പറഞ്ഞത്. തുടർന്ന് മൃതദേഹം ബത്തേരിയിൽ നിന്ന് വാഹനത്തിൽ കൊണ്ടുപോയി തമിഴ്നാട്ടിലെ വനമമേഖലയിലുള്ള ഒരു ചതുപ്പിൽ കുഴിച്ചുമൂടുകയായിരുന്നു.
മൃതദേഹം കുഴിച്ചുമൂടാനാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ ജ്യോതിഷ്‌കുമാറിനെയും ബി.എസ്. അജേഷിനെയും നൌഷാദ് വിളിച്ചുവരുത്തിയതെന്നും പൊലീസ് പറഞ്ഞു. ഹേമചന്ദ്രനെ കുടുക്കിയത് കണ്ണൂർ സ്വദേശിയായ ഒരു സ്ത്രീയെ ഉപയോഗിച്ചാണ്. ഒരു ഡോക്ടറുടെ വീട്ടിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് കാട്ടി നൌഷാദ് പരസ്യം നൽകിയിരുന്നു. ഇത് കണ്ട് വിളിച്ച സ്ത്രീയുമായി അടുപ്പം സ്ഥാപിച്ച നൌഷാദ് ഹേമചന്ദ്രനെ ട്രാപ്പിലാക്കാൻ ഇവരെ ഏൽപ്പിക്കുകയായിരുന്നു.
ഹേമചന്ദ്രൻ കുറച്ച് പൈസ നൽകാനുണ്ടെന്നും അത് വാങ്ങിത്തരാൻ സഹായിക്കണമെന്നും സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഹേമചന്ദ്രനുമായി സൌഹൃദം സ്ഥാപിച്ച സ്ത്രീ നേരിട്ട് കാണണമെന്നാവശ്യപ്പെട്ട് ഹേമചന്ദ്രനെ നൌഷാദിൻറെയും സംഘത്തിൻറെയും അടുത്ത് എത്തിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. മുഖ്യപ്രതിയായ നൌഷാദിനെ സൌദിയിൽ നിന്ന് എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഊട്ടി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധന ഫലം ലഭിച്ച ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.