
സംസ്ഥാനത്തെ സ്കൂള്‍ പ്രവേശനത്തിന് ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങിയാല്‍ പത്തിരട്ടി പിഴയെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്രവേശനത്തിനായി കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ പ്രവേശന പരീക്ഷ (സ്ക്രീനിങ് ) നടത്താന്‍ പാടില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ഏതെങ്കിലും സ്കൂളുകള്‍ പ്രവേശന ഫീസ് വാങ്ങിക്കുകയാണെങ്കില്‍ ഫീസിന്റെ പത്തിരട്ടി പിഴ ശിക്ഷ ലഭിക്കും. ഒരു കുട്ടിയെ സ്ക്രീനിങ് നടപടിക്ക് വിധേയമാക്കിയാല്‍ ആദ്യ ലംഘനത്തിന് 25000 രൂപ പിഴയും തുടര്‍ന്നുള്ള ഓരോ ലംഘനത്തിനും 50000 രൂപ പിഴയോടുകൂടി ശിക്ഷിക്കപ്പെടും. പരസ്യമായി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും എല്ലാം നിരീക്ഷിച്ചു വരികയാണ്. ഒരു വര്‍ഷത്തേക്ക് ഭീമമായ തുകയാണ് സ്കൂളുകള്‍ വാങ്ങിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാനാകുന്നത് പൊതുവിദ്യാഭ്യാസ വകുപ്പ് അത്രത്തോളം കഷ്ടപ്പെട്ടിട്ടാണ്. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍, രക്ഷിതാക്കള്‍ ഒറ്റക്കെട്ടായാണ് നില്‍ക്കുന്നത്. അതെല്ലാം ചൂഷണം ചെയ്തുകൊണ്ടാണ് ഭീമമായ ഫീസ് വാങ്ങുന്നത്. സ്കൂള്‍ നടത്തിക്കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മറ്റേതെങ്കിലും സ്ഥാപനം നടത്തുന്നതിനേക്കാള്‍ ലാഭകരം സ്കൂള്‍ നടത്തുന്നതാണെന്ന നിലപാട് അംഗീകരിക്കാന്‍ പറ്റില്ലെന്നും മന്ത്രി പറഞ്ഞു. എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം പിഎസ്‌സിക്കു വിടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലവില്‍ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.