
വീട് വയ്ക്കുന്നതിന് പോലും സ്വന്തം പട്ടയ ഭൂമിയിലെ കല്ല് പൊട്ടിക്കാന്‍ അനുമതി ലഭിക്കാത്ത നാട്ടില്‍ റവന്യൂ ഭൂമി കയ്യേറി കോടികളുടെ പാറഖനനം. ഉടുമ്പന്‍ചോല പഞ്ചായത്തിലെ സിഎച്ച്ആറിനോട് ചേര്‍ന്നുള്ള പ്രദേശത്തുനിന്നുമാണ് റവന്യൂ ഭൂമിയിലെ പാറകടത്ത്. അധികൃതർ കേസെടുത്ത് പിഴ ഈടാക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും കയ്യേറ്റക്കാര്‍ അതിനും തയ്യാറായിട്ടില്ല. അനധികൃതമായി പൊട്ടിച്ച പാറയുടെ റോയല്‍റ്റി ഇനത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് അടയ്ക്കാനുള്ളത്. വലിയ നിയന്ത്രണങ്ങളും നിരോധനങ്ങളും നിലനില്‍ക്കുമ്പോഴാണ് പട്ടാപ്പകല്‍ കോടികളുടെ പാറ പൊട്ടിച്ച് കടത്തിയത്. ചതുരംഗപ്പാറ വില്ലേജിലെ പാപ്പന്‍താവളത്തില്‍ സര്‍വ്വേ നമ്പര്‍ 35/1ല്‍ പെട്ട സര്‍ക്കാര്‍ ഭൂമിയില്‍ നിന്നുമാണ് പാറ ഖനനം ചെയ്ത് കടത്തിയത്. സംഭവത്തില്‍ പൂഞ്ഞാര്‍ കൊച്ചേട്ടണ്ണില്‍ ജോര്‍ജ്ജ് ജോണ്‍, പാല വാലുപാറയില്‍ വി വിനോദ് എന്നിവര്‍ക്കെതിരേ പൊലീസും കേസെടുത്തിരുന്നു. ഒപ്പം, പൊട്ടിച്ച് കടത്തിയ പാറയുടെ റോയല്‍റ്റിയായി 13, 23, 700 രൂപ പിഴ അടയ്ക്കുവാനും നിര്‍ദ്ദേശിച്ചു. എന്നാൽ പാറ വില്‍പ്പനയിലൂടെ കോടികള്‍ തട്ടിയ ഇവര്‍ പാറമടയും ഉപേക്ഷിച്ച് മലയിറങ്ങിയതല്ലാതെ ഒരു രൂപ പോലും സര്‍ക്കാരിലേയ്ക്ക് അടച്ചിട്ടില്ല.
ലൈഫ് ഭവന പദ്ധതിക്ക് വേണ്ടി പോലും പാറ പൊട്ടിക്കാന്‍ അനുമതിയില്ലാത്ത നാട്ടില്‍ നിന്നാണ് കോടികളുടെ പാറ റവന്യൂ ഭൂമിയില്‍ നിന്ന് പൊട്ടിച്ച് കടത്തിയതെന്നതും കാണേണ്ടതാണ്. മാത്രമല്ല, ഉടുമ്പന്‍ചോല പഞ്ചായത്തിലുള്‍പ്പെട്ട മറ്റ് പ്രദേശത്തുനിന്നും അനുമതിയുടെ മറവില്‍ അളവില്‍ കൂടുതല്‍ പാറ പൊട്ടിച്ചവരും വേറെയുണ്ട്. ഇവരും റോയല്‍റ്റി ഇനത്തിലുള്ള തുക സര്‍ക്കാരിലേയ്ക്ക് അടയ്ക്കാതെ മലയിറങ്ങുകയായിരുന്നു. സര്‍ക്കാര്‍ ഭൂമിയിലെ പാറ മോഷ്ടിച്ച് വില്‍പ്പന നടത്തി കോടികള്‍ കൈക്കലാക്കിയ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കമെന്നതാണ് ഉയരുന്ന ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.