22 December 2025, Monday

Related news

December 22, 2025
December 21, 2025
December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025
December 19, 2025
December 19, 2025

39 വർഷം മുമ്പത്തെ കൊലപാതകക്കുറ്റം ഏറ്റുപറഞ്ഞു; അന്വേഷണം ഈർജ്ജിതമാക്കി പൊലീസ്

Janayugom Webdesk
കോഴിക്കോട്
July 4, 2025 10:10 pm

39 വർഷം മുമ്പത്തെ കൊലപാതകക്കുറ്റം ഏറ്റുപറഞ്ഞ സംഭവത്തിൽ അന്വേഷണം ഈർജ്ജിതമാക്കി പൊലീസ്. 1986ൽ കൂടരഞ്ഞിക്ക് സമീപം കരിങ്കുറ്റിയിലെ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമായിരുന്നുവെന്ന അവകാശവാദവുമായാണ് കഴിഞ്ഞ ദിവസം ഒരാൾ പൊലീസ് സ്റ്റേഷനിൽ എത്തിയത്. മലപ്പുറം വേങ്ങര സ്വദേശിയായ മുഹമ്മദലി (54) ആണ് മനസ്താപത്തെ തുടർന്ന് വേങ്ങര പൊലീസ് സ്റ്റേഷനിൽ എത്തി കുറ്റസമ്മതം നടത്തിയത്. ഒരു മകന്റെ മരണവും രണ്ടാമത്തെ മകന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതും ഉൾപ്പെടെ തന്റെ ജീവിതത്തിൽ നടന്ന സങ്കടകരമായ സംഭവങ്ങളാണ് ഇപ്പോൾ മുഹമ്മദലിയുടെ കുറ്റസമ്മതത്തിന് പ്രേരകമായതത്രേ. പൊലീസിന് മുന്നിൽ കുറ്റസമ്മതം നടത്തിയതിനു പുറമെ പൊലീസിനൊപ്പം കൂടരഞ്ഞിയിലെത്തിയ ഇയാൾ സംഭവം നടന്ന സ്ഥലം കാണിച്ച് കൊടുക്കുകയും ചെയ്തു. കൊലപാതകം നടന്നു എന്നുപറയുന്ന കാലത്ത് മുഹമ്മദലിക്ക് പതിനാല് വയസാണ് പ്രായം. കൊലപാതകത്തെ കുറിച്ചുള്ള കുറ്റസമ്മതം നടത്തിയതോടെ വേങ്ങര പൊലീസ് തിരുവമ്പാടി പൊലീസിനെ വിവരമറിയിക്കുകയും 1986ൽ നടന്ന മരണത്തിന്റെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. കൂടാതെ അക്കാലത്തെ പത്രങ്ങളിൽ വന്ന വാർത്തകളും പൊലീസ് ശേഖരിച്ചു. 

സംഭവം നടന്ന സമയത്ത് മുഹമ്മദലി കൂടരഞ്ഞിയിലെ ദേവസ്യ എന്ന ആളുടെ വീട്ടുപറമ്പിൽ ജോലിക്ക് എത്തിയതായിരുന്നു. കൂടെ ജോലി ചെയ്തിരുന്ന യുവാവ് കുട്ടിയായിരുന്ന മുഹമ്മദലിയെ ഉപദ്രവിക്കാൻ ശ്രമിച്ചതോടെ ഉപദ്രവിച്ച ആളെ തോട്ടിലേക്ക് ചവിട്ടിവീഴ്ത്തി എന്നാണ് മുഹമ്മദലി പൊലീസിന് നൽകിയ മൊഴി. രണ്ട് ദിവസത്തിന് ശേഷമാണ് മരണം സംഭവിച്ച വിവരം പുറത്തറിഞ്ഞത്. എന്നാൽ മരിച്ചത് ആരാണെന്ന വിവരം പൊലീസിന് വ്യക്തമായിരുന്നില്ല. ഇതോടെ അപസ്മാരം വന്ന് തോട്ടിൽ വീണ് മരിച്ചതാകാം എന്ന കണ്ടെത്തലിൽ പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. കൂടാതെ അൽപകാലം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അജ്ഞാത മൃതദേഹമായി സംസ്കരിക്കുകയും ചെയ്തു. 39 വർഷത്തിനുശേഷം ഇത് കൊലപാതകമാണെന്നും ആ മരണത്തിന് ഉത്തരവാദി താനാണെന്നും അറിയിച്ചുകൊണ്ട് മുഹമ്മദലി സ്റ്റേഷനിൽ എത്തിയതോടെ വേങ്ങര പൊലീസ് സംഭവത്തിൽ കേസെടുക്കുകയും മുഹമ്മദലിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. അന്ന് മരിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം തിരുവമ്പാടി പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. കണ്ണൂർ ഇരിട്ടി സ്വദേശിയാണ് മരിച്ചയാളെന്ന് അക്കാലത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.