
ചുളിക്കയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പുലിയെ നിരീക്ഷിക്കുന്നതിനായി തത്സമയ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. ജനവാസ മേഖലയില്‍ തുടര്‍ച്ചയായി പുലിയുടെ സാന്നിധ്യം കണ്ടതോടെയാണ് കൂട് സ്ഥാപിച്ചത്. ശനിയാഴ്ച രാത്രിയില്‍ ചുളിക്കയിലെ സ്വകാര്യ എസ്റ്റേറ്റില്‍ പുലിയെ കണ്ടിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തിരിച്ചില്‍ നടത്തുകയും പുലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഞായറാഴ്ച രാവിലെ തന്ന പ്രദേശത്ത് കൂടും ക്യാമറയും സ്ഥാപിച്ചത്. സ്ഥിരമായി വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങാൻ തുടങ്ങിയതോടെ സ്വൈര്യജീവിതം നഷ്ടമായെന്ന് പ്രദേശവാസികൾ പറയുന്നു. തോട്ടം തൊഴിലാളികളടക്കം നിരവധിയാളുകള്‍ താമസിക്കുന്ന പ്രദേശമാണ്. മുമ്പും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കണമെന്നും ആശങ്കയകറ്റണമെന്നുമാണ് ആവശ്യം. കഴിഞ്ഞ ദിവസമാണ് വാളത്തൂരില്‍ പട്ടാപ്പകല്‍ രണ്ട് പുലികളെത്തിയത്. വാളത്തൂരിലുള്ള റിസോര്‍ട്ടിന്റെ വളപ്പിലാണ് പുലികള്‍ എത്തി ഭീതി സൃഷ്ടിച്ചത്. റിസോര്‍ട്ടിന്റെ ചില്ലുവാതിലിന് അരികിലെത്തി അകത്തേക്ക് നോക്കുന്ന പുലിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്തിരുന്നു. മാസങ്ങളായി മേഖലയില്‍ പുലി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒന്നിലേറെ പുലികള്‍ മേഖലയിലുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പുലി ഭീതിയില്‍ പ്രദേശത്തെ ജനങ്ങളും ഭീതിയിലായിരിക്കുകയാണ്. വാളത്തൂര്‍, ചുളിക്ക, ആനടിക്കാപ്പ് തുടങ്ങിയ മേഖലകളില്‍ പതിവായി പുലിയുടെ ശല്യമുള്ളതായി ആളുകള്‍ പറയുന്നു.
നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ പുലിയുടെ സാന്നിധ്യം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തോട്ടം തൊഴിലാളികളടക്കം നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ്. പ്രദേശത്തെ വിദ്യാര്‍ഥികളടക്കം സ്‌കൂളിലേക്കും തൊഴിലാളികള്‍ പണിക്കും പോകുന്നത് ഭയപ്പാടോടെയാണ്.
സന്ധ്യ കഴിഞ്ഞാല്‍ ഒറ്റക്കും ഇരുചക്ര വാഹനങ്ങളിലും യാത്ര ചെയ്യാന്‍ ആളുകള്‍ ഭയക്കുകയാണ്. പ്രദേശത്ത് കന്നുകാലികളെ അടക്കം വളര്‍ത്തി ജീവിക്കുന്ന ഒട്ടേറെ പേരുണ്ട്. അതിരാവിലെയും വൈകിട്ടും പുലിയെ പേടിച്ച് ജനങ്ങള്‍ യാത്ര പോലും ഉപേക്ഷിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ പുലിയുടെ ആക്രമണമുണ്ടായേക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മേഖലകളാണിത്. പുലിയെ എത്രയും വേഗം പിടികൂടി ജനങ്ങളുടെ ആശങ്കക്ക് അറുതി വരുത്തണമെന്നാണാവശ്യം. വനമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങള്‍ കൂടാതെ ജനവാസകേന്ദ്രങ്ങളിലേക്കും കടുവ, കരടിയുള്‍പ്പെടെയുള്ള വന്യമൃഗശല്യം അതിരൂക്ഷമായി തുടരുന്നുണ്ട്. രാത്രി സമയങ്ങളില്‍ ആനകള്‍ കൂട്ടത്തോടെ ഇറങ്ങുന്നതും പതിവ് കാഴ്ചയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.