
സമാധാന നൊബേൽ സമ്മാനത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നാമനിർദേശം ചെയ്‌ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തിങ്കളാഴ്‌ച വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ, നൊബേൽ കമ്മിറ്റിക്ക് അയച്ച നാമനിർദേശ കത്തിന്റെ പകർപ്പ് നെതന്യാഹു ട്രംപിന് കെെമാറി. സമാധാനം കെട്ടിപ്പടുക്കുന്നതിൽ ട്രംപ് വഹിച്ച വലിയ പങ്കിനെ തുടർന്നാണ് തീരുമാനമെന്നാണ് നെതന്യാഹുവിന്റെ വിശദീകരണം. അതേസമയം, സമാധാനത്തിന്റെ വക്താവ് എന്ന് സ്വയം വിശേഷിപ്പിച്ച ട്രംപ്, നാമനിർദേശത്തിൽ അത്ഭുതം രേഖപ്പെടുത്തി. ഇറാനിലെ തങ്ങളുടെ വിജയം പശ്ചിമേഷ്യയില്‍ പുതിയ യുഗത്തെ അടയാളപ്പെടുത്തുമെന്ന് ഇരു നേതാക്കളും അത്താഴ വിരുന്നിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. നെതന്യാഹുവിന്റെ മൂന്നാമത്തെ വൈറ്റ് ഹൗസ് സന്ദർശനമാണിത്. കഴിഞ്ഞ മാസം ഇന്ത്യയുമായുള്ള സംഘർഷത്തിന് മധ്യസ്ഥത വഹിക്കുന്നതിൽ ട്രംപിന്റെ പങ്കിനെ അഭിനന്ദിച്ച് സമാധാന സമ്മാനത്തിന് ശുപാർശ ചെയ്യുന്നതായി പാകിസ്ഥാനും അറിയിച്ചിരുന്നു.
അധികാരത്തിലെത്തി രണ്ട് ദിവസത്തിനുള്ളില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്ന് വാഗ്‍ദാനം ചെയ്തിരുന്നുവെങ്കിലും അത് പാലിക്കാന്‍ ട്രംപിനായിട്ടില്ല. പശ്ചിമേഷ്യയിലെ സംഘര്‍ഷസാഹചര്യം ആളിക്കത്തിച്ചുകൊണ്ട് ഇറാനെതിരെ വ്യോമാക്രമണം നടത്തുകയും ചെയ്തു. ക്രിമിനല്‍ കേസുകളില്‍ നാല് കുറ്റപത്രങ്ങളാണ് ട്രംപിനെതിരെ ഉണ്ടായിരുന്നത്. ബിസിനസ് രേഖകൾ വ്യാജമാക്കൽ, ദേശീയ സുരക്ഷാ രേഖകൾ ദുരുപയോഗം ചെയ്യൽ, 2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമം എന്നീ കേസുകളിലാണ് കുറ്റപത്രം. ഇറാന്റെ ആണവ പദ്ധതിക്കെതിരെ സൈനിക നടപടി സ്വീകരിക്കാൻ യുഎസിനെ സമ്മര്‍ദത്തിലാക്കിയ നെതന്യാഹു സമാധാന നൊബേലിന് ട്രംപിനെ തന്നെ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനു പുറമേ, വംശഹത്യാ കേസില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് നിലവിലുള്ള നേതാവ് കൂടിയാണ് നെതന്യാഹു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.