26 December 2025, Friday

വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ട്രംപിന്റെ സ്വേച്ഛാധിപത്യമോ

സുശീൽകുട്ടി
July 9, 2025 4:40 am

മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൈയ്യൊപ്പ് ചാർത്തിയ നിയമനിർമ്മാണം ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’(ബിബിബി) അംഗീകരിക്കപ്പെട്ടു. യുഎസിന്റെ സ്വാതന്ത്ര്യദിനമായിരുന്ന ജൂലൈ നാലിന് വൈറ്റ് ഹൗസിൽ ട്രംപ് ബില്ലിൽ ഒപ്പുവച്ചു. ലക്ഷം കോടി ഡോളർ നികുതിയും ചെലവ് ചുരുക്കലും പുതിയ നിയമത്തിൽ ഉൾപ്പെടുന്നു. പ്രതിരോധത്തിനും പ്രസിഡന്റ് ട്രംപിന്റെ കുപ്രസിദ്ധ കുടിയേറ്റ അജണ്ട നടപ്പിലാക്കുന്നതിനുമുള്ള ധനസഹായവും ബിബിബി വർധിപ്പിക്കുന്നു. ‘ബിബിബി’ അംഗീകരിക്കുന്നതിന് അമേരിക്കൻ കോൺഗ്രസിൽ 218 പേർ അനുകൂലമായപ്പോള്‍ 214 പേര്‍ എതിർത്തു. രണ്ട് റിപ്പബ്ലിക്കന്മാരും ബില്ലിനെ എതിർത്തുകൊണ്ട് ഡെ­മോക്രാറ്റുകൾക്കൊപ്പം ചേർന്നു. അമേരിക്കയിലെ ഇതുവരെയുള്ള എല്ലാ പ്രസിഡന്റുമാരിലും മികച്ചവനാണ് ട്രംപ് എന്ന് മാഗാ (make Amer­i­ca great again/അമേരിക്കയെ വീണ്ടും മഹത്തരമാക്കുക) പിന്തുണക്കാർ ചിന്തിക്കുന്നതായി ചില റിപ്പോർട്ടുകൾ പറയുന്നു. എന്തായാലും മുൻ പ്രസിഡന്റ് ജോ ബൈഡൻ നിർഭാഗ്യവാനാണ്, അദ്ദേഹം ട്രംപിനൊപ്പം അമേരിക്കയിൽ ജീവിക്കേണ്ടി വന്നല്ലോ!. ട്രംപിന്റെ വിജയത്തിൽ മാഗാപിന്തുണക്കാർ അമിതാവേശത്തിലാണ്. ചൂട്ടുകത്തിച്ചു നൽകിയാൽ വൈറ്റ് ഹൗസിനു ചുറ്റം പായും ട്രംപ്. വൈറ്റ് ഹൗസിന് ഇത്തരം വിജയകരമായ സാഹചര്യങ്ങൾ പരിചിതമാണെന്നും ട്രംപിന്റെ വിജയം ആഘോഷിക്കാൻ വേറിട്ടൊരു ചിറകിന്റെ ആവശ്യമില്ലെന്നും മാഗാ കൂട്ടം ആർക്കുന്നു. നിങ്ങളാണ് അനധികൃത കുടിയേറ്റക്കാരും അനധികൃത അധിനിവേശക്കാരും എന്ന് ഓർമ്മിപ്പിക്കാൻ തദ്ദേശീയ അമേരിക്കൻ ജനതയുള്ളിടത്തോളം കാലം ട്രംപിന് ആഘോഷിക്കാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. പ്രസിഡന്റ് ട്രംപ് ‘ഞങ്ങൾ വിജയിച്ചു’ എന്നതിൽ വിശ്വസിക്കുന്നില്ല, ‘ഞാൻ, ഞാൻ അഥവാ എന്റേത്’ എന്ന താൻപോരിമയിലൂടെയാണ് ജീവിക്കുന്നത്. ‘ബിബിബി’ ചൂളംമുഴക്കി കോൺഗ്രസ് കടന്നു. പ്രസിഡന്റ് ട്രംപിന് ബില്ലിൽ സന്തോഷിക്കാൻ കാരണങ്ങളും ഉണ്ടായി. ട്രംപിന്റെ അഹങ്കാരത്തിന് ലോകത്തെ മുക്കിക്കളയാൻ ഉതകുംവിധം ബിബിബി ഓവൽ മതിലിൽ തൂങ്ങിക്കിടക്കുന്നു. പ്രധാന കാര്യം, തന്റെ എല്ലാ ആശയങ്ങളും നടപ്പിലാക്കാനുള്ള ഇന്ധനം പ്രസിഡന്റ് ട്രംപിന് ലഭിച്ചുകഴിഞ്ഞുവെന്നതാണ്. ബുദ്ധിമാന്മാരും ബുദ്ധിശൂന്യരുമായി ആരും എതിർക്കാനുമില്ല. ട്രംപ് സ്വയം വിശേഷിപ്പിക്കുന്നത് താനൊരു തന്ത്രശാലിയായ കച്ചവടക്കാരനാണെന്നാണ്. മാംസാവശിഷ്ടങ്ങളും രക്തവും ലാഭമാക്കാനുള്ള കുതന്ത്രം അയാളിലുണ്ട്. ബോംബുവീണ് തകർന്ന ഗാസയിൽ സുഖവാസ കേന്ദ്രം തേടുന്ന മനോഭാവം. ക്യൂവിലുള്ള മനുഷ്യന്റെ വിശപ്പിന്റെ വേദനയെക്കുറിച്ച് ട്രംപ് ചിന്തിക്കുന്നില്ല. അമേരിക്കയിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിൽ നിന്ന് ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ചോ അവിടെ വൃത്തിഹീനമായ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതോ എന്നെങ്കിലും ട്രംപ് ചിന്തിച്ചിട്ടുണ്ടാകുമോ? 

ബിബിബിയെ എതിർത്ത റിപ്പബ്ലിക്കൻ അംഗങ്ങൾ ജനങ്ങളെ നേരിൽ കാണും. ലോകത്തിലെ ഏറ്റവും ധനികനായ എലോൺ മസ്ക് അവർക്കൊപ്പം ചേരുമോ? 14 കുട്ടികളുടെ പിതാവായ എലോൺ മസ്ക് ബിബിബി തള്ളിക്കളയണമെന്നും ട്രംപുമായി പോരാട്ടത്തിന് തയ്യാറാണെന്നും പറഞ്ഞിരുന്നു. കുടിയേറ്റക്കാരെ നാടുകടത്തിയത് മറക്കണമെന്നും അപേക്ഷിച്ചു. ‘ബിബിബിയിൽ സെനറ്റ് അതിന്റെ പങ്കുവഹിച്ചു. പ്രതിപക്ഷം ഒരു അന്തിമ പോരാട്ടത്തിന് തയ്യാറായപ്പോൾ റിപ്പബ്ലിക്കൻ നേതാക്കൾ അവരുടെ പങ്കുവഹിച്ചു. ഒരു ഡെമോക്രാറ്റ് അംഗം എട്ട് മണിക്കൂറും 44 മിനിറ്റും സംസാരിച്ചു. അടുത്ത 10 വർഷത്തിനുള്ളിൽ ബിബിബി ഫെഡറൽ കമ്മിയിൽ 3.4 ലക്ഷം കോടി ഡോളർ കൂട്ടിച്ചേർക്കും. ആരോഗ്യ ഇൻഷുറൻസ് പിന്തുണയില്ലാതെ ദശലക്ഷക്കണക്കിന് ആളുകൾ ജീവിക്കുകയും മരിക്കുകയും ചെയ്യും. മെഡി‌ക്‌എയ്ഡിലും ഇതുമായി ബന്ധപ്പെട്ട പദ്ധതികളിലും വെട്ടിക്കുറയ്ക്കലുകൾ ഉണ്ടാകും. കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ഡ്രൈവുകൾക്കുള്ള ഫണ്ട് ഒരിക്കലും വൈകില്ല. പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ സമീപനം ‘നിയമവിരുദ്ധരായ അന്യഗ്രഹജീവികളെ’ പിടികൂടുകയും എന്നെന്നേക്കുമായി നഗരങ്ങളിൽ നിന്ന് പുറത്താക്കുകയും ചെയ്യും. ബിബിബി വിരുദ്ധ റിപ്പബ്ലിക്കന്മാരിൽ സമ്മർദം ചെലുത്താൻ പ്രസിഡന്റ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിപ്പുകളിട്ടിരുന്നു. “റിപ്പബ്ലിക്കന്മാർക്ക്, ഇത് എളുപ്പമുള്ള ഒരു ‘അതെ’ വോട്ടായിരിക്കണം. ഹാസ്യജനകമാണ് കാര്യങ്ങൾ, റിപ്പബ്ലിക്കന്മാർ എന്തിനാണ് കാത്തിരിക്കുന്നത്? നിങ്ങൾ എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നത്? മാഗ സന്തോഷത്തിലല്ല, നിങ്ങളുടെ വോട്ടുകൾ വിലയായി നൽകേണ്ടി വരും”. ഒട്ടകത്തിന്റെ മുതുകിലെ അവസാനത്തെ വൈക്കോലാണ് അത്. വെണ്ണയെ കത്തികൊണ്ട് മുറിക്കുംപോലെ ബിബിബി എതിർപ്പിനെ മറികടന്നു. ട്രംപിന്റെ ബിബിബിയെ പരാജയപ്പെടുത്താൻ എതിരാളികളായ ഡെമോക്രാറ്റിക് പാർട്ടി സെനറ്റിലും പ്രതിനിധിസഭയിലും കഠിനമായി പോരാടി. നിലവിലുള്ള പല സൗകര്യങ്ങളും നിഷേധിച്ചതിൽ സാധാരണ അമേരിക്കക്കാർ ട്രംപിനോട് രോഷാകുലരാണെന്നും ഇത് 2026 നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമെന്നും ഡെമോക്രാറ്റുകൾ പറയുന്നു. പുതിയ വിജയത്തിന് ശേഷം ട്രംപ് കൂടുതൽ സ്വേച്ഛാധിപതിയായി മാറുമോ? ദേശീയതലത്തിൽ ഡെമോക്രാറ്റിക് പാർട്ടിയുമായുള്ള അടുത്ത തെരഞ്ഞെടുപ്പ് പോരാട്ടത്തിന് മുമ്പ് അദ്ദേഹം സ്വയം പരിഷ്കരിക്കുമോ? എല്ലാം കണ്ടറിയേണ്ടതു തന്നെ.
(ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.