18 December 2025, Thursday

ചരിത്രം സൃഷ്ടിക്കുന്നത് അന്തിച്ചർച്ചകളല്ല

Janayugom Webdesk
July 10, 2025 5:00 am

ജൂലൈ ഒമ്പതിന് ഇന്ത്യൻ തൊഴിലാളിവർഗവും കർഷകരും ഗ്രാമീണ തൊഴിൽ മേഖലയിൽ ഉൾപ്പെടെ കോടാനുകോടി പണിയെടുക്കുന്നവരും തൊഴിൽരഹിതരും അണിനിരന്ന ഏകദിന ദേശീയ പൊതുപണിമുടക്ക് ബുധനാഴ്ച അർധരാത്രിയോടെ പൂർത്തിയായി. 2020 നവംബർ 26ന് നടന്ന പൊതുപണിമുടക്കിന്റെ പങ്കാളിത്തത്തെ മറികടക്കുന്ന ഭാഗഭാഗിത്വമാണ് ഇത്തവണത്തേത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. 30 മുതൽ 40 കോടി ജനങ്ങൾ വരെ ദേശീയ പൊതുപണിമുടക്കിന്റെ വിവിധങ്ങളായ പരിപാടികളിൽ അണിനിരന്നതായാണ് വിലയിരുത്തപ്പെടുന്നത്. പ്രക്ഷോഭം പരാജയമാണെന്ന് വരുത്തിത്തീർക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം പരിഹാസ്യമായ ചില കണക്കുകളുമായി രംഗത്ത് വന്നിരുന്നു. രാജ്യത്തെ 213 തൊഴിൽ യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് തങ്ങളെ അറിയിച്ചതായി മന്ത്രാലയം അവകാശപ്പെട്ടിരുന്നു. ആർഎസ്എസ്, ബിജെപി ബന്ധമുള്ള ബിഎംഎസ് അടക്കമുള്ളവയാണ് അവ. കേന്ദ്രസർക്കാർ രേഖകളനുസരിച്ച് രാജ്യത്ത് മൊത്തം 16,000ത്തില്പരം യൂണിയനുകൾ നിലവിലുണ്ടെന്നത് ആ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. ഇത്തവണത്തെ പൊതുപണിമുടക്കിൽ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) അടക്കം പങ്കെടുത്തുവെന്നതും, തൊഴിലാളി കർഷക പ്രക്ഷോഭത്തെ നിരന്തരം പിന്തുണച്ചുപോന്ന ഇടതുപാർട്ടികൾക്ക് പുറമെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസടക്കം ഘടകകക്ഷികൾ പരസ്യമായി പിന്തുണച്ചുവെന്നതും ശ്രദ്ധേയമാണ്. ബിഹാറിൽ പണിമുടക്കിനോടൊപ്പം വിവാദ വോട്ടർപട്ടിക പുനഃപരിശോധനയിൽ പ്രതിഷേധിച്ചുകൊണ്ട് നടന്ന ‘ചക്കാ ജാമി‘ൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇടതുപാർട്ടികളുടെ ദേശീയ നേതാക്കൾക്കും മഹാ ഗഡ്ബന്ധൻ നേതാക്കൾക്കുമൊപ്പം അണിനിരക്കുകയുണ്ടായി. വസ്തുത ഇതായിരിക്കെ പണിമുടക്കിനെ അപഹസിക്കാനും ഇകഴ്ത്തിക്കാട്ടാനും രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങൾ ഒറ്റക്കെട്ടായി രംഗത്തുവന്നു. അക്കാര്യത്തിൽ രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തിലെ ദൃശ്യമാധ്യമങ്ങളിലെ അന്തിച്ചർച്ചകൾ അങ്ങേയറ്റം പ്രതിലോമകരവും അപഹാസ്യവുമായിരുന്നുവെന്നത് വിസ്മരിച്ചുകൂടാ. 

കേരളത്തെപ്പോലെ പണിയെടുക്കുന്ന ജനവിഭാഗങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുന്ന ഒരു രാഷ്ട്രീയ നടപടിയിൽ ഉണ്ടായേക്കാവുന്ന ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങളിൽ കേന്ദ്രീകരിച്ച് പണിമുടക്കിന്റെ ഉദ്ദേശശുദ്ധിയെത്തന്നെ അപഹസിക്കാനാണ് അന്തിച്ചർച്ചകളിൽ ചിലതെങ്കിലും ശ്രമിച്ചത്. സംഘടിത മേഖലയിലെ തൊഴിലാളികളും ജീവനക്കാരുമായിരിക്കും പണിമുടക്കിന്റെ ഗുണഭോക്താക്കൾ, അസംഘടിത മേഖലയിലെ തൊഴിലാളികളും സാധാരണ പൗരന്മാരും ട്രേഡ്‌ യൂണിയൻ നടപടിയുടെ ഇരകളാണ് എന്ന് വരുത്തിത്തീർത്ത് അവരെ പണിയെടുക്കുന്നവരുടെ അവകാശപ്പോരാട്ടങ്ങൾക്കെതിരെ തിരിച്ചുവിടാനായിരുന്നു ശ്രമം. രാജ്യത്തെ അതിരൂക്ഷമായ തൊഴിലില്ലായ്മയ്ക്കും അതിലേക്ക് നയിക്കുന്ന മോഡിസർക്കാരിന്റെ നയങ്ങൾക്കെതിരെയുമാണ് ഈ പണിമുടക്കെന്നത് ചർച്ചകൾ ബോധപൂർവം മറച്ചുവച്ചു. ഏത് മേഖലയിലും പണിയെടുക്കുന്നവരുടെ ഏറ്റവും കുറഞ്ഞ വേതനം 26,000 രൂപയും പിഎഫ് പെൻഷൻ 9,000 രൂപയും അത്തരം പരിരക്ഷകൾ ഒന്നുമില്ലാത്ത ജനവിഭാഗങ്ങളുടെ കുറഞ്ഞ പെൻഷൻ 6,000 രൂപയും എന്ന രാജ്യത്തെ മഹാഭൂരിപക്ഷത്തിനും ആശ്വാസം പകരുന്ന ആവശ്യത്തോട് ചർച്ച നിശബ്ദത പാലിച്ചു. കോടാനുകോടി ഗ്രാമീണ തൊഴിലാളികൾക്കായി നടപ്പാക്കിയ ലോകത്തെ ഏറ്റവും വലിയ തൊഴിൽദാന പദ്ധതിയെ ശ്വാസംമുട്ടിച്ച് കുഴിച്ചുമൂടുന്നതിനെതിരെയാണ് ഈ പ്രക്ഷോഭമെന്നത് അഭിജാതവർഗ പ്രതിനിധികളായ അന്തിച്ചർച്ചക്കാർക്ക് ചിന്താവിഷയമേ ആയിരുന്നില്ല. രാജ്യത്തിന്റെ പൊതുസമ്പത്ത് സർക്കാർ ഒത്താശയോടെ കൊള്ളയടിക്കുന്ന സ്വകാര്യ കോർപറേറ്റുകൾ നിർബാധം തുടരുന്ന സമ്പത്തിന്റെ ക്രൂരവും നീതിരഹിതവുമായ കേന്ദ്രീകരണത്തെപ്പറ്റിയും, സമ്പത്തിന്റെ നീതിപൂർവമായ പുനർവിതരണം സംബന്ധിച്ച ട്രേഡ്‌ യൂണിയനുകളുടെ നിർദേശത്തെപ്പറ്റിയും ആകാശത്തിനുകീഴിലും അതിന് മീതെയുള്ള എന്തിനെപ്പറ്റിയും അഭിപ്രായമുള്ള ഇക്കൂട്ടർക്ക് മിണ്ടാട്ടമുണ്ടായിരുന്നില്ല. ജനസംഖ്യയിൽ പകുതിയിലേറെപ്പേരുടെ ഉപജീവനമാർഗമായ കാർഷികമേഖലയെക്കുറിച്ചും കാർഷികോല്പന്നങ്ങളുടെ കുറഞ്ഞ താങ്ങുവിലയ്ക്ക് നിയമസാധുത ഉറപ്പുവരുത്തണമെന്ന ആവശ്യത്തെപ്പറ്റിയും അവർക്ക് യാതൊന്നും പറയാനില്ല. രാജ്യം പിന്തുടരുന്ന സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥയ്ക്കുള്ളിലും നയപരിപാടികളുടെ ചട്ടക്കൂടിനുള്ളിലും നിന്നുമാത്രമേ സംസ്ഥാനസർക്കാരിന് പ്രവർത്തിക്കാനാവു എന്ന വസ്തുത നിലനിൽക്കെ വിഴിഞ്ഞം തുറമുഖമുൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി ജനങ്ങളെ കബളിപ്പിക്കാനായിരുന്നു അന്തിച്ചർച്ചക്കാരുടെ ഊന്നൽ. 

23-ാമത്തെ ഈ ദേശീയ പണിമുടക്കും മറ്റൊരു വൃഥാ വ്യായാമമാണെന്ന് വരുത്തിത്തീർക്കാൻ കിണഞ്ഞുശ്രമിച്ചവർ ബ്രിട്ടീഷുകാരടക്കം ഇന്ത്യയെ കീഴടക്കി ഭരിച്ച സാമ്രാജ്യത്വ കോളനിവാഴ്ചയ്ക്കെതിരായ പോരാട്ടദൈർഘ്യം നൂറ്റാണ്ടുകളുടേതാണെന്ന് സൗകര്യപൂർവം വിസ്മരിക്കുന്നു. ഈ പണിമുടക്ക് അവസാനിപ്പിച്ച് സൂര്യനുദിക്കുമ്പോഴേക്കും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും എന്ന വ്യാമോഹം പണിമുടക്ക് ആഹ്വാനം ചെയ്തവർക്കും അതിൽ ആവേശപൂർവം പങ്കെടുത്തവര്‍ക്കും ഇല്ലെന്ന കാര്യം ചർച്ചക്കാർ തിരിച്ചറിയണം. സുദീർഘവും ത്യാഗപൂർണവും നിശ്ചയദാർഢ്യത്തോടു കൂടിയതുമായ ഒരു പോരാട്ടത്തിനാണ് ഈ പണിമുടക്ക് ഇന്ത്യൻ ജനതയെ ആഹ്വാനം ചെയ്യുന്നത്. ശീതീകരിച്ച ടെലിവിഷൻ സ്റ്റുഡിയോകളിൽ അരങ്ങേറുന്ന അന്തിച്ചർച്ചകളല്ല രാജ്യത്തിന്റെയും ജനതയുടെയും ഭാഗധേയം നിർണയിക്കുക. ഭരണവർഗത്തിന്റെ മനുഷ്യത്വഹീനമായ നയപരിപാടികളിലും സാമ്പത്തികാനീതിയിലും പൊറുതിമുട്ടിയ ജനതയൊന്നാകെ രാഷ്ട്രീയ തിരിച്ചറിവോടെ തെരുവുകളിൽ ഒഴുകിനിറയുമ്പോഴാണ് ഭരണകൂടങ്ങളും അവരെ താങ്ങിനിർത്തുന്ന ധനാധീശ ശക്തികളും കടപുഴകുക. ചരിത്രം എക്കാലത്തും അങ്ങനെയായിരുന്നു. അതിന് തിരിച്ചുപോക്കില്ല. അന്തിച്ചർച്ചക്കാരെയും അവരുടെ പ്രത്യയശാസ്ത്രത്തെയും ചരിത്രം തിരുത്തുകതന്നെ ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.