16 December 2025, Tuesday

നിലയ്ക്കാത്ത കോർപറേറ്റ് വിരുദ്ധ സമരം

ദേബേന്ദ്ര സ്വെയിൻ
July 11, 2025 4:45 am

നിലനില്പിനും ജീവനോപാധിക്കും വേണ്ടി ഒഡിഷയിലെ മലയോര ഗ്രാമങ്ങളിൽ നടക്കുന്ന സമരങ്ങൾ ഇപ്പോഴും തുടരുകയാണ്. ഒരു കാലത്ത് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചതായിരുന്നു പ്രസ്തുത സമരമെങ്കിലും ബിജെപി ഭരണത്തിന്റെ വരവോടെ മാധ്യമങ്ങൾ മടിത്തട്ടിലൊതുങ്ങുകയും ഇത്തരം സമരങ്ങളുടെ വാർത്താ പ്രാധാന്യം കുറയുകയും ചെയ്തു. അതിലൊന്നായിരുന്നു ഒഡിഷയിൽ നടന്ന പോസ്കോ വിരുദ്ധ സമരം. വലിയ ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ കീഴടങ്ങി പോസ്കോ കമ്പനി കെട്ടുകെട്ടിയെങ്കിലും അതേ പ്രദേശത്തിന്റെ പ്രകൃതി വിഭവങ്ങളും സ്ഥലസാധ്യതകളും എക്കാലത്തും കോർപറേറ്റ് ലാഭമോഹത്തിന്റെ കണ്ണുകൾക്കുകീഴിൽതന്നെ കിടന്നു. ദക്ഷിണ കൊറിയൻ സ്റ്റീൽ ഭീമൻ പോസ്കോ പോയപ്പോൾ ആധുനിക കച്ചവടത്തിന്റെ കഴുകൻ കണ്ണുകളുമായി ഡൽഹിയിലെയും ഭുവനേശ്വറിലെയും അധികാര കേന്ദ്രങ്ങളിൽ കോർപറേറ്റുകൾ വട്ടമിട്ടുപറക്കുകയും പുതിയ പദ്ധതികളും കരാറുകളും ഒപ്പുവയ്ക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ആദിവാസികൾ ഉൾപ്പെടെ ദുർബല ജനവിഭാഗങ്ങൾക്ക് സമരംതന്നെ ജീവിതമായി. അവരിപ്പോഴും ആ സമരം തുടരുകയാണ്.

2005ലാണ് ഒഡിഷ സർക്കാർ പോസ്കോ കമ്പനിയുമായി ധാരണാ പത്രം ഒപ്പിടുന്നത്. ജഗത്‌സിങ്പൂർ ജില്ലയിലെ എരസാമ ബ്ലോക്കിൽപ്പെട്ട വനത്തോട് ചേർന്ന ഗ്രാമങ്ങളിൽ ഭൂമി ഏറ്റെടുത്ത് വൻകിട സ്റ്റീൽ നിർമ്മാണ ഫാക്ടറി സ്ഥാപിക്കുകയായിരുന്നു കരാറിന്റെ ലക്ഷ്യം. സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വറിൽ പോസ്കോ കമ്പനിയുടെ ആസ്ഥാനം പണിയുന്നതിന് 25 ഏക്കർ, സ്റ്റീൽ പ്ലാന്റ്, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ, വിനോദസൗകര്യങ്ങൾ ഉൾപ്പെടെ ടൗൺഷിപ്പ് എന്നിവയ്ക്കായി എരസാമയിൽ 1,500 ഏക്കർ, ഇതുകൂടാതെ പ്രകൃതി വിഭവങ്ങളുടെ ഖനനവും മറ്റും നടത്തുന്നതിനും കൽക്കരി സംഭരണ ശാലയും മറ്റ് അനുബന്ധ സൗകര്യങ്ങളുമൊരുക്കുന്നതിനുമായി 500 ഏക്കർ എന്നിങ്ങനെ ഭൂമി നൽകുകയായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ.
കണ്ടെത്തിയ സ്ഥലം നൂറുകണക്കിന് വർഷങ്ങളായി പ്രദേശവാസികൾ അധിവസിച്ചുവരുന്ന പ്രദേശമായിരുന്നു. അതിലേറെയും ആദിവാസികൾ ഉൾപ്പെടെ ദുർബല ജനവിഭാഗങ്ങളും. ഈ സാഹചര്യത്തിലായിരുന്നു സിപിഐ, ആദിവാസി സംഘടനകൾ എന്നിവ ചേർന്ന് പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. പോസ്കോ വിരുദ്ധ പ്രതിരോധ സമിതി എന്ന പേരിലുള്ള സംഘടനയ്ക്കുകീഴിൽ വിപുലമായ ജനമുന്നേറ്റത്തിനാണ് മേഖല സാക്ഷ്യം വഹിച്ചത്. രാജ്യത്തിന്റെ പല പ്രദേശങ്ങളിൽ നിന്നും പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമുണ്ടായി. 12 നീണ്ട വർഷങ്ങളാണ് അവിടെയുള്ള ജനങ്ങളുടെ പോസ്കോയ്ക്കെതിരായ ചെറുത്തുനില്പ് നീണ്ടത്. ശക്തമായ ചെറുത്തുനില്പിന് മുന്നിൽ പിടിച്ചുനില്‍ക്കാനാകാതെ പോസ്കോ കമ്പനി പിൻവാങ്ങുകയായിരുന്നു.
നീണ്ടുനിന്ന സമരങ്ങളെ തുടർന്ന് പ്രവർത്തനങ്ങൾ തുടങ്ങാനാകാതെ വന്നു. അതിനിടെ സർക്കാരുമായുണ്ടാക്കിയ കരാർ കാലാവധി 2011ൽ അവസാനിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായി തുടരുന്നതിനാൽ കരാർ ദീർഘിപ്പിക്കുന്നതിന് കമ്പനി താല്പര്യം കാട്ടിയില്ല. എന്നാൽ അതിന് പ്രദേശവാസികൾക്ക് വലിയ വില നൽകേണ്ടിവന്നു. നേതാക്കളും പ്രവർത്തകരുമായ ആയിരക്കണക്കിനാളുകൾക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ അനവധിയായിരുന്നു. ആയിരക്കണക്കിനാളുകളാണ് കെട്ടിച്ചമയ്ക്കപ്പെട്ട നൂറുകണക്കിന് കേസുകളിൽ പ്രതികളാക്കപ്പെട്ടത്. അഞ്ചുപേർക്ക് പൊലീസ് നടപടിയിൽ ജീവൻ നഷ്ടമായി. കുറേയധികം പേർക്ക് പരിക്കേൽക്കുകയും ചിലർക്ക് അംഗപരിമിതിയുണ്ടാകുകയും ചെയ്തു.

ജനകീയ പ്രതിഷേധത്തെ മുഖവിലയ്ക്കെടുക്കാതെ സംസ്ഥാന സർക്കാർ ഇന്ത്യൻ ബഹുരാഷ്ട്ര കോർപറേറ്റ് കമ്പനിയായ ജിൻഡാൽ സൗത്ത് വെസ്റ്റുമായി (ജെഎസ്ഡബ്ല്യു) കരാറുണ്ടാക്കി പുതിയ പദ്ധതിയുമായി 2018ൽ വീണ്ടും രംഗത്തെത്തി. തങ്ങളുടെ വനഭൂമിയില്ലാതെ അതിജീവനം സാധ്യമല്ലാത്തതിനാൽ ജനങ്ങൾക്ക് വീണ്ടും എതിർപ്പുമായി രംഗത്തിറങ്ങേണ്ടിവന്നു. കാരണം ആഗോള കോർപറേറ്റോ പ്രാദേശിക കോർപറേറ്റോ എന്നതായിരുന്നില്ല ജനങ്ങളുടെ പ്രശ്നം. വനവിഭവങ്ങളെ ആശ്രയിച്ച് തലമുറകളായി ജീവിക്കുന്നവരുടെ ജീവിതോപാധിയും നിലനില്പും കവരുന്ന നടപടികൾക്കെതിരെ ആയിരുന്നു. പോസ്കോ വിരുദ്ധ സമിതി എന്നത് ജിൻഡാൽ ആന്റ് പോസ്കോ വിരുദ്ധ പ്രതിരോധ സമിതിയെന്ന പേരുമാറ്റി സമരം വീണ്ടും ശക്തമാക്കി.
പദ്ധതി കൊണ്ടുവരുന്നതിന് മുന്നോടിയായി അവർ അവലംബിച്ച നടപടികളെല്ലാം ദുരൂഹമായിരുന്നു. പ്രദേശവാസികളെ പങ്കെടുപ്പിച്ചായിരുന്നില്ല പാരിസ്ഥിതികാഘാത പഠനം നടത്തിയത്. കമ്പനി സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്രദേശത്തേക്ക് ആരും പഠനത്തിനെത്തിയില്ല. അഞ്ച് കിലോമീറ്റർ അകലെ ഗാഡ്കുജംഗിലായിരുന്നു സിറ്റിങ് നടത്തിയത്. അത്തരമൊരു വ്യാജ പാരിസ്ഥിതികാഘാത പഠനം തട്ടിക്കൂട്ടിയതിനുശേഷം നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. എങ്കിലും ജനങ്ങൾ പ്രക്ഷോഭത്തിൽ നിന്ന് പിന്മാറിയില്ല. സർക്കാരും കമ്പനി അധികൃതരും പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധത്തെ അടിച്ചമർത്താനുള്ള നീക്കം ആരംഭിച്ചു. 2021ൽ വെറ്റിലത്തോട്ടങ്ങളും മറ്റും ബലപ്രയോഗത്തിലൂടെ നശിപ്പിച്ചു. അനുമതി നൽകാതിരുന്നവര്‍ ക്രൂരമായി പൊലീസ് നടപടിക്ക് വിധേയരായി. കേസുകളെടുത്ത് ജയിലിലടയ്ക്കുകയും ചെയ്തു. അങ്ങനെ ഭീതിദമായ അന്തരീക്ഷം സൃഷ്ടിച്ചായിരുന്നു പദ്ധതിയുമായി മുന്നോട്ടുപോയത്.
2021 ഡിസംബർ നാലിന് പുലർച്ചെ മൂന്നിനാണ് എന്നെയും മറ്റ് ചില പ്രവർത്തകരെയും അറസ്റ്റ് ചെയ്യുന്നതിന് പൊലീസെത്തിയത്. നേരത്തെ ചുമത്തിയ കേസിന്റെ പേരിലായിരുന്നു നീക്കമുണ്ടായത്. എന്നെയും ബസന്ത് ഗോചായത്ത്, ചുഗുന ജെന തുടങ്ങിയവരെയും അറസ്റ്റ് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പൊലീസെത്തിയതെങ്കിലും വിവരമറിഞ്ഞ് പ്രദേശവാസികൾ തടിച്ചുകൂടിയതിനാൽ അറസ്റ്റ് നടന്നില്ല. അതിനുശേഷം ഗ്രാമീണർക്കെതിരെ കള്ളക്കേസുകൾ ചുമത്തുകയെന്നത് പതിവാക്കി. ജിൻഡാൽ വിരുദ്ധ സമരത്തിനിടെ മാത്രം ആയിരത്തിലധികം പേരെ പ്രതികളാക്കി. ഇതുവരെ 120 കേസുകളാണ് നിലവിലുള്ളത്. 80ലധികം പേരെ അറസ്റ്റ് ചെയ്ത് വിവിധ കാലയളവുകളിൽ ജയിലിൽ പാർപ്പിക്കുകയും ചെയ്തു.
അതിനിടെ ജനങ്ങളെ കബളിപ്പിക്കുന്നതിനും ഭിന്നിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി. ഗ്രാമങ്ങളെ വിഭജിക്കുന്നുവെന്ന് പ്രഖ്യാപിച്ച് 2021 ഡിസംബർ 20ന് സന്നാഹങ്ങളുമായെത്തി. ഇതിനെതിരെ നേതാക്കൾ പ്രതിഷേധിച്ചപ്പോള്‍ മറ്റിടങ്ങളിലെ ഗ്രാമീണരെ ആക്രമിക്കുകയും പലരെയും അറസ്റ്റ് ചെയ്യുകയും അടിച്ചോടിക്കുകയും ചെയ്തു. 74 പിന്നിട്ട വയോധികനെ പോലും ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ഗ്രാമത്തിന് ചുറ്റും പൊലീസ് ക്യാമ്പുകൾ സ്ഥാപിച്ച് വളഞ്ഞുവച്ചിരിക്കുകയാണ്. ഒരാളെയും പുറത്തേക്ക് പോകാൻ അനുവദിക്കുന്നില്ല. ആരെങ്കിലും അതിന് ശ്രമിച്ചാൽ അറസ്റ്റ് ചെയ്യും. വിട്ടയയ്ക്കണമെങ്കിൽ തങ്ങളുടെ വെറ്റിലപ്പാടങ്ങൾ വിട്ടുകൊടുത്തുകൊള്ളാമെന്ന് വാക്കു നൽകണം. അല്ലെങ്കിൽ ലഹരിക്കേസുൾപ്പെടെ വ്യാജ കുറ്റങ്ങൾ ചുമത്തി ജയിലിലടയ്ക്കുമെന്നതാണ് സ്ഥിതി.
നിയമവിരുദ്ധമായ ഈ അടിച്ചമർത്തലിനൊപ്പം, ഭരണകൂടം പ്രതികാരബുദ്ധിയോടെയാണ് പെരുമാറുന്നത്. ജനങ്ങൾക്ക് റേഷൻ കാർഡുകൾ അനുവദിക്കുന്നില്ല. പൊതുവിതരണ സംവിധാനത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നു. കുട്ടികൾക്ക് സ്കൂൾ സർട്ടിഫിക്കറ്റുകളോ ജാതി സർട്ടിഫിക്കറ്റുകളോ ലഭിക്കുന്നില്ല. ഗ്രാമീണരുടെ സഞ്ചാരം പോലും നിയന്ത്രിക്കപ്പെടുന്നു. സ്വന്തം കൃഷിയിടങ്ങളിലേക്കും വെറ്റിലത്തോട്ടങ്ങളിലേക്കും പോകുന്നതിൽ നിന്ന് തടയുന്നു. അവശ്യവസ്തുക്കളുടെ വിതരണവും തടസപ്പെടുത്തുന്നു. നൂറുവർഷത്തോളം പഴക്കമുള്ള വെറ്റിലത്തോട്ടങ്ങളും മരങ്ങളും ബലപ്രയോഗത്തിലൂടെ നശിപ്പിക്കുന്നു.
2022 ജനുവരി 14ന് ആയിരക്കണക്കിന് ഗ്രാമീണർ പ്രതിഷേധമാർച്ച് നടത്തി. പൊലീസ് തടയുകയും വളഞ്ഞുവയ്ക്കുകയും ചെയ്തു. ജനക്കൂട്ടത്തിനുനേരെ ക്രൂരമായ ലാത്തിച്ചാർജാണ് നടത്തിയത്. നിരവധി പേർക്ക് പരിക്കും അംഗവൈകല്യവും സംഭവിച്ചു. ഈ ഘട്ടത്തിൽ എന്നെയും അറസ്റ്റ് ചെയ്തു. നിഷ്ഠുരമായ ആക്രമണത്തിൽ പല്ലുകൾ നഷ്ടമായി. പ്രാദേശിക ജയിലിൽ അടച്ചു. ഇപ്പോഴും ജനങ്ങൾ തികച്ചും ഭയചകിതരായി കഴിയുകയാണ്. നിരവധി പേർ ഗ്രാമം വിട്ടുപോകുകയും മറ്റിടങ്ങളെ അഭയം പ്രാപിച്ച് ജീവിക്കുകയുമാണ്. 28 മാസമാണ് എനിക്ക് ജയിലിൽ കഴിയേണ്ടിവന്നത്. ഈ ഘട്ടത്തിൽ എന്റെ പിതാവിനെയും ഇളയ സഹോദരനെയും നഷ്ടമായി. അതിനുശേഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഞങ്ങൾ പങ്കെടുത്തു. വലിയ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോഴും സാഹചര്യങ്ങൾ അതേപോലെ നിലനിൽക്കുകയാണ്. ആരെങ്കിലും കമ്പനിക്കെതിരെ സംസാരിക്കുകയാണെങ്കിൽ ജീവൻ ഭീഷണിയിലാണ്. ഇത് ജനാധിപത്യമാണോ എന്ന് ഞങ്ങൾക്ക് അറിയില്ല; ഞങ്ങൾ ഇപ്പോഴും ഒരു രാജവാഴ്ചയുടെ കീഴിലാണ് ജീവിക്കുന്നത് എന്ന പ്രതീതിയാണുള്ളത്. ഗ്രാമീണർക്കെതിരെ ചുമത്തിയിരിക്കുന്ന വ്യാജ ക്രിമിനൽ കേസുകൾ പിൻവലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇന്ത്യൻ ഭരണഘടനയ്ക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസൃതമായി യുഎപിഎ നിയമം റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ വേണം.

(ജിൻഡാൽ ആന്റ് പോസ്കോ വിരുദ്ധ
പ്രതിരോധ സമിതി പ്രസിഡന്റാണ് ലേഖകൻ)

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.