
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍ (ഇസിഎെ) നടത്തുന്ന ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (പ്രത്യേക തീവ്ര പരിഷ്കരണം), യോഗ്യരായവര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടുത്തില്ലെന്നുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം കാപട്യം. കോടിക്കണക്കിന് പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറന്തള്ളുമെന്നും പ്രത്യേക തീവ്ര പരിഷ്കരണം എന്ന പ്രക്രിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഒരിടത്തും പറയുന്നില്ലെന്നും കമ്മിഷന്‍ ആവശ്യപ്പെട്ട രേഖകള്‍ ബിഹാറിലെ വലിയ ജനവിഭാഗത്തിന് അന്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിശ്ചിത സമയപരിധിക്കുള്ളില്‍ മൂന്നു തവണ വീടുകള്‍ തോറും നേരിട്ട് പരിശോധന നടത്തുമെന്ന് പറയുന്നതിന്റെ പ്രായോഗികതയും ചോദ്യം ചെയ്യപ്പെടുന്നു.
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രധാന ഉത്തരവാദിത്തങ്ങളിൽ വോട്ടർ പട്ടികയുടെ സൃഷ്ടി, പരിപാലനം, ശുദ്ധീകരണം എന്നിവ ഉൾപ്പെടുന്നു. ഭരണഘടനയുടെ അനുച്ഛേദം 324, 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ, 1960ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമങ്ങൾ എന്നിവയുടെ ചട്ടക്കൂടിന് കീഴിലാണ് ഇവ നടപ്പാക്കുന്നത്. പുനരുദ്ധാരണ പ്രക്രിയ വിശദീകരിക്കുന്ന കമ്മിഷന്റെ കുറിപ്പനുസരിച്ച്, വീടുതോറുമുള്ള സർവേകൾ, ഫീൽഡ് പരിശോധനകൾ, അവകാശവാദങ്ങളുടെയും എതിർപ്പുകളുടെയും പട്ടിക പരസ്യമായി പ്രദർശിപ്പിക്കൽ, റാൻഡം പരിശോധന, മേൽനോട്ടം വഹിക്കൽ, രാഷ്ട്രീയ പാർട്ടികള്‍ക്ക് കരടും അന്തിമ വോട്ടർ പട്ടികയും പങ്കിടൽ, പേരുകൾ ഒഴിവാക്കൽ എന്നിവയാണുള്ളത്. വോട്ടർ പട്ടികകളുടെ സംഗ്രഹ പരിഷ്കരണം എന്നാണ് പ്രക്രിയയെ വിളിക്കുന്നത്. മറ്റ് തരത്തിലുള്ള പരിഷ്കരണങ്ങളിൽ തീവ്ര പരിഷ്കരണം, ഭാഗികവും തീവ്രവുമായ പുനരവലോകനം എന്നിവ ഉൾപ്പെടുന്നു. എങ്കിലും ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ എന്ന പ്രക്രിയയെക്കുറിച്ച് ഒരിടത്തും പരാമർശമില്ല.
മുൻകാല പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്പെഷ്യൽ ഇന്റൻസീവ് റിവിഷനില്‍ യോഗ്യത തെളിയിക്കേണ്ട ഉത്തരവാദിത്തം വ്യക്തിഗതമായി വോട്ടർമാരിലാണ് എന്നു പറയുന്നു. സംസ്ഥാനവും തെരഞ്ഞെടുപ്പ് കമ്മിഷനും വോട്ടർ രജിസ്ട്രേഷൻ ഉറപ്പാക്കുന്നു എന്ന മുൻ തത്വത്തെ ഇത് മാറ്റിമറിക്കുന്നു. ബിഹാറില്‍ 2003ലെ വോട്ടർ പട്ടികയിൽ ഉള്ളവർ രേഖകൾ നൽകാതെ അവരുടെ വിശദാംശങ്ങൾ പരിശോധിച്ചാൽ മതിയാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവകാശപ്പെടുന്നു. എന്നാല്‍ 2003ലെ പട്ടികയിലുള്ള ആരെങ്കിലും അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, അവർക്ക് വോട്ടവകാശം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
കമ്മിഷന്റെ സമയക്രമമനുസരിച്ച്, ജൂലൈ 26നകം ബൂത്ത് ലെവൽ ഓഫിസർമാർ (ബിഎൽഒ) ഓരോ വോട്ടറെയും ഒരു എണ്ണൽ ഫോമുമായി സന്ദർശിക്കുകയും ഒപ്പുകളും അനുബന്ധ രേഖകളും ശേഖരിക്കുകയും ചെയ്യും. ഇസിഐ വെബ്‌സൈറ്റ് വഴി വോട്ടർമാർക്ക് ഓൺലൈനായി ഫോം ഡൗൺലോഡ് ചെയ്ത് സമർപ്പിക്കാൻ കഴിയുമെങ്കിലും, ഓരോ ബിഎൽഒയും ഓരോ വീടും മൂന്ന് തവണ സന്ദർശിക്കുമെന്നാണ് കമ്മിഷന്‍ പറയുന്നത്. അനുബന്ധ രേഖകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെടുന്നത് വോട്ടർ പട്ടികയിൽ നിന്ന് പേര് സ്വയമേവ നീക്കം ചെയ്യുന്നതിന് കാരണമാകും. ഈ ഒഴിവാക്കലുകൾക്കെതിരായ പരാതികള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബർ ഒന്ന് വരെ മാത്രമേ സമര്‍പ്പിക്കാന്‍ കഴിയൂ. സെപ്റ്റംബർ 30ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
കമ്മിഷന്റെ നിര്‍ദേശമനുസരിച്ച് 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനും ഇടയിൽ ജനിച്ചവർ തങ്ങളുടെയും ഒരു രക്ഷിതാവിന്റെയും രേഖകൾ സമർപ്പിക്കണം. ഡിസംബർ രണ്ടിന് ശേഷം ജനിച്ചവർ തങ്ങളുടെയും മാതാപിതാക്കളുടെയും ജനനത്തെളിവ് നൽകണം. സ്വീകാര്യമായ രേഖകളിൽ ജനന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ടുകൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, സ്ഥിര താമസം, വനാവകാശം, ജാതി സർട്ടിഫിക്കറ്റുകൾ, സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ, സർക്കാർ നൽകുന്ന ഭൂമി അല്ലെങ്കിൽ വീട് അനുവദിക്കാനുള്ള സർട്ടിഫിക്കറ്റുകൾ, സർക്കാർ ജീവനക്കാർക്കോ പെൻഷൻകാർക്കോ നൽകുന്ന രേഖകൾ, 1967ന് മുമ്പ് പൊതു അധികാരികൾ നൽകിയ മറ്റ് രേഖകൾ എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ ആധാറും റേഷൻ കാർഡും ഉൾപ്പെടുത്തിയിട്ടില്ല.
കമ്മിഷന്റെ കണക്കുകൾ പ്രകാരം, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ 7,72,59,579 പേർ വോട്ട് ചെയ്തു. ഇതിലെ 2003ലെ പട്ടികയിൽ പേരുള്ള 4.96 കോടി വോട്ടർമാര്‍ ഒരു രേഖയും സമർപ്പിക്കേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നു. 2.77 കോടി വോട്ടർമാരെ മാത്രമേ ഈ നീക്കം ബാധിക്കുകയുള്ളൂവെന്നാണ് ഇസിയുടെ വാദം. 2003ലെ 4.96 കോടി വോട്ടര്‍മാരില്‍, ഏകദേശം 1.1 കോടി പേർ മരിച്ചുവെന്ന് സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇസിഐ അവരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. സർക്കാരിന്റെ കണക്കനുസരിച്ച് 2003ലെ പട്ടികയിലുള്ള കുറഞ്ഞത് 94 ലക്ഷം പേര്‍ സംസ്ഥാനത്തിന് പുറത്തേക്ക് സ്ഥിരമായി കുടിയേറിയിട്ടുണ്ട്. അതായത് 3.16 കോടി വോട്ടർമാർ മാത്രമാണ് പട്ടികയില്‍ അവശേഷിക്കുന്നത്. 2003ലെ പട്ടികയിലുള്ള ഈ 3.16 കോടി ആളുകൾക്ക് യോഗ്യതാ രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല. ബാക്കിയുള്ള 4.57 കോടി വ്യക്തികൾ രേഖകൾ സമർപ്പിക്കേണ്ടിവരും.
തിരിച്ചറിയൽ രേഖയായി കമ്മിഷൻ പരാമർശിച്ചവയുടെ പട്ടികയിൽ നിർണായകവും വ്യാപകമായി ലഭ്യമായതുമായ ആധാർ കാര്‍ഡും റേഷൻ കാർഡും ഉള്‍പ്പെടുന്നില്ല. 2022ലെ ജാതി സെൻസസ് അനുസരിച്ച്, ബിഹാറിൽ ഏകദേശം 20.47 ലക്ഷം ആളുകൾ സർക്കാർ ജോലി ചെയ്യുന്നു. അവരിൽ പകുതിയിൽ താഴെ പേർ മാത്രമാണ് 18–40 പ്രായപരിധിയിൽ വരുന്നത്. അതായത് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡോ പെന്‍ഷന്‍ കാര്‍ഡോ ആ പ്രായത്തിലുള്ള രണ്ട് ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ബാധകം. 1987 ജൂലൈ ഒന്നിന് മുമ്പുള്ള ഐഡി നിലവിലെ 18–40 പ്രായപരിധിക്ക് അപ്രസക്തമാണ്. ജനന സർട്ടിഫിക്കറ്റ്, 2001നും 2005നും ഇടയിൽ ജനിച്ച ബിഹാറികളിൽ 2.8 % പേർക്ക് മാത്രമേ കൈവശമുള്ളൂ.
പാസ്പോർട്ട് ഉള്ളത് ഏകദേശം 2.4 % പേര്‍ക്ക് മാത്രമാണ്. മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, 18–40 വയസ് പ്രായമുള്ളവരിൽ ഏകദേശം 45 – 50 % പേർക്ക് ലഭ്യമാണ്. വനാവകാശ സർട്ടിഫിക്കറ്റുകളും അപ്രസക്തമാണ്, കാരണം ബിഹാറില്‍ 1.3 % മാത്രമേ പട്ടികവർഗക്കാരുള്ളൂ, വളരെ കുറച്ച് പേർ മാത്രമേ വനപ്രദേശങ്ങളിൽ താമസിക്കുന്നുമുള്ളൂ. ജാതി സർട്ടിഫിക്കറ്റുകളാകട്ടെ (ഒബിസി/എസ്‌സി/എസ്‌ടി) ഏകദേശം 25 ശതമാനത്തിൽ താഴെ കുടുംബങ്ങൾ മാത്രമേ കൈവശം വയ്ക്കാൻ സാധ്യതയുള്ളൂ. ബിഹാറിൽ കുടുംബ രജിസ്റ്റർ ബാധകവുമല്ല. ഭൂമി അല്ലെങ്കിൽ വീട് അനുവദിക്കൽ സർട്ടിഫിക്കറ്റാണ് പറയുന്ന മറ്റൊരു രേഖ. സർക്കാർ ഭവന സർട്ടിഫിക്കറ്റുകൾ സാധാരണയായി ജീവനക്കാർക്കാണ് നൽകുന്നത്, പിഎംഎവൈ-ജി പോലുള്ള പദ്ധതികളുടെ ഗുണഭോക്താക്കൾക്കല്ല. മെട്രിക്കുലേറ്റ് ചെയ്യാത്ത മിക്കവർക്കും പാസ്പോർട്ട്, സർക്കാർ ജോലി, ജാതി സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടാകാൻ സാധ്യതയില്ല.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ നിയമങ്ങൾ പ്രകാരം, 18–40 വയസ് പ്രായമുള്ള വോട്ടർമാർക്ക് മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് ഫലത്തിൽ പ്രായം തെളിയിക്കല്‍ രേഖയായി മാറുന്നു. ഇത് വിദ്യാഭ്യാസ യോഗ്യത വോട്ടവകാശം നിർണയിക്കുന്ന ഒരു സംവിധാനം സൃഷ്ടിക്കുമെന്ന് വിലയിരുത്തുന്നു. ദാരിദ്ര്യം കാരണം സ്കൂൾ വിട്ട, ഏകദേശം 2.4 മുതൽ 2.6 കോടി വരെ ആളുകളെ ഇത് മാറ്റിനിർത്തും. 2003ലെ വോട്ടർ പട്ടികയിൽ പേരില്ലാത്ത 40 വയസിനു മുകളിലുള്ളവരെയോ നിലവിലെ പട്ടികയുമായി പേരുകൾ പൊരുത്തപ്പെടാത്തവരെയോ കൂടി പരിഗണിക്കുമ്പോൾ, അവകാശം നിഷേധിക്കപ്പെട്ട വ്യക്തികളുടെ എണ്ണം കൂടുതൽ വർധിക്കും. ഇവർ നിയമവിരുദ്ധ കുടിയേറ്റക്കാരല്ല, മറിച്ച് ജനന സർട്ടിഫിക്കറ്റുകൾ നൽകാനോ അടിസ്ഥാന വിദ്യാഭ്യാസം നേടാനോ ജാതി രേഖകൾ നൽകാനോ സംസ്ഥാനത്തിന്റെ കഴിവില്ലായ്മ മൂലം പരാജയപ്പെട്ട പൗരന്മാരാവും.
ഉയരുന്ന മറ്റൊരു ചോദ്യം പരിശോധനയുടെ സമയപരിധിയെക്കുറിച്ചാണ്. സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫിസർ വിനോദ് സിങ് ഗുഞ്ചിയാലിന്റെ അഭിപ്രായത്തിൽ, സംസ്ഥാനത്ത് നിലവില്‍ 77,895 ബൂത്ത് ലെവൽ ഓഫിസർമാരും (ബിഎൽഒ) പുതിയ ബൂത്തുകൾക്കായി ഏകദേശം 14,000 പേരുമാണുള്ളത്. അതായത് 91,895 ബിഎൽഒമാർ ഏകദേശം എട്ട് കോടി വോട്ടർമാരെ രജിസ്റ്റർ ചെയ്യണം. അതിനാൽ ഓരോ ബിഎൽഒയും 838 വോട്ടർമാരെ പരിശോധിക്കേണ്ടതുണ്ട്. സ്പെഷ്യൽ ഇന്റൻസീവ് റിവിഷനുള്ള ഇസിയുടെ മാർഗനിർദേശമനുസരിച്ച് ബിഎൽഒ ഓരോ വോട്ടറെയും മൂന്ന് തവണ സന്ദർശിക്കണം. അതായത് രണ്ട് മാസത്തിനുള്ളിൽ, ഒരു ബിഎൽഒ 2,513 എൻട്രികൾ സർവേ ചെയ്യുകയും തുടർന്ന് ഉന്നയിക്കപ്പെടുന്ന തർക്കങ്ങൾ കൈകാര്യം ചെയ്യുകയും വേണം. ഇത് തികച്ചും അപ്രായോഗികമാണ്.
(ദ ക്വിന്റ്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.