
സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കുട്ടംകുളം സമരഭൂമിയിൽ നിന്നും കാനം രാജേന്ദ്രൻ നഗറിലേക്ക് (അയ്യങ്കാവ് മൈതാനം) നടന്ന റെഡ് വോളണ്ടിയർ മാർച്ചും ബഹുജന റാലിയും കരുത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതീകമായി. വനിതകളും കുട്ടികളുമടക്കം ആയിരത്തിലേറെ റെഡ് വോളണ്ടിയർമാര്‍ക്കൊപ്പം പാർട്ടി അംഗങ്ങളും ബഹുജനങ്ങളുമുൾപ്പെടെ ആയിരങ്ങള്‍ കൂടി അണിനിരന്നതോടെ നഗരം ചുവന്നു.പ്രതികൂല കാലാവസ്ഥയിലും ചോരാത്ത ആവേശവുമായി ചെമ്പടയുടെ റൂട്ട് മാർച്ച് റോഡിനിരുവശത്തും തിങ്ങിനിറഞ്ഞ കാഴ്ചക്കാർക്കും ആവേശമായി. 13 മണ്ഡലങ്ങളിൽ നിന്നുള്ള ചുവപ്പു സേനയ്ക്ക് അകമ്പടി തീർത്ത് ബാൻഡ് വാദ്യസംഘവും ഉണ്ടായിരുന്നു.
ക്യാപ്റ്റൻ പി കെ ശേഖരനും വൈസ് ക്യാപ്റ്റൻ രാകേഷ് കണിയാംപറമ്പിലും മാർച്ച് നയിച്ചു. ക്യാപ്റ്റനിൽ നിന്നും സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ചെങ്കൊടി ഏറ്റുവാങ്ങി. സിപിഐ ദേശീയ കൗൺസിലംഗം റവന്യുമന്ത്രി കെ രാജൻ സല്യൂട്ട് സ്വീകരിച്ചു. അന്തിക്കാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും പതാക ജാഥയും പരിയാരം കര്‍ഷക സമര സ്മൃതി കുടീരത്തില്‍ നിന്നും ബാനര്‍ജാഥയും എടത്തിരിഞ്ഞി വി വി രാമന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും കൊടിമര ജാഥയും എത്തിച്ചേര്‍ന്നു. പൊതുസമ്മേളന നഗരിയില്‍ മുതിർന്ന നേതാവ് കെ ശ്രീകുമാര്‍ പതാക ഉയര്‍ത്തി. മന്ത്രി കെ രാജന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കെ കെ വത്സരാജ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ഇന്ദ്രൻസ് മുഖ്യാതിഥിയായി.
സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം കെ പി രാജേന്ദ്രൻ, ദേശീയ കൗൺസിലംഗങ്ങളായ സത്യൻ മൊകേരി, രാജാജി മാത്യു തോമസ്, സംസ്ഥാന എക്സിക്യൂട്ടീവംഗങ്ങളായ സി എൻ ജയദേവൻ, എൻ രാജൻ, സംസ്ഥാന കൗൺസിലംഗങ്ങളായ വി എസ് സുനിൽകുമാർ, വി എസ് പ്രിൻസ്, ഷീല വിജയകുമാർ, കെ ജി ശിവാനന്ദൻ, കെ പി സന്ദീപ്, രാകേഷ് കണിയാംപറമ്പിൽ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി ബാലചന്ദ്രൻ എംഎൽഎ, ടി ആർ രമേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു. 13 വരെയാണ് സമ്മേളനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.