9 December 2025, Tuesday

പാവങ്ങൾ ലോകഭൂപടത്തിലെ സ്നേഹരേഖ

ഡോ. എ മുഹമ്മദ്കബീർ
July 13, 2025 6:05 am

നുഷ്യജീവിതത്തെ എല്ലാ നിറഭേദങ്ങളോടെയും അടയാളപ്പെടുത്തുമ്പോഴാണ് നോവൽ ജീവസുറ്റൊരു ആഖ്യാനമായി മാറുന്നത്. അരികുജീവിതം എഴുതുന്നവർ സാഹിത്യത്തിൽ ഏറെയുണ്ട്. എന്നാലതിന് ലോകത്തിന്റെ മുഴുവൻ പ്രാതിനിധ്യം കൈവരുന്നത് നമുക്കധികം കാണാനാവില്ല. ലോകത്തിലെ മുഴുവൻ സാധാരണ മനുഷ്യരുടെയും കഥയെ ‘ലാമിറാബെലെ’ എന്ന ഒറ്റ ക്യാൻവാസിലൊതുക്കിയ കൈയടക്കമാണ് വിക്ടർ യൂഗോ പുലർത്തിയത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ചുജീവിതം സമഗ്രതയിൽ അവതരിപ്പിക്കുകയാണ് ഈ നോവലിൽ വിക്ടർ യൂഗോ ചെയ്തത്. ഫ്രഞ്ചുസാഹിത്യകാരനായ വിക്ടർ യൂഗോയുടെ ലാമിറാബലെയുടെ മലയാളപരിഭാഷ ആദ്യമായി നിർവഹിച്ചത് നാലപ്പാട്ട് നാരായണമേനോനാണ്. ‘പാവങ്ങൾ’ എന്നാണദ്ദേഹമതിന് പേരിട്ടത്. ലോകത്തെങ്ങുമുള്ള പാവങ്ങൾക്ക് ഒറ്റ പേരേയുള്ളൂ — മനുഷ്യൻ. അവൻ എല്ലാ രാജ്യങ്ങളിലും കിടന്ന് കഷ്ടപ്പെടുകയും എല്ലാ ഭാഷകളിലും നിലവിളിക്കുകയും ചെയ്യുന്നു. കെട്ടുറപ്പുള്ളൊരു കഥയെന്നതിൽ നിന്ന് അതിസാന്ദ്രമായൊരു നിബിഢവനമായി പരിണമിക്കുന്ന വിസ്മയം കൂടിയാണ് പാവങ്ങൾ. വിവർത്തനത്തെ സാംസ്കാരിക ദൗത്യമാക്കിയ പ്രതിഭാശാലിയായിരുന്നു നാലപ്പാട്ട് നാരായണമേനോൻ. വിവർത്തകൻ മാത്രമല്ല കവി എന്ന നിലയിലും പ്രസിദ്ധനായ നാരായണമേനോൻ തന്റെ പ്രിയപത്നി കാളിപുറയത്ത് മാധവിയമ്മയുടെ അകാലവിയോഗത്തിൽ മനംനൊന്തെഴുതിയ വിലാപകാവ്യമാണ് കണ്ണുനീർത്തുള്ളി. ഭാവഗീതരചനയിലും ചുവടുറപ്പിച്ച നാരായണമേനോന് വഴങ്ങാത്ത മേഖലകളുണ്ടായിരുന്നില്ല. ജീവിതത്തിൽ ഏറ്റവും അവസാനത്തേതായിപ്പോയ മനുഷ്യരോടുള്ള ഐക്യദാർഢ്യമാണ് പ്രധാനമെന്ന് വിശ്വസിച്ച വിക്ടർ യൂഗോയുടെ ചിന്തയാണ് നാരായണമേനോനും പിന്തുടർന്നത്. 

1925 ൽ മാതൃഭൂമിയിലാണ് പാവങ്ങൾ പ്രസിദ്ധീകരിച്ചത്. ഇതിലൂടെ നാലപ്പാട്ട് നാരായണമേനോൻ നിർവഹിച്ചതൊരു ചരിത്രദൗത്യമാണ്. ലോകസാഹിത്യത്തിന്റെ ഊർജരൂപമായ യൂഗോയുടെ കാലാതിവർത്തിയായൊരു രചനയെ മലയാളത്തിൽ പരിചയപ്പെടുത്തുകയായിരുന്നു നാരായണമേനോൻ. മലയാളിയുടെ ഭാവുകത്വത്തെയും സംവേദനശീലങ്ങളെയും ആ രചന ആഴത്തിൽ തൊട്ടു. ദാരിദ്യ്രവും പട്ടിണിയും കഷ്ടപ്പാടും പ്രമേയമാകുന്നതിൽ അക്കാലത്ത് പുതുമയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ആർദ്രതയുടെയും കനിവിന്റെയും സഹാനുഭൂതിയുടെയും പുതുപാഠങ്ങൾ നിറഞ്ഞ പാവങ്ങൾ അനാദിയായി പരക്കുന്ന സ്നേഹത്തിന്റെ പരിമളമാണ് പരത്തിയത്. വേദനയുടെയും തുള്ളിമുറിയാത്ത ആത്മനൊമ്പരങ്ങളുടെയും പ്രതിഫലനമായ പാവങ്ങൾ മലയാളിക്ക് ഉറക്കം ഞെട്ടിയ രാവുകളാണ് സമ്മാനിച്ചത്. നാരായണമേനോനു ശേഷം നിരവധി വിവർത്തനങ്ങളാണ് പാവങ്ങൾക്ക് മലയാളത്തിലുണ്ടായത്. നാലപ്പാടന്റെ പദാനുപദ തർജമയ്ക്കൊപ്പമെത്താൻ മറ്റാർക്കും കഴിഞ്ഞില്ല. കഥാനായകന്റെ പേര് ഴാങ് വാൽ ഴാങ് എന്ന ഫ്രഞ്ച് ഉച്ചാരണം തന്നെ നാരായണമേനോൻ വിവർത്തനത്തിലും നൽകിയപ്പോൾ മറ്റു പലരും ജീൻവാൽജീനെന്ന പേരാണ് ഉപയോഗിച്ചത്. 

ദരിദ്രനായ ‘ഴാങ് വാൽഴാങ’ മരംവെട്ടുകാരനായിരുന്നു. വിധവയായ സഹോദരിയുടെയും ഏഴുമക്കളുടെയും സംരക്ഷണവും അയാളുടെ ചുമലിലായിരുന്നു. കഠിനമായൊരു മഴക്കാലത്തുണ്ടായ തൊഴിൽ നഷ്ടം ആ കുടുംബത്തിന്റെ പട്ടിണിയുടെ ആഴം കൂട്ടി. മക്കൾ വിശന്നുകരയുന്നതുകണ്ട് വിഷണ്ണനായ ഴാങ് വാൽ ഴാങ് ഒരു പള്ളിക്കടുത്തുള്ള ബേക്കറിയിൽ നിന്ന് റൊട്ടി മോഷ്ടിക്കുന്നു. അലമാരച്ചില്ലുകൊണ്ട് മുറിവേറ്റ് രക്തമിറ്റുന്ന കൈയുമായി ഓടിയെങ്കിലും കടയുടമ പിന്തുടർന്നതിനാൽ അയാൾ റൊട്ടി വലിച്ചെറിഞ്ഞു. പൊലീസ് പിടിയിലായ ഴാങ് വാൽ ഴാങിന് അഞ്ചു വർഷത്തെ തടവുശിക്ഷ ലഭിച്ചു. ജയിൽ ചാട്ടത്തിന് പലവുരു പിടിക്കപ്പെട്ടതിനാൽ ശിക്ഷ നീണ്ടുപോയി. പത്തൊമ്പത് വർഷങ്ങൾക്കു ശേഷമാണയാൾക്ക് മോചനം ലഭിച്ചത്. ജയിലിൽ നിന്ന് ലഭിച്ച മഞ്ഞക്കാർഡ് എവിടെയും കാണിക്കണമെന്നത് അയാൾക്ക് മറ്റൊരു ശിക്ഷയായി. വിശപ്പിൽ വെന്ത ഴാങ് വാൽ ഴാങിന് അഭയമേകിയത് ഡി നഗരത്തിലെ മെത്രാൻ. ഭക്ഷണത്തോടൊപ്പം തലചായ്ക്കാനിടവും അദ്ദേഹം നൽകി. മെത്രാന്റെ മുറിയിൽനിന്ന് വെള്ളിവസ്തുക്കൾ മോഷ്ടിച്ച ഴാങ് വാൽ ഴാങ് അന്നുരാത്രി മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. പൊലീസുകാരുടെ കൈയിലകപ്പെട്ട ഴാങ് വാൽ ഴാങിനെ അവർ മെത്രാന്റെ അടുത്തേക്ക് കൊണ്ടു വന്നു. മെത്രാൻ ഴാങ് വാൽ ഴാങ്ങിനോട് വെള്ളിസാധനങ്ങൾക്കൊപ്പം താൻ നൽകിയ വെള്ളിമെഴുകുതിരിക്കാലുകൾ കൂടി കൊണ്ടുപോകാത്തതെന്താണെന്ന് ചോദിച്ചു. മെത്രാൻ നൽകിയ വസ്തുക്കളാണ് ഴാങ് വാൽ ഴാങിന്റെ കൈയിലുണ്ടായിരുന്നതെന്നും അയാളൊരു മോഷ്ടാവല്ല എന്നും ചിന്തിച്ച പൊലീസുകാർ അയാളെ വിട്ടയച്ചു. ഇനി വരുമ്പോൾ തോട്ടത്തിലൂടെ വരേണ്ടതില്ലെന്നും മുൻവശത്തുള്ള വാതിലിലൂടെ വന്നാൽ മതിയെന്നും പൊലീസുകാർ കേൾക്കെ മെത്രാൻ ഴാങ് വാൽ ഴാങിനോട് പറയുകയും ചെയ്തു. മെത്രാന്റെ വാക്കുകൾ ഴാങ് വാൽ ഴാങ്ങിന്റെ മിഴി നനച്ചു. സ്വർണവും പണവും കുന്നുകൂട്ടിയിട്ട് കാര്യമില്ലെന്നും അത് ആവശ്യക്കാരിലെത്തുകയാണ് പ്രധാനമെന്നുമുള്ള തീർപ്പിന്റെ രാഷ്ട്രീയമാണ് മെത്രാനെ നയിക്കുന്നത്. 

ഡിയിലെ മെത്രാനെ അവതരിപ്പിച്ചുകൊണ്ട് തുടങ്ങുന്ന നോവൽ അപരസ്നേഹത്തിന്റെ അഗാധദൃശ്യമാണ് കാണിച്ചുതരുന്നത്. തന്റെ വിശാലമായ ആഢംബരഭവനം ആതുരാലയത്തിന് നൽകി സമീപത്തുള്ള ഒരു ചെറുഭവനത്തിൽ സന്തോഷത്തോടെ താമസിക്കുന്ന മെത്രാൻ ക്രിസ്തുദേവന്റെ ദയാവായ്പിനെ ഓർമപ്പെടുത്തുന്നു. ‘ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്’ എന്ന കർത്താവിന്റെ സുവിശേഷവാക്യം പ്രാവർത്തികമാക്കുകയാണ് അശരണർക്കഭയകേന്ദ്രമാകുന്ന മെത്രാൻ. നീതിന്യായസംവിധാനങ്ങൾ പൗരർക്ക് ആശ്രയമൊരുക്കുവാനാണ് പ്രവർത്തിക്കുന്നതെങ്കിലും മനുഷ്യജീവിതത്തെ അതിന്റെ സമഗ്രതയിൽ നോക്കിക്കാണാനും വ്യാഖ്യാനിക്കുവാനും പരാജയപ്പെടുന്നുവെന്നാണ് ഴാങ് വാൽ ഴാങിന്റെ തടവുജീവിതം ഓർമപ്പെടുത്തുന്നത്. മുൻവിധികൾ മുഖ്യമാകുന്ന വിധിന്യായങ്ങൾ മനുഷ്യരെ നന്നാക്കുന്നതിനുപകരം ദുഷിപ്പിക്കുന്നു. ജയിൽമോചിതനാകുന്ന ഴാങ് വാൽ ഴാങിന് പൗരനെന്ന പരിഗണനയും സമൂഹം നിഷേധിക്കുകയാണ്. എന്നാൽ മെത്രാനയാളുടെ ഭൂതകാലം തേടുന്നതേയില്ല. വിശക്കുന്നവന് അന്നവും തളർന്നവന് കിടക്കയുമൊരുക്കുമ്പോൾ മെത്രാൻ കുരിശുമരണം വരിച്ച ക്രിസ്തുവിനോട് ഐക്യപ്പെടുകയാണ്. മെത്രാന്റെ വീടിന്റെ മുൻവാതിൽ എല്ലാവർക്കുമായി എപ്പോഴും തുറന്നുകിടന്നു. പത്രോസും യൂദാസും തുല്യനിലപൂണ്ട ക്രിസ്തുഹൃദയത്തിൽ നിന്ന് ഉയർന്നുകേട്ടത് എപ്പോഴും കനിവിന്റെ കടലിരമ്പം മാത്രമായിരുന്നല്ലോ. തെറ്റുകൾ പൊറുക്കുന്നതു വഴി തെറ്റുകൾ ഇല്ലാതാക്കാൻ കഴിയുമെന്നതൊരു ലളിതയുക്തിയല്ല; അതൊരു മഹിത സന്ദേശമാണ്. അത്തരമൊരു സന്ദേശമാണ് മെത്രാൻ നൽകുന്നത്. ചെറിയ തെറ്റിനു പോലും വലിയ ശിക്ഷയെന്ന രാജനീതിയല്ല ശരിയിലേക്ക് വഴിനടത്തുന്ന മധുരവാക്യമാണ് ചിലപ്പോൾ മഹനീയമാകുന്നത്. ആരും കുറ്റക്കാരായി ജനിക്കുന്നില്ല; സാഹചര്യങ്ങളാണ് ഒരുവനെ കുറ്റക്കാരനാക്കുന്നതെന്ന പുരോഗമനവാക്യം ഉരുവിടുന്നവർ അത്തരം സാഹചര്യങ്ങളെ എങ്ങനെ അതിജീവിക്കാമെന്ന രാഷ്ട്രീയവിദ്യാഭ്യാസമാണ് കുറ്റവാളികൾക്ക് നൽകേണ്ടതെന്ന സന്ദേശവും ഈ നോവൽ മുന്നോട്ടുവയ്ക്കുന്നു. നിയമം നീതിയാൽ തിരുത്തപ്പെടണം. സ്നേഹം ഒരു രാഷ്ട്രീയമൂല്യമായി മാറുന്നിടത്താണ് പ്രപഞ്ചം സൗന്ദര്യപ്പൂക്കളാൽ അലംകൃതമാവുന്നത്. അതുകൊണ്ടുതന്നെയാണ് പാവങ്ങൾ നോവലെന്ന പേരുവിട്ട് സമഗ്രവ്യവഹാരമെന്ന തന്മയീഭാവം കൈവരിക്കുന്നത്. അനന്തതയെക്കുറിച്ചെഴുതിയ ദീർഘോപന്യാസമെന്ന വിശേഷണം ഇകഴ്ത്തലല്ല മറിച്ച് നോവലിനുള്ള പുകഴ്ത്തലാണ്. തിന്മയ്ക്കുമേൽ ഉയരങ്ങൾ തേടുന്ന മഹാനന്മയായി പാവങ്ങൾ മാറുന്നു. മെത്രാന്റെ സ്നേഹസ്പർശം ഴാങ് വാൽ ഴാങ്ങിൽ മാനസികപരിവർത്തനമുണ്ടാക്കി. ഏതൊരു കഠിനഹൃദയന്റെയും മനസിനെ തൊടുകയാണ് അയാളെ ലളിതഹൃദയനാക്കാനുള്ള വഴി. ആ വഴിയിലാണ് മെത്രാൻ സഞ്ചരിക്കുന്നത്. മെത്രാനിൽ നിന്ന് തന്നിലേക്കൊഴുകിയ സ്നേഹത്തെ അനേകരിലേക്ക് പടർത്തുകയായിരുന്നൂ ഴാങ് വാൽ ഴാങ്. 

ലാവണ്യരൂപമാർന്ന കഥാപാത്രങ്ങളാൽ സമ്പന്നമാണ് പാവങ്ങൾ. നാട്ടുപ്രമാണിയുടെ ചതിയിൽപ്പെട്ടുപോകുന്ന ഫന്തീനും, അവരുടെ മകളും നോവലിലെ നായികയുമായ കൊസെത്തും വായനക്കാരുടെ മനസിൽ മിഴിവോടെ നിൽക്കും. സമ്പത്തുണ്ടായിട്ടും ദാരിദ്യ്രം സ്വയംവരിച്ച് ജീവിതത്തിന് പുതിയ വ്യാഖ്യാനങ്ങൾ തീർക്കുകയാണ് കൊസെത്തിന്റെ പ്രണേതാവായ മരിയൂസ്. അയാൾക്ക് യുദ്ധത്തിൽ മാരകമുറിവേൽക്കുമ്പോൾ രക്ഷപ്പെടുത്തുന്നത് ഴാങ് വാൽ ഴാങാണ്. നിയമത്തിന്റെ കാർക്കശ്യം പുലർത്തുന്ന ഇൻസ്പെക്ടർ ഴാവർ, നന്മയുടെ പ്രതിരൂപമായ ഗിർനോർമൽ വല്യച്ചൻ, തെരുവ് ബാലനായ ഗവ്രേഷ് എന്നിവരും ഈ നോവലിൽ സജീവമാണ്. 

നോവൽ നേരമ്പോക്കിനുള്ള ഉപാധിയല്ലെന്നും മഹാസങ്കടങ്ങളുടെയും തിരിച്ചറിവുകളുടെയും ചേർത്തുനിർത്തലിന്റെയും ഹരിതശാലയാണെന്നുമുള്ള ബോധ്യത്തിലേക്ക് വായനക്കാരെ കൊണ്ടെത്തിക്കാൻ പാവങ്ങൾക്കായി. മരണഭീതിയും രോഗവും പട്ടിണിയും നിറഞ്ഞ മനുഷ്യജീവിതത്തെ വാഴ്ത്തുശീലുകളുടെ ഈണമല്ല, ദുരിതപർവങ്ങളുടെ തീനിലങ്ങളാണ് കാത്തിരിക്കുന്നതെന്ന ഉറച്ചബോധ്യമാണ് നോവലിസ്റ്റിന്റേത്. എന്നാൽ അവയെല്ലാം സ്നേഹമെന്ന ഒറ്റമൂലികൊണ്ട് കീഴടക്കാമെന്ന വിസ്വാസമാണ് നോവലിസ്റ്റിനുള്ളത്. നൂറ്റാണ്ടുതികഞ്ഞ പാവങ്ങളെന്ന തർജമപ്പുസ്തകം ഉള്ളടക്കത്തിൽ മാത്രമല്ല രൂപഘടനയിലും കനപ്പെട്ടതാണ്. അതിരുകൾക്കുള്ളിൽ രാജ്യത്തെ അടയാളപ്പെടുത്തുന്നവരും ദേശീയതയെന്ന പുറംമോടിയിൽ അഭിരമിക്കുന്നവരും ഭൂപടത്തിലെ അതിർത്തിരേഖകൾ മായ്ക്കുന്ന ഈ നോവൽ വായിക്കണം. ഇതിലെ നിലവിളികൾക്ക് ഒരു ഭാഷ മാത്രം. കഷ്ടപ്പാടിന്റെ കണ്ണീർക്കടലിൽ മുങ്ങിയമരുന്ന ലോകമാനവന്റെ ദുരിതഗാഥയാണിത്. നാരായണമേനോന്റെ പാവങ്ങൾ തർജമയ്ക്കിപ്പോൾ നൂറുവർഷം തികയുന്നു. 

”സാമുദായികങ്ങളായ വിഷമതകൾ രാജ്യസീമകളെ കവച്ചുകടക്കുന്നു. മനുഷ്യജാതിക്കുള്ള വ്രണങ്ങൾ, ഭൂമണ്ഡലം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ആ വമ്പിച്ച വ്രണങ്ങൾ, ഭൂപടത്തിൽ വരയ്ക്കപ്പെട്ട ചുകന്നതോ നീലച്ചതോ ആയ ഓരോ അതിർത്തിയടയാളം കണ്ടതുകൊണ്ട് നിൽക്കുന്നില്ല. മനുഷ്യൻ അജ്ഞനും നിരാശനുമായി എവിടെയുണ്ട്, ഭക്ഷണത്തിനുവേണ്ടി സ്ത്രീകൾ എവിടെ വിൽക്കപ്പെടുന്നു, അറിവുണ്ടാക്കാനുള്ള ഗ്രന്ഥവും തണുപ്പുമാറ്റാനുള്ള അടുപ്പും കിട്ടാതെ കുട്ടികൾ എവിടെ കഷ്ടപ്പെടുന്നു, അവിടെയെല്ലാം പാവങ്ങളെന്ന പുസ്തകം വാതിൽക്കൽമുട്ടി വിളിച്ചുപറയും: എനിക്കു വാതിൽ തുറന്നുതരിക; ഞാൻ വരുന്നത് നിങ്ങളെ കാണാനാണ്”
— വിക്തോർ യൂഗോ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.