16 December 2025, Tuesday

ജനകീയസംഗീതത്തിന്റെ കാവലാൾ

അനിൽമാരാത്ത്
July 13, 2025 6:25 am

ജനകീയ സംഗീതത്തിന്റെ പ്രചാരകനാണ് വേലായുധൻ ഇടച്ചേരിയൻ. സംഗീത സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ വേറിട്ട വഴികളിലൂടെയാണ് വേലായുധൻ ഇടച്ചേരിയന്റെ സഞ്ചാരം. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ചട്ടക്കൂടിൽനിന്നുള്ള ഭൂതകാല ജീവിതാനുഭവങ്ങളുടെ താളബോധമാണ് ഈ സംഗീത സംവിധായകനെ നയിക്കുന്നത്. പിന്നിട്ട പാതയിലൂടെ ഒരു സംഗീത യാത്ര.

ന്യൂ ബ്രദേഴ്സ് മ്യൂസിക് ക്ലബ്

**************************
സ്വദേശമായ കണ്ണൂർ‑പള്ളിപ്രം ഗ്രാമത്തിലെ ന്യു ബ്രദേഴ്സ് മ്യൂസിക്ക് ക്ലബ്ബാണ് സംഗീത രംഗത്തേക്കുള്ള പ്രവേശന കവാടം. കുട്ടിക്കാലത്ത് അവിടെത്തെ സംഗീതക്ലാസ് കേട്ടും കണ്ടുമാണ് വളർന്നത്. അവിടെ ചേർന്ന് ഫീസ് കൊടുത്ത് പഠിക്കാനുള്ള സാഹചര്യമായിരുന്നില്ല. സംഗീതത്തോടുള്ള താല്പര്യം കൊണ്ട് ക്ലാസുകൾ കേട്ട് പഠിക്കുകയായിരുന്നു. വിദ്വാൻ കൺമനത്ത് രാഘവൻ മാഷായിരുന്നു അധ്യാപകൻ. അദ്ദേഹം സംഗീത സംവിധായകൻ എ ടി ഉമ്മർ തുടങ്ങി പ്രമുഖരുടെ ഗുരുനാഥനായിരുന്നു. പാടുമെന്നും പഠിക്കാൻ താല്പര്യമുണ്ടെന്നും മനസിലാക്കിയ രാഘവൻ മാഷ് ഒഴിവു സമയത്ത് സംഗീതത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞു തന്നു. പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യൻ ബാലൻ ഭാഗവതരുടെ കീഴിലായി പഠനം. പള്ളിപ്രം യുപി സ്കൂൾ സാഹിത്യസമാജം വേദികളിൽ പങ്കെടുക്കുന്നതിനും പാടുന്നതിനും അധ്യാപകരുടെ നിർബന്ധം വലിയൊരു പ്രോത്സാഹനമായിരുന്നു.

നാടകഗാനം

************
സംഗീതം മുഖ്യമായിരുന്നെങ്കിലും ന്യൂ ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബ് നാടക രംഗത്തുമുണ്ടായിരുന്നു. എല്ലാ വർഷവും നാടകം അണിയിച്ചൊരുക്കും. ആ വർഷത്തെ മരട് രഘുനാഥിന്റെ ‘ദുഃഖസാമ്രാജ്യം’ നാടക റിഹേഴ്സലിന്റെ സ്ഥിരം കാഴ്ചക്കാരനായിരുന്നു. നാടകത്തിൽ രണ്ട് പാട്ടുകളുണ്ട്. ആ ഗാനങ്ങൾ സംഗീതം ചെയ്യുന്നതിന് വേറൊരാളെ ഏല്പിച്ചിരുന്നുവെങ്കിലും അത് എഴുതിയെടുത്ത് സ്വന്തമായി സംഗീതം ചെയ്ത് സുഹൃത്തുക്കളെ പാടി കേൾപ്പിച്ചു.
വേദനിക്കുന്നോരെ ലാളിച്ചു/വേദനമാത്രമായ് തീർന്നു ഞാൻ/കത്തിയുരുകി വെളിച്ചം പകർന്നപ്പോൾ / കൂരിരുട്ടെന്നെ വിഴുങ്ങി എന്ന ഗാനവും, മഴവില്ലേ മഴവില്ലേ/മാനം മാധവ മലരായ് വിരിഞ്ഞൊരു / മഞ്ചു ശരാസനമാണോ — നീ മഞ്ചുശരാസനമാണോ നീ എന്ന മറ്റൊരുഗാനവും.
സുഹൃത്തുകൾക്ക് ഇഷ്ടമായതോടെ നാടകത്തിന്റ സംവിധായകനായ സുഭാഷ് മാസ്റ്ററുടെ ശ്രദ്ധയിൽപ്പെടുത്തി. പാട്ടിന്, നല്കിയ സംഗീതം അദ്ദേഹത്തിന്
തൃപ്തികരമായതോടെ ആ പാട്ടുകൾ നാടകത്തിൽ ഉപയോഗിച്ചു. അങ്ങനെ സംഗീതം ശാസ്ത്രീയമായി പഠിക്കാതെ തന്നെ സംഗീത സംവിധായകന്റെ പരിവേഷമണിഞ്ഞു. പിന്നീട് രണ്ട് മൂന്ന് നൃത്തനാടകങ്ങളിൽ പാടാനുള്ള അവസരവും ലഭിച്ചു. വർഷങ്ങൾക്കുശേഷം ആ രണ്ട് നാടകഗാനങ്ങളും തിരുവനന്തപുരത്തെ നിസര സ്റ്റുഡിയോ രാജീവിന്റെ സഹകരണത്തോടെ റിക്കാർഡ് ചെയ്തു.

കെൽട്രോൺ

************
ഐടിഐ പഠനത്തിനു ശേഷം കെൽട്രോണിൽ ജോലി ലഭിച്ചതോടെ തിരുവനന്തപുരമായി താവളം. ജീവനക്കാരുടെ സംഗീത കൂട്ടായ്മകൾ അവിടെ പതിവാണ്. ഒരു ദിവസം കെൽട്രോണിൽ നവരാത്രി പൂജയ്ക്ക് ഭക്തിഗാന പരിപാടിയിൽ ഹാർമോണിയം വായിക്കേണ്ടിയിരുന്നയാളുടെ അഭാവത്തിൽ പകരക്കാരനായി. അവിടേക്ക് കടന്നുവന്ന കെൽട്രോണിന്റെ അന്നത്തെ ചെയർമാൻ കെപിപി നമ്പ്യാർക്ക് ഹാർമോണിയം വായന ഇഷ്ടമായി. പിന്നീട് സംഗീത കലാ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ പിന്തുണയും പ്രോത്സാഹനവും ഏറെയുണ്ടായി.

ക്ലാസിക്കൽ സംഗീത പഠനം

**************************
തിരുവനന്തപുരത്തെ ശ്രീ സ്വാതിതിരുനാൾ സംഗീത സഭ ശ്രീ കാർത്തികതിരുന്നാൾ തിയേറ്ററിൽ കേന്ദ്ര ഗവർമെന്റിന്റെ അംഗീകാരമുള്ള മഹരാഷ്ട്രയിലെ അഖിൽ ഭാരതീയ ഗാന്ധർവ്വ യൂണിവേഴ്സിറ്റിയുടെ ആറുവർഷത്തെ ക്ലാസിക്കൽ സംഗീതം വോക്കൽ ക്ലാസ് നടത്തിയിരുന്നു. അവിടെ ചേർന്നാണ് സംഗീതം ശാസ്ത്രീയമായി പഠിച്ചത്. സംഗീത വിശാരദ് കോഴ്സ് ഫസ്റ്റ്ക്ലാസോടെ പാസായി. മദ്രാസ് കെ എസ് ചെല്ലപ്പ, ഇരണിയിൽ തങ്കപ്പ, ലക്ഷ്മിനാരായണ ഭാഗവതർ എന്നിവരായിരുന്നു ഗുരുക്കൻമാർ. പീന്നീട് പ്രൊഫ. ആയാംകുടി മണി എന്ന ഗുരുനാഥന്റെ കീഴിലായിരുന്നു പഠനം. പ്രശസ്ത വയലിൻ അധ്യാപകൻ എബി വർഗീസിന്റെ ശിക്ഷണത്തിൽ വയലിൻ അഭ്യസിച്ചു.

പി കൃഷ്ണപിള്ള, സി അച്യുതമേനോൻ, പികെവി, ഒഎൻവി

******************************************************
പി കൃഷ്ണപിള്ളയെക്കുറിച്ച് രാധാകൃഷ്ണൻ കുന്നുംപുറം രചിച്ച് അൻവർ സാദത്ത് ആലപിച്ച ‘മറക്കുകില്ല- മായുകില്ല‑അഗ്നിജ്വാലയായ് പടർന്ന ധീരനാം സഖാവ് കൃഷ്ണപിള്ള’ എന്ന ഗാനത്തിനും സി അച്ചുതമേനോനെക്കുറിച്ച് ബിനോയ് വിശ്വം രചിച്ച്
വി കലാധരനും സരിതാ രാജീവും പാടിയ, ‘ഒരു കൊടുങ്കാറ്റിലുമണയാതെ നെഞ്ചിലി നേരിന്റെ വെട്ടം ജ്വലിച്ചു നിൽപ്പൂ‘യെന്ന എന്ന ഗാനത്തിനും, പികെവി യെക്കുറിച്ച് ഡോ.പി കെ ജനാർദ്ദനക്കുറുപ്പ് രചിച്ച് എം ഖാലിദ് ആലപിച്ച, ‘പികെവി വെറുമൊരു പേരല്ല, മറവിതൻ ഇരുട്ടിൽ നാം മറക്കുമോ സഖാക്കളെ’ എന്ന ഗാനത്തിനും ഒഎൻവിയെക്കുറിച്ച് ബിനോയ് വിശ്വം രചിച്ച് വി ടി മുരളി ആലപിച്ച, ‘സൗമ്യസാന്ദ്രമാം തെന്നലിന്നലെ നിന്നെമെല്ലെ തലോടിയോ- തപ്തമാം നിന്റെ ഹൃത്തിലിന്നലെ സ്വച്ഛശാന്തിയുണർന്നുവോ’ എന്ന ഗാനത്തിനും സംഗീതം ചെയ്തു.

കവിതകൾ

***********
സി അച്യുതമേനോനെക്കുറിച്ച് ചെമ്മനംചാക്കോ രചിച്ച് കൃഷ്ണമൂർത്തി ആലപിച്ച, ‘കരിക്കട്ടകൾക്കിടയിൽ തീക്കട്ട’ എന്ന കവിതക്കും സി കെ ചന്ദ്രപ്പനെക്കുറിച്ച് ബിനോയ് വിശ്വം രചിച്ച ‘ഉദയസൂര്യനായ് നീ വരും നിത്യവും’ എന്ന കവിതക്കും ഗിരീഷാ കാട്ടാക്കട രചിച്ച് അജയകുമാർ ആലപിച്ച യുദ്ധവിരുദ്ധ കവിതക്കും മയക്കുമരുന്നിന്എതിരെ
തിരുമല ശിവൻകുട്ടി രചിച്ച് എസ് ശ്രീകുമാർ ആലപിച്ച ‘എത്രയെത്ര ജീവിതങ്ങൾ തകർത്തൂ’ എന്ന കവിതക്കും സംഗീതം നല്‍കി.

ഐപ്സോ- ഇപ്റ്റ

****************
പെരുമ്പുഴ ഗോപാലകൃഷ്ണൻ, അജയൻ വെള്ളരിപ്പണ, ഡോ. പി കെ ജനാർദനക്കുറുപ്പ് എന്നിവർ രചിച്ച് ബിജു പെരുമ്പുഴ, യമുന സരിത രാജീവ്, ജ്യോതികുമാർ, ബിനുസരിഗ, കെ എസ് പ്രിയ, കിഷോർ എന്നിവർ ആലപിച്ച, യുദ്ധം ഇനിയൊരു യുദ്ധം, പൊൻ സൂര്യപ്രഭ, വെടിയൊച്ചകളെ വെടിയൊച്ചകളെ(ഹിന്ദി) എന്നീ ഗാനങ്ങൾക്കും സംഗീതം ചെയ്തു. വെടിയൊച്ചകളെ എന്ന ഹിന്ദി ഗാനം ഡൽഹിയിൽ വച്ച് അന്നത്തെ സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും ചേർന്നാണ് പ്രകാശനം ചെയ്തത്. അതായിരുന്നു യെച്ചൂരിയുടെ അവസാനത്തെ പൊതു പരിപാടി.
പി കെ ഗോപിയുടെ രചനയിൽ കലാധരനും സരിതാ രാജീവും ആലപിച്ച, ‘ഇപ്റ്റയുടെ ധായ് ആഖർ പ്രേം’ എന്ന ഗാനത്തിനും സംഗീതം ചെയ്തു.

ജി.ദേവരാജൻ

****************
തിരുവനന്തപുരത്തെ ശക്തിഗാഥ ക്വയറിൽ ഗായകരെ വേണമെന്ന് കവി പെരുമ്പുഴ ഗോപാലകൃഷ്ണനിൽ നിന്നാണ് അറിയുന്നത്. അദ്ദേഹത്തിന്റെ കൂടെ ദേവരാജൻ മാസ്റ്റരുടെ കരമനയിലെ വീട്ടിലെത്തി. മാഷ് ഒരു പാട്ട് പാടാൻ പറഞ്ഞു. ഭയത്തോടെയാണ്
മുന്നിൽ പോയി ഇരുന്നത്. മാഷ് ഹാർമോണിയത്തിൽ ശ്രുതി പിടിച്ചു. ‘പണ്ട് പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോൾ’ എന്ന പാട്ട് മുഴുവനും പാടി. ഒന്നും പറഞ്ഞില്ല. ഒരു മൂളൽ മാത്രമായിരുന്നു പ്രതികരണം. മോശമായില്ലെന്നാണത്രെ ആ മൂളലിന്റെ അർത്ഥം. എന്റേതായ കാരണത്താൽ പഠനം തുടരാൻ കഴിഞ്ഞില്ല. പക്ഷെ അന്ന് തുടങ്ങിയ സ്നേഹബന്ധം ആ മഹാപ്രതിഭയുടെ മരണം വരെ നിലനിർത്താൻ കഴിഞ്ഞുവെന്നതാണ് ജീവിതത്തിലെ മഹാഭാഗ്യം.

സ്വാതിതിരുന്നാൾ സംഗീതസഭ

******************************
2022 ഡിസംബർ മുതൽ ശ്രീ സ്വാതി തിരുനാൾ സംഗീതസഭയുടെ സെക്രട്ടറിയാകാനുള്ള ഭാഗ്യമുണ്ടായി. പ്രൊഫ. ജി ഉണ്ണികൃഷ്ണപ്പണിക്കർ ചെയർമാനും, പി അജിത്കുമാർ ട്രഷറുമാണ്. ഇവിടെത്തെ ശാസ്ത്രീയസംഗീതം ക്ലാസിന്റെ പാർടൈം അധ്യാപകനായിരുന്നു.
ജോലി ആവശ്യാർത്ഥം തിരുവനന്തപുരത്ത് എത്തിയ കാലത്ത് ഒരു സംഗീതക്കച്ചേരി കേൾക്കാൻ ഇവിടെ വന്നു. പാസ് മുഖേനയായിരുന്നു പ്രവേശനം. എനിക്ക് പാസ് ഉണ്ടായിരുന്നില്ല. ഹാളിലേക്ക് കടക്കാൻ കഴിയാതെ നിരാശനായി തിരിച്ചു പോകേണ്ടിവന്ന അനുഭവമുണ്ട്. വർഷങ്ങൾക്ക് ശേഷം ആ സ്ഥാപനത്തിന്റെ സെക്രട്ടറിയാകാൻ കഴിഞ്ഞത് ഒരു നിയോഗം.

ആൽബങ്ങൾ

**************
പ്രണയമാനസം, മാണിക്യവര്‍ണം (ആറ്റുകാൽദേവി ) ഉയരുക ചെങ്കൊടി, അയ്യനിൽ ശരണാർത്ഥം, പ്രണയഗാനം, ഭക്തിഗീതകങ്ങൾ, ചിങ്ങപ്പൂങ്കാറ്റ്, ചന്ദ്രയാൻ, ശ്രാവണ ഗീതകം എന്നീ ആൽബങ്ങൾക്ക് സംഗീതംപകർന്നു.

സ്വാഗതഗാനം

*************
തിരുവനന്തപുരത്ത് നടന്ന സിപിഐ സംസ്ഥാന സമ്മേളനം, കണ്ണൂരിൽ നടന്ന എഐവൈഎഫ് സംസ്ഥാന സമ്മേളനം, സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ സമ്മേളനം, കെൽട്രോൺ സർഗസംഗീതം, കെപിപി നമ്പ്യാർ അനുസ്മരണം എന്നീ പരിപാടികളുടെ സ്വാഗതഗാനങ്ങൾക്ക് സംഗീത സംവിധാനം ചെയ്തു.

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.