
1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 50-ാം വാര്‍ഷികാചരണദിനത്തിന് തൊട്ടുമുമ്പ്, ആർഎസ്എസ് നേതൃശ്രേണിയിലെ രണ്ടാമനായ അതിന്റെ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ, അടിയന്തരാവസ്ഥക്കാലത്താണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ചേർത്തതെന്ന് പ്രസ്താവിച്ചു. ഡോ. അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയുടെ യഥാർത്ഥ ആമുഖത്തിൽ ഈ വാക്കുകൾ ഇല്ലായിരുന്നുവെന്നും അതിനാൽ അവ നീക്കം ചെയ്യണമെന്നും ആവര്‍ത്തിച്ചു. ഹിന്ദുത്വ ഗ്രൂപ്പുകളിൽ നിന്ന് ഇത്തരമൊരു ആവശ്യം ഉയരുന്നത് ഇതാദ്യമല്ല. 2014ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന്റെ തൊട്ടടുത്ത റിപ്പബ്ലിക് ദിനത്തില്‍ (2015 ജനുവരി) ഭരണഘടനാ ആമുഖത്തിന്റെ ചിത്രമുള്ള ഒരു പരസ്യം സർക്കാർ പുറത്തിറക്കി. അതിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഇല്ലായിരുന്നു. 1949 നവംബറിൽ പുറത്തിറങ്ങിയ ഭരണഘടനയിൽ ഇവ ഇല്ലായിരുന്നു എന്ന വ്യാജേനയായിരുന്നു നടപടി. ഇതേത്തുടര്‍ന്ന് രാജ്യത്തുടനിളം ചർച്ചകൾ നടക്കുകയും ഈ വാക്കുകൾ ഭരണഘടനയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതികളിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. 2024 നവംബർ 25ന് ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ തലേന്ന് ഒന്നിലധികം ഹർജികൾ ഫയൽ ചെയ്യപ്പെട്ടു. സുപ്രീം കോടതി ഇവ നിരസിക്കുകയും ആമുഖത്തിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്ത എല്ലാ ഹർജികളും തള്ളുകയും ചെയ്തു. ഭരണഘടന അംഗീകരിച്ച സമയത്ത് ആമുഖത്തിൽ ഈ പദങ്ങൾ ഇല്ലായിരുന്നു എന്നതിന്റെ പേരിൽ മാത്രം ഇവ ചേർക്കുന്നതിനെ എതിർക്കാൻ കഴിയില്ലെന്ന് വിധിച്ചു.
ഈ രണ്ട് മൂല്യങ്ങൾക്ക് മാത്രമല്ല, മൊത്തത്തില്‍ ഭരണഘടനയ്ക്കുതന്നെ എതിരാണ് ഹിന്ദുത്വ ദേശീയവാദികൾ. ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളിൽത്തന്നെ പല നേതാക്കളും മതേതരത്വം തകർക്കപ്പെടുമെന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഒരു പ്രതിനിധി മാതൃകയെന്ന നിലയിൽ സർദാർ പട്ടേൽ പറഞ്ഞത് ഓർമ്മിക്കാവുന്നതാണ്. “സ്വതന്ത്ര ഇന്ത്യയുടെ, മതേതര രാഷ്ട്രത്തിന്റെ ഈ ഭരണഘടന ഇനി മുതൽ സാമുദായികാടിസ്ഥാനത്തിൽ ഒരു വ്യവസ്ഥയും ഉപയോഗിച്ച് വികൃതമാക്കില്ലെന്ന് ഉറപ്പാക്കണം.” ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം തന്നെ ഹൊസബലെയുടെ വാദം ദുർബലമാണ്. മനഃസാക്ഷി സ്വാതന്ത്ര്യത്തെയും സ്വതന്ത്രമായ തൊഴിൽ, ആചാരം, മത പ്രചരണം എന്നിവയെക്കുറിച്ചും പ്രതിപാദിക്കുന്ന അനുച്ഛേദം 25ൽ വിശദീകരിക്കുന്ന മൗലികാവകാശങ്ങൾ സംബന്ധിച്ച ക്ലോസ് (2)(എ) പ്രകാരം “മതേതരം” എന്ന ആശയം വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമ്മര്‍ദങ്ങളുണ്ടാകുമ്പോള്‍ പല ഭാഷകളിലാണ് ബിജെപി സംസാരിക്കുക. ഗാന്ധിയൻ സോഷ്യലിസത്തോടെയാണ് അതിന്റെ ആരംഭം തന്നെ. 1985ൽ ജാതിഘടനയെ അടിസ്ഥാനമാക്കിയുള്ള ‘സമഗ്ര മാനവികത’യുടെ പേരില്‍ അത് ഉപേക്ഷിച്ചു. 2012ലെ ബിജെപി ഭരണഘടനയിൽ, “നിയമപ്രകാരം സ്ഥാപിതമായ ഇന്ത്യൻ ഭരണഘടനയോടും സോഷ്യലിസം, മതേതരത്വം, ജനാധിപത്യം എന്നിവയുടെ തത്വങ്ങളോടും യഥാർത്ഥ വിശ്വാസവും കൂറും പുലർത്തുകയും ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന” ഒരു പാർട്ടി ലക്ഷ്യം വയ്ക്കുന്നതായി പ്രസ്താവിച്ചു.
മനുസ്മൃതി മാർഗനിർദേശക തത്വമായ ഹിന്ദുരാഷ്ട്രത്തിനായി പരിശ്രമിക്കുകയെന്നതാണ് ആർഎസ്എസ് — ബിജെപി സഖ്യത്തിന്റെ അജണ്ട. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിലാകുമ്പോള്‍ തന്നെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ അതിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഒരു എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചു. 1949 നവംബർ 30ന് പുറത്തിറങ്ങിയ ലേഖനം പറയുന്നു; “ഭാരതത്തിന്റെ പുതിയ ഭരണഘടനയെക്കുറിച്ചുള്ള ഏറ്റവും മോശമായ കാര്യം അതിൽ ഭാരതീയമായി ഒന്നുമില്ല എന്നതാണ്. പുരാതന ഭാരതീയ ഭരണഘടനാ നിയമങ്ങൾ, സ്ഥാപനങ്ങൾ, നാമങ്ങള്‍, പദാവലി എന്നിവയുടെ ഒരു സൂചനയും അതിലില്ല”. ഇന്ത്യൻ ഭരണഘടനയുടെ സ്രഷ്ടാക്കൾ മനുസ്മൃതിയെ അവഗണിച്ചു എന്നാണ് കുറിപ്പിലെ സൂചന.
അതേസമയം, ഹിന്ദു ദേശീയതയുടെ പ്രത്യയശാസ്ത്രജ്ഞന്‍ വി ഡി സവർക്കർ ഇങ്ങനെ പ്രസ്താവിച്ചു: “നമ്മുടെ ഹിന്ദു രാഷ്ട്രത്തിന് വേദങ്ങൾക്കുശേഷം ഏറ്റവും ആരാധനാർഹമായ ഗ്രന്ഥമാണ് മനുസ്മൃതി, പുരാതന കാലം മുതൽ നമ്മുടെ സംസ്കാരത്തിന്റെയും ആ ചാരങ്ങളുടെയും ചിന്തയുടെയും അടിസ്ഥാനമാണിത്. നൂറ്റാണ്ടുകളായി ഈ ഗ്രന്ഥം നമ്മുടെ രാഷ്ട്രത്തിന്റെ ആത്മീയവും ദിവ്യവുമായ മുന്നേറ്റത്തെ ക്രമീകരിച്ചിട്ടുണ്ട്. ഇന്നും കോടിക്കണക്കിന് ഹിന്ദുക്കൾ തങ്ങളുടെ ജീവിതത്തിലും അനുഷ്ഠാനങ്ങളിലും പിന്തുടരുന്നത് മനുസ്മൃതിയെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങളാണ്. മനുസ്മൃതി ഹിന്ദു നിയമമാണ്; അടിസ്ഥാനപരമാണ്. (വി ഡി സവർക്കർ — സവർക്കറുടെ രചനകളുടെ ശേഖരം ഹിന്ദി, പ്രഭാത്, ഡൽഹി, വാല്യം 4, പേജ് 415).
1990കളിലുണ്ടായ മൂന്ന് പ്രധാന പ്രസ്താവനകളും പ്രവർത്തനങ്ങളും ഹിന്ദു രാഷ്ട്രത്തോടുള്ള അവരുടെ ആഴമേറിയതും യഥാർത്ഥവുമായ അടുപ്പവും ലക്ഷ്യവും കാണിച്ചുതരുന്നു. 1993ൽ ആർഎസ്എസ് സർ സംഘചാലക് ആയിരുന്ന രജ്ജു ഭയ്യ പറഞ്ഞു: “ഔദ്യോഗിക രേഖകൾ സംയുക്ത സംസ്കാരം പരാമർശിക്കുന്നു, പക്ഷേ നമ്മുടേത് തീർച്ചയായും ഒരു സമ്മിശ്ര സംസ്കാരമല്ല. ഈ രാജ്യത്തിന് സവിശേഷമായ ഒരു സാംസ്കാരിക ഏകത്വമുണ്ട്. നിലനിൽക്കണമെങ്കിൽ ഒരു രാജ്യത്തിനും വേര്‍തിരിവുകള്‍ ഉണ്ടാകരുത്. ഇതെല്ലാം കാണിക്കുന്നത് ഭരണഘടനയിൽ മാറ്റങ്ങൾ ആവശ്യമാണെന്നാണ്. ഈ രാജ്യത്തിന്റെ ധാർമ്മികതയ്ക്കും പ്രതിഭയ്ക്കും അനുയോജ്യമായ ഒരു ഭരണഘടന ഭാവിയിൽ അംഗീകരിക്കപ്പെടണം.” 1998ൽ എൻഡിഎ സഖ്യമായി ബിജെപി അധികാരത്തിൽ വന്നു. ഭരണഘടന പഴയതാണെന്നും പരിഷ്കരണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി അത് പുനഃപരിശോധിക്കാൻ വെങ്കടാചാലയ്യ കമ്മിഷനെ നിയമിച്ചതാണ് അന്ന് അവർ ചെയ്ത പ്രധാന കാര്യങ്ങളിലൊന്ന്. കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും വലിയ എതിർപ്പുണ്ടായതിനാൽ ശുപാർശകൾ നടപ്പാക്കുന്നത് മരവിപ്പിക്കുകയായിരുന്നു.
2000ൽ കെ എസ് സുദർശൻ സർ സംഘചാലക് ആയപ്പോൾ ‘ഇന്ത്യൻ ഭരണഘടന പാശ്ചാത്യ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അത് റദ്ദാക്കി ഹിന്ദു വിശുദ്ധ ഗ്രന്ഥങ്ങളെ (മനുസ്മൃതി) അടിസ്ഥാനമാക്കിയുള്ള ഒന്ന് സ്ഥാപിക്കണമെന്നും’ പ്രസ്താവിച്ചു. പല ബിജെപി നേതാക്കളും നിലപാട് ആവർത്തിച്ചു.
ഭരണഘടന മാറ്റുന്നതിനാണ് തങ്ങൾ അധികാരത്തിലിരിക്കുന്നതെന്ന് കർണാടകയിലെ നേതാവ് അനന്ത് കുമാർ ഹെഗ്ഡെ പറഞ്ഞു. ബിജെപിയുടെ 400 പാർലമെന്റ് സീറ്റ് എന്ന മുദ്രാവാക്യം, ഭരണഘടന മാറ്റുക എന്ന ലക്ഷ്യം കൈവരിക്കാൻ ആവശ്യമാണെന്ന് പല നേതാക്കളും ആവർത്തിച്ചു.
ബാബാ സാഹേബ് അംബേദ്കർ വന്നാലും ഭരണഘടന മാറ്റാൻ കഴിയില്ലെന്ന് നരേന്ദ്ര മോഡി ഇടയ്ക്ക് പറഞ്ഞത് ബിജെപിയുടെ തന്ത്രപരമായ വഴക്കം പ്രകടമാക്കുന്നതായിരുന്നു. 2024ലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, ഭരണഘടനയുടെ പകർപ്പ് കയ്യിലെടുത്തുകൊണ്ട് രാഹുൽ ഗാന്ധി, അതൊരു പ്രധാന പ്രശ്നമായി ഉയര്‍ത്തി. പക്ഷേ ആർഎസ്എസ് — ബിജെപി ക്യാമ്പിൽ നിന്ന് വ്യക്തമായ എതിർപ്പൊന്നും ഉണ്ടായില്ല. മോഡി ഭരണഘടനയുടെ പകർപ്പിന് മുന്നിൽ തലകുനിക്കുകയും ചെയ്തു.
വിവിധ ഘട്ടങ്ങളിലൂടെ ഭരണഘടനയെ തകർക്കാനും അതോടൊപ്പം അധികാരത്തിലിരിക്കുമ്പോൾ ഭരണഘടനയുടെ മൂല്യങ്ങളെ മറികടക്കാൻ നയങ്ങൾ സ്വീകരിക്കാനും ശ്രമിക്കുന്ന ബഹുമുഖതന്ത്രമാണ് ആർഎസ്എസ് — ബിജെപി നേതൃത്വത്തിന്റേത്. കഴിഞ്ഞ ഒരു ദശകത്തോളമായി നാം കാണുന്നത് അതാണ്. സമത്വത്തിലധിഷ്ഠിതമായ ജനാധിപത്യ, മതേതര മൂല്യങ്ങളെ ഇല്ലാതാക്കുക എന്ന അവരുടെ അജണ്ടയിൽ കൂടുതൽ മുന്നേറാനുള്ള, സാധ്യതകൾ പരീക്ഷിക്കാനുള്ള മനഃപൂർവമായ നീക്കമാണ് ഹൊസബലെയുടേത്.
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.