
ജില്ലയിലെ കല്ലമ്പലത്ത് മൂന്ന് കോടിയുടെ എംഡിഎംഎ പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി ഡോണ്‍ സഞ്ജു എന്ന സഞ്ജയിന് സിനിമാ നടന്മാരുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതേതുടര്‍ന്ന് സിനിമാമേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. പല യുവനടന്മാരുമായി സഞ്ജുവിന് മയക്കുമരുന്ന് ഇടപാടുകൾ ഉണ്ടായിരുന്നതായി ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് പൊലീസിന് തെളിവ് ലഭിച്ചു. വർക്കലയിൽ അടുത്തിടെ ഒരു പ്രമുഖ നടൻ ചിത്രീകരണത്തിനായി എത്തിയിരുന്നു. ഈ നടൻ സഞ്ജുവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. സിനിമാ സെറ്റുകളിലെ നിത്യസന്ദര്‍ശകനായിരുന്നു സഞ്ജു. ലഹരി ഉപയോഗത്തിന് പൊലീസും എക്സൈസും ചോദ്യം ചെയ്ത സിനിമാ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും സഞ്ജുവിന്റെ ഫോണില്‍ നിന്ന് ലഭിച്ചു. സഞ്ജുവിന്റെ മകളും സിനിമയിൽ അഭിനയിച്ചിരുന്നതായി സൂചനയുണ്ട്. അതേസമയം, താരങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് സഞ്ജു ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
ഒരു വര്‍ഷത്തിനിടെ സഞ്ജു കോടികളുടെ രാസലഹരി വിദേശത്ത് നിന്ന് കടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാസത്തില്‍ മൂന്ന് തവണയെങ്കിലും സഞ്ജു വിദേശയാത്ര നടത്താറുണ്ട്. ഈ വർഷം മാത്രം നാല് തവണ സഞ്ജു ഒമാനിലേക്ക് പോയിട്ടുണ്ട്. വിദേശത്ത് നിന്ന് എംഡിഎംഎ അടക്കമുള്ള രാസലഹരി കേരളത്തിലേക്ക് കടത്തുകയും ഇവിടെ അതിന്റെ മൊത്ത വിതരണം നടത്തുകയുമാണ് സഞ്ജു ചെയ്തുവന്നത്. അന്യസംസ്ഥാനങ്ങളിലടക്കം സഞ്ജു ലഹരി വിൽപന നടത്തിയിരുന്നതായാണ് പൊലീസ് കരുതുന്നത്. പലരിൽ നിന്നും ലക്ഷങ്ങൾ അഡ്വാൻസ് വാങ്ങിയതിന്റെ തെളിവും ഫോണില്‍ നിന്ന് പൊലീസിന് കിട്ടി. കസ്റ്റംസിന്റെ കണ്ണ് വെട്ടിക്കാനുള്ള മാര്‍ഗങ്ങളും സ്വീകരിച്ചിരുന്നു. സഞ്ജു അടക്കമുള്ള നാല് പ്രതികളെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
* കല്ലമ്പലത്ത് രണ്ട് കോടിയുടെ വീട് വർക്കലയിൽ ജനിച്ചുവളർന്ന സഞ്ജു വളരെപ്പെട്ടന്നാണ് സമ്പന്നനായത്. കല്ലമ്പലം ഞെക്കാട് ഇപ്പോള്‍ ഒരു വീട് പണിയുന്നുണ്ട്. പണി പൂര്‍ത്തിയാകാറായ ഈ വീടിന് രണ്ട് കോടിയോളം ചെലവ് ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകളുടെ പേരിലാണ് ഈ വീട്. ടൂറിസം മേഖലയുമായി അടുത്ത ബന്ധമുള്ള സഞ്ജു, വർക്കലയിൽ മൂന്ന് റിസോർട്ടുകൾ പാട്ടത്തിനെടുത്തിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. ഇവിടെ നടന്നിട്ടുള്ള ഡിജെ പാർട്ടികളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഇതുകൂടാതെ വര്‍ക്കലയില്‍ രണ്ട് ടെക്സ്റ്റൈൽ ഷോപ്പുകളും സഞ്ജുവിനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.