22 December 2025, Monday

ചൂഷണ മേഖല; സര്‍ക്കാര്‍ അനാസ്ഥ

സി രാജ
ബാങ്കുകള്‍ സ്വകാര്യമാകുമ്പോള്‍— 2
July 14, 2025 4:35 am

സ്വകാര്യമേഖലാ ബാങ്കുകളിൽ കൂട്ടപ്പിരിച്ചുവിടലുകൾക്ക് നിരവധി ഘടകങ്ങൾ കാരണമായിട്ടുണ്ട്. ജീവനക്കാർ പലപ്പോഴും കർശനമായ ‘പ്രകടന ലക്ഷ്യ‌‘ത്തിന് വിധേയരാകുന്നു. ഇത് സമ്മർദത്തിനും നേട്ടങ്ങൾ കൈവരിക്കാത്തപ്പോൾ തൊഴിൽ നഷ്ടത്തിനും കാരണമാകുന്നു. ലാഭക്ഷമത നിലനിർത്തുന്നതിന് ബാങ്കുകൾ തൊഴിൽശക്തി കുറയ്ക്കൽ ഉൾപ്പെടെയുള്ള ചെലവ് ചുരുക്കൽ നടപടികൾ നടപ്പിലാക്കുന്നു. യന്ത്രവല്‍ക്കരണം, ചില പ്രവർത്തനങ്ങള്‍ മാറ്റിസ്ഥാപിക്കല്‍, നിലവിലെ ചുമതലകള്‍ കാലഹരണപ്പെടല്‍ എന്നിവയുണ്ടാകുന്നു. ഈ പിരിച്ചുവിടലുകൾ ജീവനക്കാരുടെ ഉപജീവനമാർഗത്തെ മാത്രമല്ല, ന്യായമായ തൊഴിൽ രീതികളെക്കുറിച്ചുള്ള ധാർമ്മിക ആശങ്കകളും ഉയർത്തുന്നു.
പുതുതലമുറ ബാങ്കുകളിലെ ജീവനക്കാർ നേരിടുന്ന സമ്മർദങ്ങൾ നിരവധിയാണ്. എങ്ങനെയും ലക്ഷ്യം പൂർത്തീകരിക്കുകയെന്നത് മുന്നോട്ടുവയ്ക്കുമ്പോൾ പലപ്പോഴും ധാർമ്മികത കൈമോശം വരുന്നു. സിഇഒ മുതൽ താഴെത്തലം വരെയുള്ളവർ മാനേജ്മെന്റ് മുന്നോട്ടുവയ്ക്കുന്ന ‘ലക്ഷ്യ’ത്തിനുവേണ്ടിയുള്ള ഓട്ടപ്പാച്ചിലിലാണ്. ഇത് തൊഴിൽ പീഡനങ്ങൾക്കും വ്യക്തിഹത്യകൾക്കും ഇടയാക്കുന്നു. പുതുതലമുറ ബാങ്കുകളിലെ ജീവനക്കാരുടെ ജോലി സമയം 12 മണിക്കൂർ വരെ നീളുന്നുണ്ട്. അവധി ദിവസങ്ങളിൽ പോലും ലാപ്ടോപ്പുമായി ഇരിക്കേണ്ട അവസ്ഥയിലാണ് പലരും.

ലക്ഷ്യം നേടിയെടുക്കാത്ത ജീവനക്കാർക്ക് പിടിച്ചുനിൽക്കാനാവില്ല. ഇവർക്ക് പുറത്തേക്ക് വഴിയൊരുക്കും. അച്ചടക്കമില്ലായ്മ, കാര്യക്ഷമതയില്ലായ്മ തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തി പ്രകടന വിലയിരുത്തലും നടത്തി രാജി ആവശ്യപ്പെടും. നോട്ടീസോ നടപടിക്രമങ്ങളോ ഇല്ലാതെയാവും രാജി ആവശ്യപ്പെടൽ. ചോദ്യം ചെയ്താൽ കരിമ്പട്ടികയിൽപ്പെടുത്തും. മാനേജ്മെന്റിന്റെ തെറ്റായ നയങ്ങൾ ചോദ്യം ചെയ്താൽ കഴിവുള്ളവരും ഇത്തരത്തിൽ പുറത്താക്കപ്പെടും. കരിമ്പട്ടികയിൽ പെടുത്തുന്നവരുടെ പേരുകൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഇതര ബാങ്കിങ് സ്ഥാപനങ്ങളിലുള്ളവരെ അറിയിച്ച് അവരുടെ ഭാവി സാധ്യത തകർക്കുക എന്നതും സ്വകാര്യ ബാങ്ക് മാനേജ്മെന്റുകളുടെ രീതിയാണ്. മറ്റൊരു ജോലി സാധ്യത മങ്ങുമെന്നതിനാലും നിയമപരമായി ഇത്തരം ബാങ്കുകളോട് പോരാടാൻ ലക്ഷങ്ങൾ വക്കീൽ ഫീസായി നൽകണമെന്നതിനാലും പല ജീവനക്കാരും അനീതി ചോദ്യം ചെയ്യാതെ പടിയിറങ്ങും.  രാജിവയ്ക്കാൻ നിർബന്ധിതരാവുന്നവർക്ക് സേവനാനുകൂല്യങ്ങൾ പോലും പലപ്പോഴും ലഭിക്കാറില്ല. തൊഴില്‍ നിയമങ്ങൾ അതേരിതിയില്‍ ബാങ്കിങ് മേഖലയിൽ ബാധകമാകില്ലെന്നതാണ് ബാങ്കുകൾക്ക് പിടിവള്ളിയാവുന്നത്. വർക്ക്‌മെൻ കാറ്റഗറിക്കുപരിയായി ബാങ്കുകളിലെ പല തസ്തികകളും ‘ഫാൻസി തസ്തിക’കളാണ് എന്നതാണ് കാരണം.

പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വ്യത്യസ്തമായി, സ്വകാര്യമേഖലാ ബാങ്ക് ജീവനക്കാർക്ക് ട്രേഡ് യൂണിയനുകളില്ല. സംഘടിക്കുന്നവരെയും സംഘടിപ്പിക്കുന്നവരെയും തകർക്കുന്ന സമീപനമാണ് അധികാരികളുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. ഇത് അവരെ ഒറ്റപ്പെടുത്തി ദുർബലരാക്കുകയും കൂട്ടായ വിലപേശൽ വേദിയില്ലാതെയാക്കുകയും ചെയ്യുന്നു. പ്രാതിനിധ്യത്തിന്റെ ഈ അഭാവം തൊഴിൽ അരക്ഷിതാവസ്ഥ വർധിപ്പിക്കുകയും പരാതികൾ പരിഹരിക്കുന്നതിനുള്ള വഴികൾ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഒരു കാലത്ത് ഈ സ്ഥാപനങ്ങളുടെ നട്ടെല്ലായിരുന്ന ജീവനക്കാർ ഇപ്പോൾ ഭയത്താൽ നിശബ്ദരാണ്. ശക്തമായ സംഘടനകളുടെയോ സംരക്ഷണ ഫോറങ്ങളുടെയോ അഭാവം ജീവനക്കാരെ ദുർബലരാക്കുന്നു. യാഥാർത്ഥ്യബോധമില്ലാത്ത ലക്ഷ്യങ്ങൾ ജീവനക്കാരെ തെറ്റായ വില്പനയിലും മറ്റ് ക്രമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെടാൻ നിർബന്ധിതരാക്കുന്നു, ഇത് അവരുടെ കരിയറിനെയും ബാങ്കിന്റെ സമഗ്രതയെയും അപകടത്തിലാക്കുന്നു. ബാങ്ക് ഉന്നതാധികാരികൾ, നയരൂപീകരണ കർത്താക്കൾ, റെഗുലേറ്ററി സ്ഥാപനാധികാരികൾ, എന്നിവർ തമ്മിലുള്ള അവിശുദ്ധ ബന്ധം പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു. ഈ സഖ്യം പലപ്പോഴും വിയോജിപ്പുള്ള ശബ്ദങ്ങളെ അടിച്ചമർത്തുന്നതിലും ചൂഷണപരമായ ക്രമവിരുദ്ധ ബിസിനസ് രീതികൾ നിലനിർത്തുന്നതിലും കലാശിക്കുന്നു. ചില തല്പരസംഘടനകൾ സൃഷ്ടിക്കുന്ന വാചാടോപം പലപ്പോഴും സ്ഥാപനപരമായ വഞ്ചനയും അഴിമതിയും മറയ്ക്കുന്നു. വിസിൽബ്ലോവർമാരെ സംരക്ഷിക്കുന്നതിനുപകരം, അവർ പുറത്താക്കപ്പെടുന്നു, കഴിവുള്ള ജീവനക്കാരെ അനാവശ്യമെന്ന് മുദ്രകുത്താൻ പ്രകടന വിലയിരുത്തലുകളെ കൃത്രിമമായി ഉപയോഗിക്കുന്നു, ഇത് അന്യായമായ പിരിച്ചുവിടലുകൾക്ക് വഴിയൊരുക്കുന്നു.

ബാങ്കുകളുടെ നേതൃത്വ സ്ഥാനങ്ങളിലുള്ള പലർക്കും സിഎ‌‌െഎ, സിഎ‌‌െഎസ്എ, എഫ്ആര്‍എം, പിആര്‍എം അല്ലെങ്കിൽ സിഎഫ്ഇ പോലുള്ള അവശ്യ സർട്ടിഫിക്കേഷനുകൾ ഇല്ല. ബാങ്കിങ് പരിജ്ഞാനം പരിമിതമാണെങ്കിലും, ആയിരക്കണക്കിന് നിർണായക തീരുമാനങ്ങൾ അവർ എടുക്കുന്നു. സംശയാസ്പദമായ കൺസൾട്ടൻസി റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി പിരിച്ചുവിടലുകൾ നടപ്പിലാക്കുന്നു. സ്വകാര്യമേഖലാ ബാങ്ക് ജീവനക്കാർ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ, അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സമർപ്പിത ട്രേഡ് യൂണിയന്റെ അടിയന്തര ആവശ്യകതയുണ്ട്. ന്യായമായ രീതികൾക്കായി വാദിക്കുക, സുതാര്യവും നീതിയുക്തവുമായ തൊഴിൽ രീതികൾ ഉറപ്പാക്കുക, അന്യായമായ പിരിച്ചുവിടലുകളുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിൽ ജീവനക്കാരെ സഹായിക്കുക, സൃഷ്ടിപരമായ ചർച്ചകൾക്കായി ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള പാലമായി വർത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ സമര്‍പ്പിത ട്രേഡ് യൂണിയന് ചെയ്യാനാവും.

വേണ്ടത് സർക്കാർ മേൽനോട്ടം
നിലവിലെ സാഹചര്യത്തില്‍ സ്വകാര്യ മേഖലയിലെ ബാങ്ക് ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഗൗരവമായി ഇടപെടുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണം. അന്യായമായ പിരിച്ചുവിടലുകൾ തടയുന്ന നിയന്ത്രണങ്ങൾ, സ്വകാര്യ ബാങ്കിങ് മേഖലയ്ക്കുള്ളിൽ യൂണിയനുകളുടെ രൂപീകരണം, തൊഴിൽ നിയമങ്ങളും ധാർമ്മിക രീതികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബാങ്കുകളെ നിരീക്ഷിക്കൽ തുടങ്ങിയവ സര്‍ക്കാര്‍ ഇടപെടലിലൂടെ ഉറപ്പാക്കാനാവും.
സ്വകാര്യമേഖലാ ബാങ്കുകൾ ഇന്ത്യയുടെ ജനകോടികളുടെ സാമൂഹ്യ‑സാമ്പത്തിക വളർച്ചയ്ക്ക് ഉതകുന്ന വിധം ഗുണപരമായി വർത്തിക്കണം. അതിനാല്‍ത്തന്നെ ഈ മേഖലയ്ക്കുള്ളിലെ സേവന — തൊഴിൽ വെല്ലുവിളികൾ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. മാനേജ്മെന്റുകളുടെ ഭാഗത്തുനിന്നും ജീവനക്കാരോട് മനുഷ്യത്വപരവും നീതി, ന്യായം, നിയമം പാലിച്ചുള്ള സമീപനം, പെരുമാറ്റം, തൊഴിൽ സുരക്ഷ, പ്രാതിനിധ്യം എന്നിവ ഉറപ്പാക്കേണ്ടത് സ്വകാര്യബാങ്കിങ് വ്യവസായത്തിന്റെ നിലനില്പിനും തൊഴിലാളികളുടെ ക്ഷേമത്തിനും നിർണായകമാണ്.
(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.