30 December 2025, Tuesday

വര്‍ഗീയവാദികള്‍ വച്ച വെള്ളം തിളപ്പിക്കരുത്

അഡ്വ. കെ കെ സമദ്
July 15, 2025 4:36 am

ജമാഅത്തെ ഇസ്ലാമിയുടെ ശൂറ അംഗമായ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ആ പ്രസ്ഥാനത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഉത്തരവാദപ്പെട്ട ആളാണ് മീഡിയാ വണ്ണിന്റെ മാനേജിങ് എഡിറ്റർ കൂടിയായ സി ദാവൂദ്. എസ്ഐഒയുടെ മുൻ സംസ്ഥാന പ്രസിഡന്റ് എന്ന പദവിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഉള്ളിൽ അല്പമെങ്കിലും വർഗീയതയുള്ളവർക്ക് ആനന്ദിക്കാൻ ദാവൂദിന്റെ ചർച്ചകൾ ഏറെ മതിയാവും. ലോകത്തെവിടെയും ഇടതുപക്ഷത്തിന് വിശേഷിച്ച് കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് മുസ്ലിം വിരുദ്ധത ഉണ്ട് എന്ന് വരുത്തുന്നതിലാണ് ദാവൂദിന്റെ ശ്രദ്ധയും ഗവേഷണവും. അത് അയാളുടെ ആശയവും ആ പ്രസ്ഥാനത്തിന്റെ തന്ത്രവുമായിരിക്കും. ഇന്ത്യൻ സ്വാതന്ത്യ്രസമരത്തിലെ വിപ്ലവ നക്ഷത്രമായ ഭഗത്‌സിങ് 1947 ഓഗസ്റ്റ് 15ന് മുമ്പ് തീവ്രവാദിയും ആ തീയതിക്ക് ശേഷം ധീര രക്തസാക്ഷിയുമായി എന്നും കലണ്ടറിലെ തീയതികൾ മാറുമ്പോൾ ചെയ്ത പ്രവൃത്തികൾ മഹത്‌വൽക്കരിക്കപ്പെടുന്നു എന്നും യാതൊരു ലജ്ജയുമില്ലാതെ പൊതു വേദിയിൽ പ്രഖ്യാപിച്ച ആളാണ് അദ്ദേഹം. അടിസ്ഥാനപരമായി ബഹുമുഖ സാമൂഹ്യ ഘടന നമ്മുടെ സംസ്ഥാനത്തിന്റെ പ്രത്യേകതയാണ്. ഏതുകാര്യത്തിലും അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും ഓരോരുത്തർക്കും ഓരോ പാർട്ടികൾക്കും സംഘടനകൾക്കും മറ്റും കാണുകയും ചെയ്യും. അത് ജനാധിപത്യത്തിന്റെ ശക്തിയുമാണ്. മതരാഷ്ട്രവാദികളും തീവ്രവാദികളും ഉയർത്തുന്ന വെല്ലുവിളികളെ പലപ്പോഴും നാം നേരിടുന്നതും സർഗാത്മക സംവാദങ്ങളുടെ ഇതേ മൂല്യങ്ങൾ ഉയർത്തിക്കൊണ്ടുതന്നെയാണ്. മീഡിയാവൺ ചർച്ചകളിൽ ജമാഅത്തെ ഇസ്ലാമിക്കാരൻ പറയുന്ന വിദ്വേഷ വാക്കുകൾക്കും നുണകൾക്കും മറ്റിടങ്ങളിൽ പ്രാധാന്യം നൽകപ്പെടുന്നത് നല്ല ലക്ഷണമല്ല. ദാവൂദിന്റെ വചനങ്ങൾക്ക് ദാവൂദിനോളം പ്രാധാന്യമേയുള്ളൂ. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ കാര്യങ്ങളെ വീക്ഷിക്കുന്ന ദാവൂദിനെ എവിടെയെങ്കിലും നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ?

ഏത് വിഷയമെടുത്താലും അതിതീവ്ര വർഗീയതയുടെ ആലയിൽ കൊണ്ടുചെന്ന് കെട്ടിയിടുന്ന, കൊടുംവിഷം വമിക്കുന്ന വാക്കുകളാൽ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നയാളാണ് അദ്ദേഹം. അയാളുടെ ഭാഷയും പ്രയോഗങ്ങളും അവർക്ക് ചേർന്നതാണ്. അതിൽ പ്രൊപ്പഗണ്ടകളും അത് സ്ഥാപിച്ചെടുക്കാനുള്ള നുണകളും ഉണ്ട്. അജണ്ടയുണ്ടാക്കി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് പുതിയ കാലത്തെ രീതി. എന്നാൽ അതേറ്റുപിടിച്ച് ചർച്ചകൾ നടത്തുന്നതും തെരഞ്ഞെടുപ്പ് വിജയങ്ങൾ അവരുടെ പേരിൽ ചാർത്തി നൽകുന്നതും വർഗീയതയ്ക്ക് വളം വച്ചുകൊടുക്കുകയെന്ന വിപരീത ഫലമാണ് ഉണ്ടാക്കുക എന്ന കാര്യത്തിൽ സംശയമില്ല.
സംഘ്പരിവാറിനെ ശക്തമായി എതിർക്കുന്ന ഇടതുനേതാക്കളെ തീവ്ര മുസ്ലിംവിരുദ്ധരാക്കാൻ ആ പ്ര­സ്ഥാനവും അതിന്റെ ബുദ്ധിജീവികളും എത്രമാത്രം ആഗ്രഹിക്കുന്നുവെന്നത് കഴിഞ്ഞ ദിവസങ്ങളിലെ ചർച്ചകൾ കേട്ടാൽ മാത്രം മതി. മുൻ വണ്ടൂർ എംഎൽഎ, കണ്ണൻ നിയമസഭയിൽ ഉന്നയിച്ച ഒരു സബ്മിഷനിൽനിന്ന് ദാവൂദിനും ജമാഅത്തെ ഇസ്ലാമിക്കും ആവശ്യമുള്ളത് മാത്രം വെട്ടിയെടുത്ത് ചർച്ചയൊരുക്കിയത് അതുകൊണ്ടാണ്. ലോറിയുടെ ഉടമയുടേയും കസ്റ്റഡിയിലെടുത്ത പൊലീസുകാരന്റെയും പേരുനോക്കി മതംതിരിച്ച് വർഗീയതയുടെ കോലിട്ടിളക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു. അതിന്റെ രണ്ടാംഘട്ടമാണ് കണ്ണന്റെ നിയമസഭാ സബ്മിഷനുമായി ബന്ധപ്പെട്ട വിശദീകരണം. ‘മലപ്പുറം ജില്ലയിൽ ക്രിസ്‌മസ് നക്ഷത്രങ്ങളും ശബരിമലയ്ക്ക് പോകുമ്പോൾ ധരിക്കുന്ന കറുത്ത മുണ്ടുകളും മുസ്ലിം കടകളിൽ വിൽക്കാൻ കഴിയുന്ന അന്തരീക്ഷമില്ല’ എന്ന് കണ്ണൻ നിയമസഭയിൽ പറഞ്ഞുവെന്നായിരുന്നു ദാവൂദിന്റെ വാദം. എൻഡിഎഫിന്റെ തീവ്രവാദ സ്വഭാവത്തെക്കുറിച്ച് കൃത്യമായി പരാമർശിച്ച സബ്മിഷനിൽ നിന്ന് ആവശ്യമുള്ള വാക്കുകൾ അടർത്തിയെടുത്താണ് ദാവൂദ് പ്രചരിപ്പിച്ചത്. ഒറ്റനോട്ടത്തിൽ നിഷ്കളങ്കർക്ക് തോന്നും, കണ്ണൻ എന്ന ഇടത് എംഎൽഎ, ആർഎസ്എസിനേക്കാൾ മോശമായ ന്യൂനപക്ഷ വിരുദ്ധത പറഞ്ഞുവല്ലോ എന്ന്. അതാണ് തന്ത്രം. ആളുകളെ തെറ്റിദ്ധരിപ്പിക്കുക, സമൂഹമനസിനെ കളങ്കപ്പെടുത്തുക. എൻഡിഎഫിന്റെ തീവ്രവാദമുഖമാണ് അന്ന് കണ്ണൻ ചൂണ്ടിക്കാണിച്ചത്. എൻഡിഎഫിനെ അന്നു പറഞ്ഞതുപോലും ഇന്ന് ദാവൂദിന് സഹിക്കുന്നില്ല. ഇടതുപക്ഷത്തെ മുസ്ലിംവിരുദ്ധ ചേരിയിൽ ഉറപ്പിച്ചുനിർത്തുന്നതിനായി നടത്തിവരുന്ന നിരന്തര ശ്രമങ്ങളിൽ ഒന്നുമാത്രമാണിത്. പുതിയ കാലത്തിന്റെ വിഷം ബൗദ്ധിക/സർഗാത്മകം എന്ന് വരുത്തി സമൂഹത്തിലേക്ക് ഇറക്കിവയ്ക്കാനാണ് ശ്രമം. സംഘ്പരിവാറിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ഇടതുനേതാക്കളെ ടാർഗറ്റ് ചെയ്ത് ചാനൽ മുറിയിലിരുന്ന് ആവോളം അധിക്ഷേപിക്കാനും അയാള്‍ക്ക് ഉശിരുണ്ട്. 

ഇയാളെ ഇതിനുമുമ്പ് നമുക്കിടയിൽ എത്രപേർക്കറിയാം? സംഘടനയ്ക്കകത്ത് സുപരിചിതനായിരിക്കാം. മാധ്യമമേഖലയിലും അറിയുന്നവരുണ്ടാവാം. എന്നാൽ, ഇടതുപക്ഷത്തിനെതിരെ ഒരു നുണപ്രചരണം നടത്തിയപ്പോൾ അയാളെ നാലാൾ അറിയാൻ തുടങ്ങി. ജമാഅത്തെ ഇസ്ലാമിയുടെ ശൂറ കമ്മിറ്റിയിലെ മറ്റാരെയും അറിയില്ലെങ്കിലും അറിയാമെന്നായി. അയാളുടെ പ്രൊഫൈലിനുവേണ്ടി തെരച്ചിലായി. ഏറ്റവുമൊടുവിലിതാ, അവരുടെ സമൂഹ മാധ്യമ ഹാൻഡിലുകൾ കൂടുതൽ സജീവമാവുകയും ദാവൂദിന് വേണ്ടി ‘ഇരവാദം’ ഉയർത്തുകയും ചെയ്യുന്നു. പുതിയ വിവാദങ്ങൾക്ക് ശേഷം ജമാഅത്തെ ഇസ്ലാമി / അനുബന്ധ ഹാൻഡിലുകളിൽ എങ്ങനെയാണ് അദ്ദേഹത്തെ അവതരിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നത് എന്ന് നിരീക്ഷിച്ചാൽ തന്നെ ഇത്തരം ചർച്ചകളിലൂടെ ദാവൂദും കൂട്ടരും ഇടുന്ന ചൂണ്ടയിൽ പലരും കൊത്തുന്നു എന്ന് കാണാം. ജമാഅത്തെ ഇസ്ലാമി സൃഷ്ടിച്ച പുതിയ ഐക്കൺ മാത്രമാണ് ദാവൂദ്. എല്ലാ വിഷയങ്ങളേയും മതത്തിന്റെ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ശിഥിലമാക്കാൻ ആർഎസ്എസ് നടത്തുന്ന ശ്രമങ്ങൾക്ക് സമാനമാണ് ഈ സംഘടനയും ദാവൂദും നടത്തുന്നത്. രണ്ടും രണ്ടല്ല, രണ്ടും ഒന്നുതന്നെയാണ്.
അതിനിടയിലാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ വിജയത്തിന്റെ ട്രോഫികൾ ജമാഅത്തെ ഇസ്ലാമി പോലെയുള്ള വർഗീയ ശക്തികൾക്ക് ചാർത്തിക്കൊടുക്കുന്ന അബദ്ധങ്ങൾ രാഷ്ട്രീയ നേതൃത്വങ്ങളിൽനിന്നുണ്ടാവുന്നത്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപാർട്ടിയായ വെൽഫയർ പാർട്ടിക്ക് കേരളത്തിലാകെ ലഭിച്ചത് 32,630 വോട്ടുകളാണ്. 0.15% വോട്ട് ഷെയർ. ഇത് പ്രാദേശികമായ പല കൂട്ടുകെട്ടുകളുടേയും അടിസ്ഥാനത്തിൽ മാത്രം നേടാനായതാണ് എന്നുകൂടി ഓർക്കണം. ഏതെങ്കിലും മുന്നണിയെ ഏതെങ്കിലും മണ്ഡലത്തിൽ വിജയിപ്പിക്കാനോ തോൽപ്പിക്കാനോ ഉള്ള കരുത്ത് ആ പാർട്ടിക്ക് ഉണ്ടെന്ന് പറയുന്നതിൽ അടിസ്ഥാനമില്ല. എന്നാൽ ദാവൂദിനും ജമാഅത്തെ ഇസ്ലാമിക്കും അവരുടെ ചാനൽ മുറികളിലെ വർഗീയ ചർച്ചകൾക്കും അവർക്കുള്ളതിനേക്കാൾ വലിയ പ്രാധാന്യം നൽകുകയും തെരുവിൽ മറുപടി പറഞ്ഞും പ്രകോപിപ്പിച്ചും ഇല്ലാത്ത വലുപ്പം ചാർത്തിക്കൊടുത്തും വലുതാക്കിയാൽ അത് കേരളീയ പൊതു സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതം ചെറുതാകില്ല. ദാവൂദും കൂട്ടരും വച്ച വെള്ളം അവർ ആഗ്രഹിക്കുന്നത് പോലെ എല്ലാവരും കൂടി തിളപ്പിച്ചാൽ ആ ചൂട് കേരളത്തിന് ഗുണപ്രദമാവില്ല.
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദം ഉയർത്തിപ്പിടിക്കുന്നില്ലെന്നും അവർ അവരുടെ നിലപാടുകളിൽ മാറ്റം വരുത്തിയെന്നും പ്രതിപക്ഷ നേതാവും യുഡിഎഫും പറയുന്നത് നമ്മൾ കേട്ടു. ദാവൂദോ ജമാഅത്തെ ഇസ്ലാമിയോ എവിടെയെങ്കിലും അത് പറഞ്ഞതായി കണ്ടിട്ടില്ല. അപ്പോൾ ആ സംഘടനയെ കേവലം രാഷ്ട്രീയ കക്ഷിയാക്കി ഉയർത്തിക്കാണിച്ച് മുഖംമിനുക്കാനാണ് പ്രതിപക്ഷനേതാവുൾപ്പെടെയുള്ളവരുടെ ശ്രമം. അവർപോലും പറയാത്ത അവകാശവാദം പ്രതിപക്ഷനേതാവ് പറയുമ്പോൾ സ്വാഭാവികമായും മുഖ്യധാരയുടെ ഭാഗമാകാൻ അവർക്ക് അവസരം നൽകുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ തീവ്രവാദ ആശയത്തെയും പ്രചരണങ്ങളെയും സംബന്ധിച്ച് പറയുമ്പോൾ, തങ്ങൾ നേരിട്ട് നടത്തിയ ഏതെങ്കിലും തീവ്രവാദ സംഭവങ്ങളുണ്ടോ, തങ്ങൾക്കെതിരെ എന്തെങ്കിലും തീവ്രവാദ കേസുകളുണ്ടോ, ക്രിമിനൽ കേസുകളുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ന്യായീകരണത്തിനായി ജമാഅത്തെ ഇസ്ലാമി ഉയർത്തുന്നത്. ഇപ്പോൾ യുഡിഎഫ് നേതാക്കളും ഇതേ ചോദ്യം ആവർത്തിക്കുന്നു. ഗാന്ധി വധത്തിന്റെ ഉത്തരവാദികൾ ആർഎസ്എസ് ആണെന്ന് ആർക്കും അറിയാവുന്ന സംഗതിയാണ്. എങ്കിലും ഏതെങ്കിലും ആർഎസ്എസുകാരൻ ഗാന്ധി വധത്തിൽ പ്രതിയാണോ എന്ന സാങ്കേതിക ചോദ്യമാണ് ആർഎസ്എസ് തിരിച്ച് ചോദിക്കാറ്. ഈ ചോദ്യത്തിന് സമാനമാണ് ജമാഅത്തെ ഇസ്ലാമിയുടെയും അവരെ പിൻതുണയ്ക്കുന്നവരുടെയും ഈ വിശദീകരണം. തീവ്രവാദമെന്നത് എവിടേയെങ്കിലും ബോംബിട്ട് തകർക്കൽ മാത്രമാണെന്ന് ധരിക്കരുത്. വിഭാഗീയതയുടെയും വിഭജനത്തിന്റെയും അപകടകരമായ ആശയത്തെ ഉല്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇത്തരക്കാരുടെ പ്രധാന ദൗത്യം. ദാവൂദും കൂട്ടരും ഉയർത്തുന്ന അപകടകരമായ ആശയങ്ങളെ എല്ലാ അർത്ഥത്തിലും എതിർത്ത് തോൽപ്പിക്കേണ്ടതാണ്. എന്നാൽ അവഗണിച്ച് ഇല്ലാതാക്കേണ്ടതിനെയും ഇല്ലാതാക്കേണ്ടവരെയും പരിഗണിച്ച് വലുതാക്കി വളർത്താതിരിക്കുന്നതാണ് ഏറ്റവും നല്ലത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.