20 December 2025, Saturday

ബിഹാറിലെ രാഷ്ട്രീയ നിഷേധങ്ങൾ

ഡി രാജ
July 20, 2025 4:15 am

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ബിഹാറിലെ വോട്ടർപട്ടികയിൽ പ്രത്യേക സമഗ്ര പരിഷ്കരണം നടപ്പിലാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകരുടെ വിവരങ്ങൾ കൃത്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിഷ്കരണമെന്ന് വിശദീകരിക്കപ്പെട്ട പ്രക്രിയയ്ക്കെതിരെ വ്യാപക വിമർശനങ്ങൾ പ്രഖ്യാപനം വന്നതുമുതൽതന്നെ ഉയരുകയുണ്ടായി. അതോടൊപ്പം നിയമപരമായ ചോദ്യം ചെയ്യലുകളുമുണ്ടായി. സംസ്ഥാനത്താകെ വീടുവീടാന്തരം കയറിയിറങ്ങി വോട്ടർമാരുടെ പരിശോധനയാണ് നടന്നുവരുന്നത്. ഓരോ സമ്മതിദായകനോടും താമസം, വയസ് എന്നിവയ്ക്ക് ഉപോൽബലകമായ വ്യക്തിപരവും പൈതൃകവുമായ നിരവധി രേഖകൾ ആവശ്യപ്പെടുന്നു. 2003നുശേഷം ജനിച്ചവരോടാണ് പ്രധാനമായും ഇത്തരം രേഖകൾ ആവശ്യപ്പെടുന്നത്. കൃത്യതക്കുറവുകൾ പരിഹരിക്കുകയും അയോഗ്യരായ വോട്ടർമാരെ ഒഴിവാക്കുകയും ചെയ്യുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യമെങ്കിലും അത് നടത്തുന്നതിന് തെരഞ്ഞെടുത്ത സമയം, വേഗത, തീവ്രത എന്നിവ ദുർബല ജനവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ഇതിനകം തന്നെ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. 

പ്രതിപക്ഷപാർട്ടികളും പൗരാവകാശ സംഘടനകളും ഭരണഘടനാ വിദഗ്ധരുമുൾപ്പെടെ ഈ പ്രക്രിയയ്ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. രാജ്യത്ത് അധ്വാനിക്കുന്ന ജനവിഭാഗങ്ങളും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളും ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. അവരിൽ പലരും മതിയായ രേഖകൾ ഇല്ലാത്തവരും, ഉള്ളവര്‍ തന്നെ ഇത്തരം രേഖകൾ സൂക്ഷിക്കുന്നതിന് കഴിയാത്ത സാഹചര്യങ്ങളിൽ ജീവിക്കുന്നവരുമാണ്. കുടിയേറ്റത്തൊഴിലാളികൾ, ദളിത് — ആദിവാസി വിഭാഗങ്ങൾ, ഗ്രാമീണദരിദ്രർ എന്നിവർ തങ്ങളുടെ മാത്രമല്ല, പിതാക്കന്മാരുടെ രേഖകളുൾപ്പെടെ സമാഹരിച്ച് ഒരുമാസത്തിനകം അവകാശം തെളിയിക്കണമെന്ന വ്യവസ്ഥ അസാധ്യമായ വെല്ലുവിളിയാണ്. അബദ്ധമോ ക്രമക്കേടുകളോ കൊണ്ടല്ലാതെ, സംവിധാനത്തിന്റെ നീതികേടുകളും അധികൃതരുടെ ചിന്താരാഹിത്യവും കാരണം ഈ വിഭാഗങ്ങൾക്ക് വോട്ടവകാശം നിഷേധിക്കപ്പെടാനുള്ള സാധ്യതയാണ് നിലവിലുള്ളത്. മഴക്കാലത്തും ദുർഘട ഭൂപ്രദേശങ്ങളിലും ഈ പ്രക്രിയ നടത്തുന്നതിന്റെ വ്യാപ്തിയും സമയവേഗതയും പരിഗണിക്കുമ്പോൾ പിശകുകളും ഒഴിവാക്കലുകളും ഉറപ്പാണെന്നതിൽ സംശയമില്ല. സുപ്രീം കോടതിയിലെ നിലവിലുള്ള ഒരു ജഡ്ജി തന്റെ പദവിയിലുള്ള ഒരാൾക്കുപോലും ഇപ്പോൾ ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കാൻ ബുദ്ധിമുട്ടാണെന്ന് നിരീക്ഷിച്ചതിൽത്തന്നെ ഈ ഭയം പ്രതിഫലിക്കുന്നുണ്ട്. പ്രത്യേക സമഗ്ര പരിഷ്കരണത്തിന്റെ സമയക്രമവും ഭരണഘടനാ സാധുതയും സംബന്ധിച്ച വാദത്തിനിടെയായിരുന്നു നീതിപീഠത്തിൽ നിന്നും ഈ നിരീക്ഷണമുണ്ടായത്. 

ഈ ലേഖകനും സുപ്രീം കോടതിയിൽ ഹർജി നൽകിയവരിൽ ഒരാളാണ്. 10 പ്രതിപക്ഷ പാർട്ടികളാണ് കൂട്ടമായി ഹർജി നൽകിയിട്ടുള്ളത്. ഞങ്ങളുടെ ആശങ്കകൾ സുപ്രീം കോടതി ശ്രദ്ധാപൂർവം കേൾക്കുകയും സമയക്രമമുൾപ്പെടെ വിഷയങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനോട് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. കൂടാതെ സമഗ്ര പരിഷ്കരണ വേളയിൽ സമർപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വയം നിശ്ചയിച്ച രേഖകളുടെ കൂട്ടത്തിൽ ആധാർ, റേഷൻ, വോട്ടർ തിരിച്ചറിയൽ കാർഡുകൾ കൂടി ഉൾപ്പെടുത്തേണ്ട കാര്യം സുപ്രീം കോടതി ഉന്നയിക്കുകയുമുണ്ടായി. സാധാരണവും എല്ലാവരെയും ഉൾക്കൊള്ളേണ്ടതുമായ ഒരു നടപടിക്രമത്തിൽ ജുഡീഷ്യറിക്ക് ഇടപെടേണ്ടിവന്നു എന്നതുതന്നെ അസ്വസ്ഥതപ്പെടുത്തുന്ന ഒരു സൂചനയാണ്. ഈ പ്രക്രിയയെ കൂടുതൽ സംശയാസ്പദമാക്കുന്നത് അതിന്റെ രാഷ്ട്രീയ പശ്ചാത്തലമാണ്. ഒരു ദശാബ്ദത്തിലേറെയായി കേന്ദ്രം ഭരിക്കുകയും ഭരണസഖ്യത്തിലെ മറ്റെല്ലാ പാർട്ടികളെയും മറികടന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ബിജെപി, ബിഹാർ പോലുള്ള രാഷ്ട്രീയമായി നിർണായകമായ സംസ്ഥാനങ്ങളിൽ അധികാരം നിലനിർത്താൻ നിരന്തരം പുതിയ രീതികൾ ആവിഷ്കരിക്കുകയാണ്. സംഘടിത കൂറുമാറ്റങ്ങളിലൂടെയും വിഘടിത ഗ്രൂപ്പുകളെ രഹസ്യമായി പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സഖ്യങ്ങളിൽ കൃത്രിമം കാണിക്കുന്നതിലൂടെയും തെരഞ്ഞെടുപ്പ് പ്രക്രിയയെ മാനിക്കുന്നതിൽ ബിജെപി വിമുഖത കാണിക്കുന്നു. ബിഹാറിൽ അതിന്റെ സ്ഥാനം ദുർബലമാവുകയും പ്രതിപക്ഷമായ മഹാസഖ്യം ശക്തിപ്പെടുകയും ചെയ്യുന്നതിനാല്‍ പ്രത്യേക സമഗ്ര പരിഷ്കരണത്തെ ഉപകരണമാക്കുകയാണവർ. 

സങ്കീർണമായ രേഖകൾക്കായുള്ള ആവശ്യം ബിജെപിയെ പിന്തുണയ്ക്കാൻ സാധ്യതയില്ലാത്ത വോട്ടർമാരെയും ദരിദ്രരെയും ദളിതരെയും ന്യൂനപക്ഷങ്ങളെയും കുടിയേറ്റത്തൊഴിലാളികളെയും ദോഷകരമായി ബാധിക്കും. നിഷ്പക്ഷ ഭരണ നടപടിയായിട്ടാണ് ചിത്രീകരിക്കപ്പെടുന്നതെങ്കിലും വാസ്തവത്തിൽ പ്രകടമാകുന്നത് കൃത്യമായ രാഷ്ട്രീയമാണ്. നടപടി ജനപ്രാതിനിധ്യ നിയമപ്രകാരവും ഭരണഘടനാപരമായും നിർബന്ധവും ആവശ്യവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വാദിക്കുന്നുണ്ടെങ്കിലും, ഈ അവകാശവാദങ്ങൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്നില്ല. അടുത്തകാലത്ത് തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ ഈ പ്രക്രിയ അവലംബിച്ചതുമില്ല. ബിഹാറിലെ വോട്ടർപട്ടിക 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുവേണ്ടി പുതുക്കിയിരുന്നതുമാണ്. പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള പരിമിതമായ പരിഷ്കരണം മാത്രമാണ് ആവശ്യമായിട്ടുള്ളത്. 

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർമാരുടെ എണ്ണത്തിലുണ്ടായ വിശദീകരിക്കാനാകാത്ത കുതിച്ചുചാട്ടത്തിന് വ്യക്തമായ മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ തയ്യാറായിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിൽ നടത്തുന്ന ഈ പരിഷ്കരണങ്ങൾ നടപടിക്രമങ്ങളിലെ നിഷ്പക്ഷതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. ഏറ്റവും ശ്രദ്ധേയമായ കാര്യം പ്രത്യേക സമഗ്ര പരിഷ്കരണത്തെ തെരഞ്ഞെടുപ്പ് കമ്മിഷനെക്കാൾ ആവേശഭരിതരായി ന്യായീകരിക്കുന്നത് ബിജെപി വക്താക്കളാണെന്നതാണ്. കമ്മിഷൻ ഔദ്യോഗികമായി നിഷ്പക്ഷത പാലിക്കുന്നുണ്ടെന്ന് തോന്നുമെങ്കിലും വളരെ വികലവും രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമായ ഒരു പ്രക്രിയയ്ക്ക് നേതൃത്വം നൽകുന്നുവെന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമന പ്രക്രിയയിൽ അടുത്തിടെയുണ്ടായ മാറ്റങ്ങൾ ഈ ധാരണയെ ശക്തിപ്പെടുത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റ് കമ്മിഷണർമാരെയും നിയമിക്കാനുള്ള അധികാരം ഇപ്പോൾ കേന്ദ്ര സർക്കാരിനാണ്. ഇത് കമ്മിഷന്റെ ഘടനാപരമായ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുന്ന നീക്കമാണ്. 

പൊതുവേദികളിലും പത്രസമ്മേളനങ്ങളിലും മുൻകാലങ്ങളിൽ കാണിച്ച ദൃഢതയോടെ കമ്മിഷൻ അതിന്റെ സ്വയംഭരണാവകാശം ഉറപ്പിക്കുന്നതിൽ പരാജയപ്പെടുന്നു. എക്സിക്യൂട്ടീവിൽ നിന്നുള്ള ഘടനാപരമായ സ്വാതന്ത്ര്യത്തെ അടിവരയിടുന്നതിനായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ടി എൻ ശേഷൻ, ആശയവിനിമയത്തിൽ ഇന്ത്യാ ഗവൺമെന്റ് എന്ന വാക്കുപയോഗിക്കുന്നത് ബോധപൂർവം ഒഴിവാക്കിയത് ഇവിടെ ഓർമ്മിക്കണം. ഇന്ന്, അത്തരം പ്രതീകാത്മകവും അർത്ഥവത്തുമായ നടപടികൾ ഇല്ലാതായിരിക്കുന്നു, തല്‍ഫലമായി കമ്മിഷന്റെ നിഷ്പക്ഷതയിലുള്ള പൊതുജനവിശ്വാസം ക്ഷയിക്കുകയും ചെയ്തിരിക്കുന്നു.
ബിഹാറിൽ വോട്ടർപട്ടിക പരിഷ്കരണത്തിന് നിശ്ചയിച്ചിരിക്കുന്ന സമയമാണ് അതിപ്രധാനം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങൾ മാത്രം ശേഷിക്കെ ലക്ഷക്കണക്കിന് സമ്മതിദായകർ തങ്ങളുടെ പേരുൾപ്പെടുമെന്ന് ഉറപ്പിക്കുന്നതിനുള്ള പരക്കം പാച്ചിലിലാണ്. പലരും അനിശ്ചിതാവസ്ഥ നേരിടുകയാണ്. പലരിലും ആശയക്കുഴപ്പവും ഭീതിയുമാണ്. ഒരു ജനാധിപത്യ സംവിധാനത്തിൽ ഒരു പൗരനും തങ്ങളുടെ വോട്ടവകാശം സംബന്ധിച്ച് സംശയാലുക്കളായിരിക്കരുത്. ബിഹാറിൽ ഇപ്പോൾ ആ സംശയങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതാകട്ടെ, വോട്ടവകാശം സംരക്ഷിക്കുന്നതിന് ഉത്തരവാദപ്പെട്ട സ്ഥാപനത്തിൽ നിന്നുതന്നെയാണ്. അവ പരിഹരിക്കുന്നതിന് ഒരു ശ്രമവും നടക്കുന്നുമില്ല. 

2024ൽ വോട്ടു ചെയ്തവരോടാണ് ഇനിയൊരു തെര‍ഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെങ്കിൽ തങ്ങളുടെ യോഗ്യത തെളിയിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പരിഷ്കരണം സമ്മതിദായകരെ ഞെട്ടിച്ചിരിക്കുകയുമാണ്. യോഗ്യത തെളിയിക്കുന്നതിനുള്ള ഭാരം അന്യായമായി പൗരന്മാരിൽ നിക്ഷിപ്തമാക്കി. അതിന്റെ അനന്തരഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത് പാർശ്വവൽക്കരിക്കപ്പെട്ടവരായിരിക്കുകയും ചെയ്യും.
ബിഹാറിൽ ഇരട്ട തന്ത്രമാണ് ബിജെപി പ്രയോഗിക്കുന്നത്. പാവപ്പെട്ടവരെയും രേഖകളില്ലാത്തവരെയും ലക്ഷ്യംവച്ചുകൊണ്ട്, അവരെ കൂട്ടമായി വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടിയാണ് അതിലൊന്ന്. രണ്ടാമത്തേത് വർഗീയവൽക്കരണത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ സൃഷ്ടിച്ച് സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമവും. ഈ ദ്വിമുഖ തന്ത്രങ്ങൾ പുതിയതല്ലെങ്കിലും ബിഹാറിൽ ഇവയുടെ സംയോജനം പ്രത്യേകിച്ച് അപകടകരമാണ്. മഹാസഖ്യം ഇതിനെ നിയമപരമായി മാത്രം ചോദ്യം ചെയ്താൽ മതിയാകില്ല. മറിച്ച് രാഷ്ട്രീയമായും സാമൂഹ്യമായും മുന്നേറ്റങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. ഇത് കേവലം തെരഞ്ഞെടുപ്പ് ഗണിതത്തിന്റെ മാത്രം പ്രശ്നമല്ല, മറിച്ച് ജനാധിപത്യത്തിന്റെ നിയമസാധുതയുടെ വിഷയം കൂടിയാണ്.
യോഗ്യതയുള്ള ഒരു പൗരന് വോട്ടുചെയ്യാനുള്ള അവകാശം ഉദ്യോഗസ്ഥതലത്തിലെ ചില നിയമലംഘനങ്ങളിലൂടെ ഇല്ലാതാക്കാൻ സാധിക്കുന്നതല്ല; അതൊരു അവകാശമാണ്. ഭരണപരിഷ്കാരത്തിന്റെ പേരിൽ വോട്ടവകാശം പരിമിതപ്പെടുത്താനുള്ള ഏതൊരു ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കണം. ഇപ്പോഴത്തെ പോരാട്ടം കോടതികളിൽ മാത്രമല്ല, ഓരോ പൗരന്റെയും വാതിൽപ്പടിയിലും നടത്തണം. 

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.