2 January 2026, Friday

കറുത്ത രാമനെപ്പോലൊരു കുഞ്ഞ് വെളുത്തവർ ആഗ്രഹിക്കുമോ?

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
നരോത്തമായനം രാമായണം
July 21, 2025 4:40 am

രിങ്ങാലക്കുട കാരുക്കുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തിലെ പൂജാരി, കറുത്ത തൊലിയുള്ള ബ്രാഹ്മണനാണെന്നതിനാൽ അദ്ദേഹത്തെ വെളുത്ത തൊലിയുള്ള ഒരു കുലസ്ത്രീ അധഃസ്ഥിതജാതിപ്പേര് ചൊല്ലി അധിക്ഷേപിച്ചതായി ഈയടുത്ത ദിവസം വാർത്ത വന്നിരുന്നു. അതുകണ്ടപ്പോൾ തോന്നിയ ഒരു ചിന്ത, ഇത്തരം വെള്ളയച്ചിമാരും വെള്ളയച്ഛന്മാരും രാമനെപ്പോലെ കറുത്ത ഒരു കുഞ്ഞുണ്ടാവണമെന്ന് രാമായണം വായിച്ചു പ്രാർത്ഥിക്കുമോ എന്നാണ്. ഇല്ലെന്നുറപ്പാണ്. കൊടുങ്ങല്ലൂരും ചോറ്റാനിക്കരയിലും ഒക്കെപ്പോയി കരിവണ്ടിൻ നിറമാർന്ന കാളിയെ തൊഴുന്ന വെളുത്ത തൊലിയുള്ള ഒരു ഭക്തജനവും തങ്ങൾക്ക് കാളീമാതാവിനെപ്പോലെ കറുത്ത ഒരു പെൺകുഞ്ഞുണ്ടാകണമെന്നും പ്രാർത്ഥിക്കില്ല. തന്റെ പേരക്കുഞ്ഞിന് ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രത്തിൽ വച്ചു ചോറൂണ്ണ് കഴിക്കണം എന്ന് ആഗ്രഹിക്കുന്ന എസ്എൻഡിപി നേതാക്കളും ഉണ്ടോ എന്ന് സംശയമാണ്. എല്ലാവർക്കും ചോറൂണിനും വിവാഹത്തിനും എഴുത്തിനിരുത്തിനും കൊള്ളാവുന്ന തിരുനട ഗുരുവായൂരും തിരുവൈക്കവും ഒക്കെയാണ്. നമ്മുടെ നവോത്ഥാനവും വിപ്ലവവും സവർണ മാടമ്പിവിരുദ്ധ പ്രക്ഷോഭവും ഒക്കെ ഇത്തരം വിചിത്ര വിരോധാഭാസങ്ങളാൽ ചിരിയും ചിന്തയും ഉണ്ടാക്കുന്നതായാണ് കണ്ടുവരുന്നത്. രാമനെപ്പോലെ കറുത്ത തൊലിയുള്ള മകനെ ആഗ്രഹിക്കാത്തവരും രാമനെപ്പോലെ സ്വഭാവഗുണമുള്ള മകനെ ആഗ്രഹിക്കും. അതിനുകാരണം അച്ഛനെ അനുസരിക്കാനും താതാജ്ഞയ്ക്ക് അനുഗുണമാക്കി അമ്മയുടെയും കുടുംബാംഗങ്ങളുടെയും അന്തഃരംഗ വൈകാരികതകളെ അനുനയിപ്പിക്കാനും, അതുവഴി കുടുംബത്തെ കാലുഷ്യത്തിൽ നിന്ന് പ്രശാന്തിയിലേക്ക് എത്തിക്കാനും രാമന്റെ സ്വഭാവത്തിനുള്ള കഴിവാണ്. സർവവും സംഹരിക്കാവുന്ന വിധത്തിൽ തിളച്ചുപുകഞ്ഞ് പൊന്തി പൊട്ടിയൊലിക്കുന്ന അഗ്നിപർവത സമാനമായ വൈകാരികതകളെ പ്രശമനം ചെയ്യാൻ രാമവാണികൾക്കുള്ള കഴിവ് ഏറെ പഠനീയമാണ്. മനഃശാസ്ത്ര കൗൺസിലിങ് നടത്തുന്നവർ ഇക്കാര്യവും ഒന്നു ശ്രദ്ധയിൽവച്ച് രാമായണം വായിക്കുന്നത് നന്നാവും. 

നടപ്പാകും എന്നുറപ്പുള്ള ആഗ്രഹം നടപ്പാവാത്ത വിധം പൊടുന്നനെ അട്ടിമറിക്കപ്പെട്ടുപോകുമ്പോൾ ആഗ്രഹ വിഘ്നം വരുത്തിയവരോട് ആഗ്രഹിച്ചിരുന്നവർക്ക് തോന്നുന്ന കൊല്ലാനുള്ള കലിയാണ് രാമാഭിഷേകം മുടങ്ങിയപ്പോൾ അയോധ്യാ രാജകുടുംബത്തിലെ കൈകേയി ഒഴികെയുള്ളവർക്കെല്ലാം ഉണ്ടായത്. വൃദ്ധനായ ദശരഥനെ പിടിച്ചുകെട്ടി തുറുങ്കിലടച്ചും രാമാഭിഷേകം നടത്താം എന്നു കോപാക്രാന്തനായി ലക്ഷ്മണൻ ആക്രോശിക്കുന്നു. താതവാക്യം കാട്ടിൽപ്പോകാൻ കല്പിക്കുന്നുവെങ്കിൽ തായവാക്യം കൊട്ടാരത്തിൽ വസിക്കാൻ നിന്നോടു കല്പിക്കുന്നു എന്നുപറഞ്ഞാണ് കൗസല്യ എന്ന രാമമാതാവ് ധർമ്മസങ്കടത്തിന്റെ വൈകാരികച്ചുഴി ഉണ്ടാക്കുന്നത്. ഇതിനെയൊക്കെ രാമൻ ശമനം ചെയ്ത്, തന്നെയും കുടുംബത്തെയും പ്രശാന്തരാക്കി രാജകല്പനയനുസരിച്ചു കാട്ടിലേക്ക് പുറപ്പെടുന്നത് വായിച്ചാൽ ഏതു കലുഷിതമായ അന്തഃരംഗവും പ്രശാന്തമാകും എന്നുറപ്പ്. പ്രശാന്തി പകരുന്നതിനോടാണ് സാധാരണ മനുഷ്യർ പ്രേമം കൊള്ളുക. ബഹുജനങ്ങളിൽ രാമകഥയോട് തോന്നുന്ന പ്രേമം പ്രശാന്തി പകരുന്ന രാമചര്യകളുടെയും രാമവാണികളുടെയും മഹിമയാൽ ഉണ്ടായതാണെന്നും കരുതാം.
തീർച്ചയായും ഭയം ജനിപ്പിക്കുന്ന രാമബാണങ്ങളും അഭയം നൽകുന്ന രാമവാണികളും നിറഞ്ഞതാണ് രാമായണം. രാമബാണം ഭയപ്പെടുത്തുന്നത് ബലത്താൽ എല്ലാം തന്റേതാക്കി കീഴ്പ്പെടുത്തിവച്ചവരെയാണ്. ബലം കൊണ്ടു സകലം കീഴമർത്തിയവർക്ക് കൂടുതൽ ബലമുള്ളതിനെ അഭിമുഖീകരിക്കുമ്പോൾ ഭയം തോന്നും. അത്തരം ഭയം രാമബാണത്തോട് ശൂർപ്പണഖയ്ക്ക് ഉണ്ടായി. കാരണം ഖര — ദൂഷണ — ത്രിശിരസുകളെ തന്റെ ബലശാലികളായ സഹോദരരെയും അവരുടെ രാക്ഷസബലമുള്ള സൈന്യത്തെയും രാമബാണബലം എങ്ങനെ തകർത്തു തൂളാക്കിയെന്ന് ശൂർപ്പണഖ കണ്ടനുഭവിച്ചു. ഇതുപോലെ രാവണന്റെ അമ്മാവനും മായികമന്ത്ര നിപുണനുമായ മാരീചനും രാമബാണബലം അറിഞ്ഞതിനാൽ ഭയപ്പെട്ടു. രാവണന് ശൂർപ്പണഖയോ മാരീചനോ പറഞ്ഞിട്ടും രാമബാണത്തോടു ഭയം തോന്നിയില്ല. സീതയെ പ്രാപിക്കണം എന്ന കാമം രാവണനിൽ തീക്ഷ്ണമായിരുന്നു. കാമം സാഹസങ്ങള്‍ ചെയ്യാനുള്ള ഒരുതരം മൂഢധൈര്യം ഉണ്ടാക്കും. അത്തരമൊരു മൂഢധൈര്യത്താൽ ശൂർപ്പണഖയും മാരീചനും പറഞ്ഞ വാക്കുകളിലൂടെ രാമബാണത്തിന്റെ ബലമറിഞ്ഞ് ഭയക്കാനുള്ള വാസ്തവിക ബോധം പോലും രാവണന് ഉണ്ടായില്ല. മരണം അടുത്തവനിൽ മരുന്ന് ഫലിക്കാത്തതു പോലെ രാവണനിൽ മാരീച വാക്യങ്ങളും ഫലിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.