
കേരളത്തിലെ കാസര്‍കോട് നിന്നും കേവലം നൂറ് കിലോമീറ്റര്‍ അകലെ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടിയില്‍ നേത്രാവതി നദിക്കരയിലുള്ള ഒരു ക്ഷേത്ര നഗരമാണ് ധര്‍മ്മസ്ഥല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഞ്ചുനാഥ ക്ഷേത്രമാണ് പ്രധാന തീര്‍ത്ഥാനട കേന്ദ്രം. മറ്റ് ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ഒരു ജൈന കുടുംബ ട്രസ്റ്റാണ് ഈ ഹിന്ദുക്ഷേത്രം നടത്തുന്നത്. ദിവസവും ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളമടക്കമുള്ള അയല്‍ സ്ഥാനങ്ങളില്‍ നിന്നും ഇവിടെയെത്തുന്നു. ഉത്സവകാലത്ത് ഇത് ലക്ഷങ്ങളായി മാറും.
ഈ നഗരത്തിലേക്കുള്ള വഴി വിജനമായ കാട്ടിലൂടെയാണ്. ക്ഷേത്രങ്ങളും അതിനോടനുബന്ധമായുള്ള സ്ഥാപനങ്ങളും ലോഡ്ജുകളും ഹോട്ടലുകളുമെല്ലാം കേന്ദ്രീകരിച്ചിരിക്കുന്ന പട്ടണത്തിന് ചുറ്റും നിബിഡമായ വനപ്രദേശമാണ്. ഈ സ്ഥലത്താണ് അകലെയുള്ള പ്രദേശങ്ങളില്‍ നിന്ന് ദിവസവും ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്നത്. എന്നാല്‍ വളരെ വിചിത്രമായ ഒരു കാര്യം ഇത്രയും ജനങ്ങള്‍ ദിവസവും വന്നെത്തുന്ന ഈ പ്രദേശത്ത് 2015വരെ ഒരു പൊലീസ് സ്റ്റേഷന്‍ ഉണ്ടായിരുന്നില്ല എന്നതാണ്. പന്ത്രണ്ട് കിലോമീറ്റര്‍ അകലെ ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ഈ പ്രദേശം. അതിനാല്‍ത്തന്നെ ഫലപ്രദമായ ക്രമസമാധന പാലനം നടന്നിരുന്നില്ല. ഇത്രയും ജനസാന്ദ്രതയുള്ള, ഭൂരിപക്ഷവും ക്ഷേത്ര ദര്‍ശനത്തിനായി താല്‍ക്കാലികമായി വന്നുപോകുന്നവര്‍, ഈ സ്ഥലത്തുള്ള പരാതികള്‍ അകലെയുള്ള പൊലീസ് സ്റ്റേഷനിലാണ് നല്‍കേണ്ടത് എന്നുവന്നാല്‍ ആ പരാതിയിലെ അന്വേഷണം എത്ര ഫലപ്രദമായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ല.
ജനത്തിരക്കേറിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമെല്ലാം തന്നെ അവിടെയെത്തുന്ന അന്യദേശക്കാരെ ലക്ഷ്യമിട്ട് സാമൂഹ്യവിരുദ്ധരുടെ മാഫിയ വളര്‍ന്നുവരും. ധര്‍മ്മസ്ഥലയിലും സംഭവിച്ചത് ഇതുതന്നെയാണ്. നിബിഡ വനങ്ങളാല്‍ ചുറ്റപ്പെട്ട യാതൊരു ക്രസമാധാന സംവിധാനങ്ങളുമില്ലാത്ത ആ പട്ടണത്തില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി ദുരൂഹസാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പൊലീസിന്റെ കണക്കുപ്രകാരം 600ലധികമാണ്. അതില്‍ 400പേര്‍ സ്ത്രീകളാണ്. എന്നാല്‍ വര്‍ഷങ്ങളായി നടന്ന ഈ അസ്വാഭാവിക മരണങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടക്കുകയോ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല എന്നത് മനഃസാക്ഷിയെ നടുക്കുന്ന ക്രൂരതയാണ്.
2012 ഒക്ടോബര്‍ ഒമ്പതിന് തദ്ദേശവാസിയായ സൗജന്യ എന്ന കോളജ് വിദ്യാര്‍ത്ഥിനി പതിവുപോലെ വൈകുന്നേരം കോളജില്‍ നിന്നും മടങ്ങി സ്വന്തം വീട്ടില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ ബസിറങ്ങി നടന്നുവരുന്ന വഴിയില്‍ കാണാതായി. ഈ വഴിയില്‍ ഏതാണ്ട് പകുതി ദൂരം മറ്റ് കുട്ടികളും കൂടെയുണ്ടായിരുന്നു. ബസിറങ്ങി അവിടെ ഹോട്ടല്‍ നടത്തിയിരുന്ന സ്വന്തം അമ്മാവനോട് കൈവീശി ചിരിച്ച് നടന്നുപോയ കുട്ടിയുടെ ക്രൂരമായി കൊലപ്പെടുത്തിയ മൃതദേഹമാണ് പിറ്റേന്ന് ഒരു അരുവിയുടെ കരയില്‍ നിന്നും കണ്ടെടുക്കുന്നത്.
കാണാതായ അന്ന് രാത്രിതന്നെ ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കി. ഈ കൊലപാതകം വമ്പിച്ച ജനരോഷം സൃഷ്ടിച്ചു. സംശയിക്കുന്നവരുടെ വിവരങ്ങളും ജനങ്ങള്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ പൊലീസ് പ്രതിയായി സംശയിച്ച് അറസ്റ്റ് ചെയ്തത് അയല്‍ ജില്ലക്കാരനായ ഒരു ചെറുപ്പക്കാരനെയാണ്. ഇയാളെ ചിലര്‍ ചേര്‍ന്ന് പിടികൂടി പൊലീസിനെ കൈമാറുകയായിരുന്നു. ആ ചെറുപ്പക്കാരനെ ക്രൂരമായി മര്‍ദിച്ചാണ് പൊലീസിന് കൈമാറിയത്. ലോക്കല്‍ പൊലീസും സിബിഐയുമൊക്കെ മാറിമാറി കേസന്വേഷണം നടത്തി. വമ്പിച്ച ജനരോഷം തണുപ്പിക്കാന്‍ ക്ഷേത്ര ദര്‍ശനത്തിന് വന്ന യുവാവിനെ പ്രതിയാക്കി. പതിനൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം കോടതി ആ ചെറുപ്പക്കാരനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധിപ്രസ്താവത്തില്‍ പറഞ്ഞത് ഇങ്ങനെയാണ് “കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് അനുയോജ്യമായ കേസാണിത്”.
ഇങ്ങനെ ദുരൂഹ കൊലപാതകങ്ങള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കേയാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ 1995മുതല്‍ 2014വരെ ഏതാണ്ട് 20 വര്‍ഷത്തോളം തന്റെ സൂപ്പര്‍വൈസറുടെയും മറ്റും നിര്‍ദേശവും നിര്‍ബന്ധവും കാരണം നൂറിലധികം കൊലചെയ്യപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ താന്‍ മറവുചെയ്തിട്ടുണ്ട് എന്ന വെളിപ്പെടുത്തലുമായി ധര്‍മ്മസ്ഥലയിലെ ഒരു മുന്‍ ശുചീകരണ ജീവനക്കാരന്‍ കര്‍ണാടക ഹൈക്കോടതിയിലെ അഭിഭാഷകര്‍ക്കൊപ്പം മജിസ്ട്രേട്ടിന് മുമ്പാകെ മൊഴി നല്‍കിയത്. മൃതദേഹങ്ങള്‍ സംസ്കരിച്ച സ്ഥലം, അതുപോലെ മൃതദേഹങ്ങളുടെ വിശദാംശങ്ങള്‍ ഒക്കെ ഉള്‍പ്പെടുത്തിയായിരുന്നു മൊഴി.
വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി ഗോപാല്‍ ഗൗഡയുടെ നേതൃത്വത്തിലുള്ള അഭിഭാഷകര്‍ ബംഗളൂരുവില്‍ പത്രസമ്മേളനം നടത്തി വേഗത്തിലും നിഷ്പക്ഷവുമായ നീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു. “സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ കേസുകളില്‍ ഒന്നാണിത്. ശക്തരായ ആളുകളുടെ ഇടപെടലോ സംരക്ഷണമോ ഇല്ലാതെ ഇത്രയും ക്രൂരമായ കുറ്റകൃത്യം സംഭവിക്കുകയില്ല. എന്നിട്ടും സര്‍ക്കാരില്‍ നിന്നും നടപടിയുണ്ടാവുന്നില്ല” എന്നാണ് ജസ്റ്റിസ് ഗൗഡ പറയുന്നത്.
ഇപ്പോഴും കര്‍ണാടകയിലെയുള്‍പ്പെടെ പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ ഈ കേസിനെ സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കാന്‍ വിമുഖത കാണിക്കുകയാണ്. മൊഴി നല്‍കിയ മുന്‍ ശുചീകരണത്തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാനോ മൃതദേഹങ്ങള്‍ മറവുചെയ്തു എന്ന് പറയുന്ന സ്ഥലം സുരക്ഷിതമാക്കാനോ നടപടികളുണ്ടാവുന്നില്ല. സംഭവസ്ഥലത്ത് തെളിവ് നല്‍കാനായി എത്തിയ സാക്ഷിക്കും അഭിഭാഷകര്‍ക്കും മണിക്കൂറുകളോളം പൊലീസിനെ കാത്തുനിന്ന് മടങ്ങേണ്ടിവരുന്നു.
ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്ന യുട്യൂബര്‍ക്ക് ദിവസങ്ങള്‍ക്കകം പോസ്റ്റ് പിന്‍വലിക്കേണ്ടിവന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കെതിരെ കേസുകളും ഭീഷണികളും വരികയാണ്. പലരും മര്‍ദിക്കപ്പെടുന്നു. കുറ്റവാളികള്‍ക്ക് സമൂഹത്തിലുള്ള സ്വാധീനവും അവരുടെ സാമ്പത്തികശേഷിയും വ്യക്തമാക്കുന്നതാണ് മേല്പറഞ്ഞ മെല്ലെപ്പോക്കിന് കാരണം. എങ്കിലും അഭൂതപൂര്‍വമായ പ്രക്ഷോഭങ്ങള്‍ക്ക് ഈ വാര്‍ത്ത കളമൊരുക്കിയിരിക്കുന്നു.
ഇത്രയും വര്‍ഷങ്ങളായി നടക്കുന്ന ഭയാനകമായ ക്രൂരതയ്ക്ക് അറുതിയുണ്ടാവണം. കുറ്റവാളികള്‍ കഴുമരത്തിലേറ്റപ്പെടണം. ഇനിയെങ്കിലും നീതിയുടെ മൂടിക്കെട്ടിയ കണ്ണുകള്‍ തുറക്കണം. രാജ്യത്തെ നടുക്കുന്ന ഈ നികൃഷ്ടമായ കൊലപാതക പരമ്പരയ്ക്ക് പിന്നിലെ നരാധന്മാരെ കണ്ടെത്തണം. ഇത് മനഃസാക്ഷിയുള്ള ഓരോ മനുഷ്യന്റെയും ആവശ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.