17 December 2025, Wednesday

Related news

December 5, 2025
December 5, 2025
November 23, 2025
November 23, 2025
November 20, 2025
November 17, 2025
November 10, 2025
November 9, 2025
November 7, 2025
November 4, 2025

ബോയിങ് ഡ്രീംലൈനറിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നില്ലെന്ന് യുഎസ് റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
July 25, 2025 11:01 pm

അഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നില്ലെന്ന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ അന്തിമ വിലയിരുത്തല്‍. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സംവിധാനങ്ങളില്‍ ഒരു സാങ്കേതിക തകരാറും കണ്ടെത്താനായില്ല. സ്വിച്ചുകളെല്ലാം സാധാരണ പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. തകരാറുള്ളതിന്റെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും യുഎസ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.
പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനത്തിന്റെ രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും ‘റണ്‍’ സ്ഥാനത്ത് നിന്ന് ‘കട്ട് ഓഫി‘ലേക്ക് മാറി. ഇതുമൂലം രണ്ട് എന്‍ജിനുകളുടെയും പവര്‍ നഷ്ടപ്പെട്ടു. 10 മുതല്‍ 14 സെക്കന്റിനുള്ളില്‍ സ്വിച്ചുകള്‍ ‘റണ്‍’ മോഡിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും എന്‍ജിനുകള്‍ക്ക് പറക്കലിന് മതിയായ ശേഷി വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) നടത്തിയ കണ്ടെത്തലുകള്‍ തന്നെയാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായി ഉള്ളത്. 

ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തത് ആരാണെന്ന് ഒരു പൈലറ്റ് സഹ പൈലറ്റിനോട് ചോദിക്കുന്ന കോക്പിറ്റ് വോയ്‌സ് റെക്കോഡിങ്ങുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ താനല്ല സ്വിച്ച് ഓഫ് ചെയ്തതെന്നാണ് മറ്റേ പൈലറ്റ് മറുപടി നല്‍കുന്നത്. ഇതോടെ, വിമാനദുരന്തത്തിന് പിന്നില്‍ ബോധപൂര്‍വമായ അട്ടിമറിയാണോയെന്ന സംശയവും ഉയര്‍ന്നിരുന്നു. ഈ സംശയം ഉറപ്പിക്കുന്ന തരത്തില്‍, സ്വിച്ച് ലോക്കിങ് സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിരുന്നില്ലെന്നും, മെക്കാനിക്കല്‍ തകരാറുകളൊന്നും ഇന്ധന കട്ട് ഓഫിലേക്ക് നയിച്ചില്ലെന്നും എഫ്എഎയുടെ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നു.
വിമാനത്തിന്റെ സംവിധാനങ്ങള്‍ രൂപകല്പന ചെയ്തതുപോലെ പ്രവര്‍ത്തിച്ചുവെന്ന് എഫ്എഎ അഡ്മിനിസ്‌ട്രേറ്റര്‍ ബ്രയാന്‍ ബെഡ്ഫോര്‍ഡ് പറഞ്ഞു. അപകടമുണ്ടായ വിമാനത്തിന്റെ ഇന്ധന സംവിധാനങ്ങളില്‍ സാങ്കേതിക പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ബോയിങ്ങും സ്ഥിരീകരിച്ചിരുന്നു.
അപകടത്തില്‍ ആകെ 260 പേരാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 241 പേരും 19 സാധാരണക്കാരും കൊല്ലപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.