21 December 2025, Sunday

സിറിയന്‍ ജനത അശാന്തിയുടെ നിഴലില്‍

ടി കെ അനില്‍കുമാര്‍
July 27, 2025 5:56 am

ലോകത്തെ ശ്വാസംമുട്ടിക്കുന്ന ചോദ്യമാവുകയാണ്, വീണ്ടും സിറിയ. ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ പതനത്തിന് പിന്നാലെ സമാധാന സൂചനകള്‍ കണ്ടുതുടങ്ങിയെങ്കിലും സിറിയയിൽ വീണ്ടും അശാന്തി പുകയുകയാണ്. ഒരിടവേളയ്ക്ക് ശേഷം ആഭ്യന്തര സംഘര്‍ഷത്തിന്റെ പിടിയില്‍ അമരുന്ന സിറിയയിൽ നൂറുകണക്കിന് പേരാണ് മരിച്ചു വീഴുന്നത്. ദിവസങ്ങളോളം നീണ്ട സംഘർഷത്തിന് ശേഷം ദ്രൂസ് ഭൂരിപക്ഷ മേഖലയായ സ്വീഡനിൽ സിറിയൻ സർക്കാർ വെടിനിർത്തൽ പ്രഖ്യാപിച്ചുവെങ്കിലും ഇതിന്റെ അലയൊലികൾ എത്ര നാളത്തേക്കെന്ന് വ്യക്തമല്ല. 14 വർഷത്തിലേറെയായി ആഭ്യന്തരയുദ്ധത്തിന്റെ കെടുതിയനുഭവിക്കുന്ന സിറിയയിൽ മതന്യൂനപക്ഷമായ ദ്രൂസുകളുടെ നേതൃത്വത്തിലുള്ള സായുധ സംഘങ്ങളും സുന്നി ഗോത്രവിഭാഗമായ ബെദൂയിനുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ എഴുനൂറോളം പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷത്തിന്റെ തീക്കനൽ കത്തിത്തുടങ്ങുകയാണോ എന്ന ആശങ്കയിലാണ് ലോകം. ദ്രൂസ് ന്യൂനപക്ഷത്തിൽ നിന്നുള്ള ഒരു വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിനെ തുടർന്നാണ് സിറിയയിൽ സംഘർഷങ്ങൾ വീണ്ടും ആരംഭിച്ചത്. തെക്കൻ സിറിയയിൽ ദ്രൂസ് മിലിഷ്യകളും സുന്നി ബെദൂയിൻ പോരാളികളും തമ്മിൽ നടന്ന ഏറ്റുമുട്ടലുകൾ ദിവസങ്ങളോളം നീണ്ടു. സിറിയൻ സർക്കാർ ബെദൂയിനികൾക്ക് അനുകൂലമായി നിലപാടെടുത്തതോടെ ദ്രൂസുകളെ പിന്തുണച്ച് ഇസ്രയേലും രംഗത്തെത്തി. ഇസ്രയേൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ദ്രൂസുകളെ വിശ്വസ്ത ന്യൂനപക്ഷമായാണ് അവർ പരിഗണിക്കുന്നത്. ബാഷര്‍ അല്‍ അസദ് ഭരണകൂടം വീഴുകയും സിറിയയിൽ ഇറാന്റെ സ്വാധീനം തളരുകയും ചെയ്തതോടെ അവിടേക്ക് കടന്നു കയറാൻ ഉള്ള ശ്രമം ഊർജിതമാക്കുകയാണ് ഇസ്രയേൽ. ദ്രൂസ് വിഭാഗത്തിന്റെ സംരക്ഷകരായാണ് ഇവരുടെ വരവ്. ഇസ്രയേൽ അധിനിവേശ ഗോലാൻ കുന്നുകളിൽ ദ്രൂസ് വിശ്വാസികളുണ്ടെന്നതും തങ്ങളുടെ രാജ്യത്തെ ചെറു ന്യൂനപക്ഷമാണ് ഇവരെന്നതുമാണ് നെതന്യാഹു സർക്കാർ ഉപയോഗിക്കുന്ന ന്യായം. Syr­i­an peo­ple in the shad­ow of unrest

ഇസ്രയേലിലെ ദ്രൂസ് സമൂഹം പ്രധാനമായും രാഷ്ട്രത്തോട് വിശ്വസ്തത പുലർത്തുന്നവരാണ്. ഇവർ സൈന്യത്തിന്റെയും ഭാഗമാണ്. ഇസ്രയേലി സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച്, ഇസ്രയേലിലും ഇസ്രയേൽ അധിനിവേശ ഗോലാൻ കുന്നുകളിലും ഏകദേശം 1,52,000 ദ്രൂസുകൾ താമസിക്കുന്നുണ്ട്. ഹിസ്‌ബുള്ളയുടെ പ്രധാന വിതരണ ശൃംഖലയായ സിറിയ വീണത് ഇസ്രയേലിന് ഗുണകരമായിരുന്നു. അതേസമയം സുന്നി വിഭാഗക്കാരായ ഹയാത് തഹ്‌രീർ അല്‍ ഷാം (എച്ച്ടിഎസ്) എന്ന സായുധ സംഘടന ശക്തിപ്രാപിക്കുന്നത് ഇസ്രയേലിന് കൂടുതൽ വെല്ലുവിളിയാകും. ഇറാനും പലസ്തീനുമെതിരെയുള്ള ഇസ്രയേലിന്റെ അതിക്രമങ്ങളിൽ പലതും സിറിയൻ വിമതർക്കുള്ള സഹായം കൂടിയായിരുന്നു. സിറിയൻ സൈനിക സംവിധാനങ്ങൾ, സിറിയയിലെ ഇറാന്റെ വിതരണ ശൃംഖലകൾ തുടങ്ങിയവയ്ക്കുനേരെയുള്ള ആക്രമണങ്ങൾ ഫലത്തിൽ സിറിയയെ ദുർബലപ്പെടുത്തുകയും വിമതരെ സഹായിക്കുകയും ചെയ്യുന്നതിനുള്ള ഗൂഢപദ്ധതിയായിരുന്നു. സിറിയ, ലെബനൻ, ഇസ്രയേൽ അധിനിവേശ ഗോലാൻ കുന്നുകൾ എന്നിവിടങ്ങളിലെ അറബി സംസാരിക്കുന്ന വംശ‑മത ന്യൂനപക്ഷമാണ് ദ്രൂസ്. ലോകത്താകമാനമുള്ള ഏകദേശം പത്ത് ലക്ഷം ദ്രൂസ് അനുയായികളിൽ പകുതിയും സിറിയയിലാണ് താമസിക്കുന്നത്. ഇത് ജനസംഖ്യയുടെ ഏകദേശം മൂന്ന് ശതമാനം വരും. ദക്ഷിണ സിറിയൻ പ്രവിശ്യയായ സുവൈദ, ഡമാസ്കസിന്റെ പ്രാന്തപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ദ്രൂസുകളുടെ സാന്നിധ്യം കൂടുതലായുള്ളത്. കടുത്ത വിശ്വാസികളായ ദ്രൂസുകൾ അവരുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. മതാചാരങ്ങളും അനുഷ്ഠാനങ്ങളും നടത്താനും വിശുദ്ധഗ്രന്ഥം പഠിക്കാനുമുള്ള അനുവാദം എല്ലാ വിശ്വാസികൾക്കുമില്ല. ഡിസംബറിൽ അസദിന്റെ പതനത്തിനുശേഷം, തെക്കൻ സിറിയയിൽ അധികാരം സ്ഥാപിക്കാനുള്ള വിമത ഭരണകൂട ശ്രമങ്ങളെ ദ്രൂസുകൾ ചെറുത്തുനിന്നു. സുവൈദയിലെ ഔദ്യോഗിക സിറിയൻ സുരക്ഷാ സാന്നിധ്യത്തെ എതിർക്കുകയും സിറിയൻ സൈന്യവുമായി സംയോജിപ്പിക്കുന്നതിനെ എതിർക്കുകയും ചെയ്തു. 

2024 ഡിസംബറിലാണ് വിമതവിപ്ലവത്തിലൂടെ അബു മുഹമ്മദ് അൽ ഗൊലാനിയെന്ന് അറിയപ്പെടുന്ന അഹമ്മദ് അല്‍ഷരായുടെ നേതൃത്വത്തില്‍ ഹയാത് തഹ്‌രീർ അല്‍ ഷാം സിറിയയില്‍ അധികാരം പിടിച്ചത്. ഇതിന് പിന്നാലെ മധ്യ സിറിയയില്‍ ഉണ്ടായ വിഭാഗീയ സംഘര്‍ഷങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്, കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും പതിവാണ്. സമീപകാലത്ത് സിറിയയിലെ ന്യൂനപക്ഷം തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇതിനിടെ, പുതിയ ഭരണകൂടം തങ്ങളെ അടിച്ചമര്‍ത്തുമോയെന്ന ആശങ്കയിലാണ് ദ്രൂസുകൾ. 2011ൽ സിറിയയിലുണ്ടായ ആഭ്യന്തരകലാപത്തിൽ അഞ്ച് ലക്ഷത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. അറുപത് ലക്ഷത്തോളം ആളുകൾ അഭയാർത്ഥികളായി, എണ്ണമറ്റ ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടു. അന്ന് ബഷാർ ഭരണകൂടത്തിനെതിരെ ഉയർന്ന പ്രതിഷേധങ്ങളെ റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെയാണ് അദ്ദേഹം അതിജീവിച്ചത്. റഷ്യൻ വ്യോമസേനയുടെയും ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയുടെയും സഹായം ബഷാർ തേടി. എന്നാൽ യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയും ഇസ്രയേലുമായുള്ള പോരാട്ടത്തിൽ ഇറാനും വ്യാപൃതരായതിനാൽ അവരുടെ സഹായം തേടാൻ ബഷാറിന് സാധിച്ചില്ല. അലപ്പോ, ഹമ, ഹുംസ് പ്രവിശ്യകൾ ദിവസങ്ങൾക്കുള്ളിൽ പിടിച്ചെടുക്കാൻ വിമതരെ സഹായിച്ചത് ഇതാണ്. അധികം വൈകാതെ തലസ്ഥാനമായ ഡമാസ്കസും വിമതസേന കയ്യടക്കി. ഇതോടെ പശ്ചിമേഷ്യയിലെ മറ്റൊരു രാജ്യം കൂടി യുഎസ് സഖ്യ ശക്തികളുടെ കുതന്ത്രങ്ങളുടെ ഫലമായി അവരുടെ നിയന്ത്രണത്തിലായി. 2011 മുതലാണ് യുഎസ് പിന്തുണയോടെ വിമതർ രാജ്യത്ത് ആഭ്യന്തര യുദ്ധമാരംഭിച്ചത്. ഇതിന് പിന്നാലെ യുഎസും സഖ്യകക്ഷികളും രാജ്യത്തിനെതിരെ ഉപരോധങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇത് സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ പതനത്തിന് വേഗതകൂട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.