
പ്രവാസികള്‍ക്കായുളള നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (എന്‍ഡിപിആര്‍ഇഎം) പുനരധിവാസ പദ്ധതിയുടെ ഭാഗമായി നോര്‍ക്ക റൂട്ട്സും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കുമായുള്ള (ഐഒബി) കരാര്‍ പുതുക്കി. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സിനു വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അജിത് കോളശേരിയും ഐഒബിക്കു വേണ്ടി റീജിയണല്‍ ജനറല്‍ മാനേജര്‍ (തിരുവനന്തപുരം) ജി വി ദയാല്‍ പ്രസാദും തമ്മിലാണ് കരാര്‍ കൈമാറിയത്. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ രശ്മി ടി, ഐഒബി സീനിയര്‍ മാനേജര്‍ ഇന്ദുലേഖ എസ് നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ എന്നിവരും സംസാരിച്ചു. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍ പുതുക്കിയത്. കേരളത്തിലെ 183 ഐഒബി ശാഖകളില്‍ നിന്നും പ്രവാസികള്‍ക്ക് എൻഡിപിആർഇഎം പദ്ധതിയുടെ സേവനം തുടര്‍ന്നും ലഭിക്കും. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സംരംഭക വായ്പാ പദ്ധതിയാണ് എന്‍ഡിപിആര്‍ഇഎം. ഐഒബി ഉള്‍പ്പെടെ സംസ്ഥാനത്തെ 17 ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കിവരുന്നത്.
രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പദ്ധതി പ്രയോജനപ്പെടുത്താം. ടാക്‌സി സര്‍വീസിനുള്ള വാഹനങ്ങള്‍ വാങ്ങുന്നതിനും എംഎസ്എംഇ പ്രകാരമുള്ള സേവനങ്ങള്‍/ നിര്‍മ്മാണ പ്രവര്‍ത്തനം, കാര്‍ഷിക മേഖല, ചില്ലറ വില്പന തുടങ്ങിയ സംരംഭങ്ങള്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം. സംരംഭങ്ങള്‍ക്ക് 30 ലക്ഷം രൂപവരെയുളള വായ്പകള്‍ പദ്ധതിവഴി ലഭിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് 15% മൂലധന സബ്‌സിഡിയും മുന്ന് ശതമാനം പലിശ സബ്സിഡിയും ലഭിക്കും. നോര്‍ക്ക റൂട്ട്‌സിന്റെ www.norkar oots.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. പദ്ധതിക്ക് ആവശ്യമായ പരിശീലനം, ബാങ്കിലേക്ക് ആവശ്യമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നീ സേവനങ്ങളും നോര്‍ക്ക റൂട്ട്സ് സൗജന്യമായി നല്‍കുന്നു. എന്‍ഡിപിആര്‍ഇഎം പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91–8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.