
ഇന്ത്യയ്ക്കെതിരെ യുഎസിന്റെ ശത്രുതാമനോഭാവവും പ്രതികാര ചുങ്കവും സാമ്പത്തികരംഗത്ത് സൃഷ്ടിക്കുന്നത് വന്‍ വെല്ലുവിളികള്‍. ഇന്ത്യയ്ക്ക് മേല്‍ യുഎസ് ചുമത്തിയ 25% നികുതിയും, പിഴയും ജിഡിപി വളര്‍ച്ചയ്ക്ക് തിരിച്ചടിയാകും. കയറ്റുമതി കുറയും. ഇന്ത്യയിലേയ്ക്കുള്ള വിദേശ നിക്ഷേപത്തെയും ഇതു ബാധിക്കും.
താരിഫ് ഉയര്‍ന്ന നിലയില്‍ തുടര്‍ന്നാല്‍ ഇന്ത്യന്‍ വരുമാനത്തില്‍ 0.2% മുതല്‍ 0.5% വരെ ഇടിവുണ്ടാകാനും സാധ്യതയുണ്ട്. വിദേശനാണയ വിപണിയെയും ട്രംപിന്റെ പ്രഖ്യാപനം അസ്ഥിരതയിലേക്ക് നയിക്കും. ഇതിനോടകം തന്നെ നികുതി പ്രഖ്യാപനം നിക്ഷേപ വികാരത്തെ ബാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം ഇന്ത്യന്‍ ഓഹരി സൂചികകളില്‍ ഇന്നലെ പ്രകടമായി. ഈ പ്രവണത തുടര്‍ന്നാല്‍ വലിയ സാമ്പത്തിക നഷ്ടത്തിന് വഴിവയ്ക്കും. ഇന്ത്യയില്‍ നിന്നുള്ള എല്ലാ ഉല്പന്നങ്ങള്‍ക്കും 25% നികുതിയാണ് ട്രംപ് ചുമത്തിയിരിക്കുന്നത്. ഇത് നിലവില്‍ അമേരിക്കന്‍ വിപണിയില്‍ ജനപ്രിയമായ പല ഇന്ത്യന്‍ ഉല്പന്നങ്ങളുടെയും വില കുത്തനെ കുതിക്കാന്‍ വഴിവയ്ക്കും. ഇക്വഡോറിന് 10 ശതമാനവും ഇന്തോനേഷ്യക്ക് 19 ശതമാനവും വിയറ്റ്നാമിന് 20 ശതമാനവുമാണ് നികുതി. 25% നികുതി മൂലം ഇന്ത്യന്‍ കയറ്റുമതിയുടെ ഏകദേശം 10% ബാധിക്കപ്പെടുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്ത്യയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് യുഎസ്. രത്നങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും ഉയര്‍ന്ന വിലയാണ് നിലവില്‍ ഈടാക്കുന്നത്. 25% നികുതി കൂടി വരുന്നതോടെ ഇവയുടെ വില വീണ്ടും കുതിക്കും. നിലവില്‍ ഇന്ത്യന്‍ തുണിത്തരങ്ങള്‍, ഓട്ടോമൊബൈല്‍ ഉല്പന്നങ്ങള്‍ എന്നിവയിലും കനത്ത തിരിച്ചടി പ്രതീക്ഷിക്കുന്നു. മിക്ക രാജ്യങ്ങളും ഇന്ത്യയെ ഇലക്‌ട്രോണിക്‌സ് ഹബ്ബായി കണ്ടുതുടങ്ങിയ സമയമാണിത്. ഈ കമ്പനികള്‍ക്കെല്ലാം പുതിയ നികുതി തിരിച്ചടിയാകും. താരിഫുകള്‍ വിതരണ ശൃംഖലകളെ തടസപ്പെടുത്തുകയും വില മത്സരക്ഷമത കുറയ്ക്കുകയും ചെയ്യും. യുഎസ് വിപണികള്‍ ലക്ഷ്യമിട്ട് മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാകും. യുഎസ് ഓര്‍ഡറുകളില്‍ ഉണ്ടായേക്കാവുന്ന കുറവ് തൊഴില്‍ നഷ്ടത്തിനും വഴിതുറക്കാം.
നികുതി വര്‍ധനവ് ഇന്ത്യയുടെ സമുദ്രോല്പന്ന വ്യാപാരത്തെയും പ്രതികൂലമായി ബാധിക്കും, ഇത് കേരളത്തിനും തിരിച്ചടിയായി മാറും. സമുദ്രോല്പന്ന കയറ്റുമതിയിലെ പ്രധാന ഘടകം ചെമ്മീന്‍ ആണ്. നിലവിൽ യുഎസിലേക്ക് കയറ്റുമതി നടത്തുന്ന ചെമ്മീനിന്റെ 40 ശതമാനവും ഇന്ത്യയിൽ നിന്നാണ്. മറ്റ് മത്സ്യ ഉല്പന്നങ്ങൾ കൂടി ചേർക്കുമ്പോൾ ഇത് 50 ശതമാനമാകും. ഇത്തരമൊരു വലിയ വിപണിക്ക് പകരം കണ്ടെത്തുക അത്ര എളുപ്പമല്ലെന്ന് വാണിജ്യ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. യുഎസിന്റെ ഫാർമസ്യൂട്ടിക്കൽ ആവശ്യങ്ങളിൽ ഏകദേശം 47 ശതമാനവും ഇന്ത്യയാണ് വിതരണം ചെയ്യുന്നത്. പ്രത്യേകിച്ച് ജനറിക് മരുന്നുകളുടെ വിഭാഗത്തിൽ യുഎസ് ഇന്ത്യയെ വളരെയധികം ആശ്രയിക്കുന്നുണ്ട്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെക്കാൾ അമേരിക്കൻ ആരോഗ്യ സംരക്ഷണ സംവിധാനത്തെയാണ് ഇത് ദോഷകരമായി ബാധിക്കുകയെന്നും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലുളളവര്‍ പറയുന്നു. യുഎസ് നടപടി കേവലം നികുതിയില്‍ ഒതുങ്ങുന്നില്ലെന്നതാണ് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നത്. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ പ്രതിരോധ, ഊര്‍ജ്ജ വാങ്ങലുകള്‍ക്ക് അധിക പിഴയും ട്രംപ് നിര്‍ദേശിക്കുന്നു. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന സംസ്ഥാന റിഫൈനര്‍മാരും, സ്വകാര്യമേഖലാ സ്ഥാപനങ്ങളും അധിക പിഴ നേരിടേണ്ടി വന്നേക്കാം. യുഎസ് നീക്കം വ്യവസായങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വിശദമായ പഠനം നടത്തുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. വിപണി വിഹിതം നിലനിര്‍ത്താന്‍ യുഎസിലേക്കുള്ള ഇറക്കുമതി ഉല്പന്നങ്ങളുടെ വില കുറക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമായേക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.