
അമേരിക്കയിൽ നിന്ന് 1,703 ഇന്ത്യൻ പൗരന്മാരെ ഈ വർഷം ജനുവരി 20 മുതൽ നാടുകടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. ഇതിൽ 1,562 പേര്‍ പുരുഷന്മാരും 141 പേര്‍ സ്ത്രീകളുമാണ്. ഏറ്റവും കൂടുതൽ നാടുകടത്തപ്പെട്ടത് പഞ്ചാബ് (620), ഹരിയാന (604), ഗുജറാത്ത് (245) എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. പട്ടികയില്‍ ആറുപേരെ തിരിച്ചറിയാത്തവരായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് വെള്ളിയാഴ്ച ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി രണ്ടാം തവണ അധികാരമേറ്റ ജനുവരി മുതൽ ഇതുവരെയുള്ള കണക്കാണിത്.
നാടുകടത്തപ്പെടുന്നവര്‍ക്ക് മാനുഷിക പരിഗണന ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം (എംഇഎ) വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ചു തിരിച്ചയയ്ക്കുന്ന അമേരിക്കന്‍ നടപടിക്കെതിരെ നേരത്തെ ഇന്ത്യയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഫെബ്രുവരി അഞ്ച്, 15, 16 തീയതികളിൽ യുഎസ് കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ (മിലിട്ടറി) വിമാനങ്ങളിൽ എത്തിയത് 333 പേരാണ്. മാർച്ച് 19, ജൂൺ എട്ട്, 25 തീയതികളിൽ യുഎസ് ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് നടത്തുന്ന ചാർട്ടർ വിമാനങ്ങൾ വഴി ഇന്ത്യയിലെത്തിയത് 231 പേരാണ്. ജൂലൈ അഞ്ച്, 18 തീയതികളിൽ (ഐസിഇ)യുടെ എൻഫോഴ്‌സ്‌മെന്റ് ആന്റ് റിമൂവൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ചാർട്ടർ വിമാനങ്ങൾ വഴി എത്തിയത് 300 പേര്‍.
വാണിജ്യ വിമാനങ്ങളിലായി 767 പേര്‍ എത്തി. നാടുകടത്തപ്പെട്ടവരിൽ ഏറ്റവും കൂടുതൽ പേർ പഞ്ചാബിൽ നിന്നാണ് (620), പിന്നാലെ ഹരിയാന (604), ഗുജറാത്ത് (245), ഉത്തർപ്രദേശ് (38), ഗോവ (26), മഹാരാഷ്ട്ര (20), ഡൽഹി (20), തെലങ്കാന (19), തമിഴ്‌നാട് (17), ആന്ധ്രാപ്രദേശ് (12), ഉത്തരാഖണ്ഡ് (12), ഹിമാചൽ പ്രദേശ് (10), ജമ്മു & കശ്മീർ (10), കേരളം (8), ചണ്ഡീഗഢ് (8), മധ്യപ്രദേശ് (7), രാജസ്ഥാൻ (7), പശ്ചിമ ബംഗാൾ (6), കർണാടക (5), ഒഡിഷ (1), ബിഹാർ (1), ഝാര്‍ഖണ്ഡ് (1), ആറു കേസുകൾ അജ്ഞാതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.