25 December 2025, Thursday

പാർശ്വവല്‍ക്കൃതരുടെ ശബ്ദം

സ്വന്തം ലേഖകന്‍
August 4, 2025 4:00 am

പാർശ്വവല്‍ക്കരി‌ക്കപ്പെട്ട സമൂഹത്തിനായി അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും ശബ്ദമുയർത്തിയ വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച വി ബി അജയകുമാർ എന്ന അജയൻ. മനുഷ്യാവകാശ പ്രവർത്തകനും റൈറ്റ്സ് എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു. സ്വദേശം കൊടുങ്ങല്ലൂരാണെങ്കിലും റൈറ്റ്സിന്റെ ഭാഗമായി ഏറെക്കാലമായി തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തന മേഖല. എഐഎസ്എഫുമായി ബന്ധപ്പെട്ടാണ് സാമൂഹിക ജീവിതം ആരംഭിക്കുന്നത്. മണ്ഡലം സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. വിദ്യാർത്ഥിയായിരുന്ന കാലത്ത് കോഴിക്കോട് സർവകലാശാല സെനറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ശ്രീ കേരളവർമ്മ കോളജിലെ യൂണിയൻ കൗൺസിലറുമായിരുന്നു.

നർമ്മദ ബച്ചാവോ ആന്ദോളൻ, പീപ്പിൾസ് വാച്ച് തുടങ്ങിയ പ്രസ്ഥാനങ്ങളിൽ പ്രവർത്തനം തുടര്‍ന്ന അജയകുമാർ നിരവധി യുഎൻ സമ്മേളനങ്ങളിൽ പാർശ്വവല്‍ക്കൃത സമൂഹങ്ങൾക്കായി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ദളിത്‌ ആക്ടിവിസ്റ്റുകളുമായും ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളുമായും, പ്രത്യേകിച്ച് സിപിഐ നേതാക്കളുമായി നല്ല ബന്ധമുണ്ടായിരുന്നു. എണ്ണപ്പെട്ട നിരവധി ദളിത്‌ ഗവേഷണ പഠനങ്ങൾക്ക് അജയന്റെ റൈറ്റ്സ് നേതൃത്വം നൽകി. മനുഷ്യാവകാശം, വിദ്യാഭ്യാസം, പരിസ്ഥിതി മേഖലകളിലൊക്കെ സ്വന്തമായി അഭിപ്രായങ്ങൾ പറയാനും അതേക്കുറിച്ച് പഠിച്ച് മറ്റുള്ളവരുടെ അഭിപ്രായങ്ങൾ സ്വരൂപിക്കാനും ശ്രമിച്ചുകൊണ്ടിരുന്ന ഒരു നല്ല സാമൂഹ്യപ്രവര്‍ത്തകനായിരുന്നു.

“അദ്ദേഹത്തിന്റെ പ്ര വർത്തനമണ്ഡലം കേരളമോ ഇന്ത്യയോ മാത്രമായിരുന്നില്ല, ലോകം മുഴുവനുമായിരുന്നു. ലോകമെമ്പാടുമുള്ള പാർശ്വവല്‍ക്കൃതർക്കൊപ്പം നിലയുറപ്പിച്ച അജയ്, ഐക്യരാഷ്ട്രസഭയുമായി ഔദ്യോഗികമായിത്തന്നെ ബന്ധപ്പെട്ട് പ്രവർത്തിച്ച വ്യക്തിയാണ്. ഈ നിലയ്ക്ക് പ്രവർത്തിച്ചവർ കേരളത്തിലെങ്കിലും അത്യപൂർവമാണ്. ലോകം മുഴുവൻ നിരന്തരം യാത്ര ചെയ്തുകൊണ്ടിരുന്ന അജയ് ശേഖരിച്ചിരുന്ന പുതിയ വിവരങ്ങളും വസ്തുതകളും വ്യക്തിപരമായി തന്നെ എനിക്ക് തെളിച്ചം നല്‍കുന്നവയായിരുന്നു“വെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ സണ്ണി കപിക്കാട് അനുസ്മരിക്കുന്നു. കോവിഡ് കാലത്ത് ദളിത് — ആദിവാസി മേഖലയിലെ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പിന്നിൽ അദ്ദേഹം വഹിച്ച പങ്ക് ഏറെ വിലപ്പെട്ടതാണ്.ഒരു സമൂഹത്തെ സാമൂഹികവും ബൗദ്ധികവും മാനസികവുമായി വാർത്തെടുക്കുവാൻ അജയൻ നടത്തിയ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടും.

മികച്ച നേതാവും സാമൂഹിക പ്രവർത്തകനും 

മികച്ച നേതാവും സാമൂഹിക പ്രവർത്തകനുമായിരുന്നു വി ബി അജയകുമാർ (അജയൻ) എന്ന് സിപിഐ ദേശീയ കൗൺസിലംഗം രാജാജി മാത്യു തോമസ്. എഐഎസ്എഫുമായി ബന്ധപ്പെട്ടാണ് അജയൻ തന്റെ സാമൂഹിക ജീവിതം ആരംഭിക്കുന്നത്. ദളിത് വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന വിദ്യാർത്ഥി നേതാവായിരുന്നു. പിന്നീട് പരിസ്ഥിതി സംരക്ഷണത്തിനും ദളിത് അവകാശങ്ങൾക്കും വേണ്ടിയുള്ള വലിയ പ്രവർത്തകനായി മാറി. അവസാനമായി ഫോണിലൂടെയാണ് തമ്മിൽ സംസാരിച്ചത്. അന്ന് അജയൻ ഐക്യരാഷ്ട്രസഭയിൽ പരിപാടിയില്‍ പങ്കെടുക്കുവാനായി കാലിഫോർണിയയിലായിരുന്നു. വി ബി അജയകുമാറിനെ മികച്ച നേതാവാക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പ്രത്യേകിച്ച് കൊടുങ്ങല്ലൂരിലെ നേതൃത്വത്തിന് വലിയൊരു പങ്കുണ്ട്. എഐഎസ്എഫ് കാലത്തെ സഹപ്രവർത്തകയായിരുന്ന സിനിയെ പിന്നീട് ജീവിത സഖിയാക്കി. വലിയൊരു സൗഹൃദവലയത്തിനുടമയായിരുന്ന അജയൻ, സുഹൃത്തുക്കളെ എന്നും ഹൃദയത്തോട് ചേർത്തുനിർത്തിയിരുന്നു. അകാല വിയോഗത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ആദരവ് അർപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.