22 January 2026, Thursday

ഭരതോക്തികളിലെ സദാചാര ദർശനം

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
നരോത്തമായനം രാമായണം ഭാഗം 18
August 5, 2025 4:15 am

രണ്യകാണ്ഡത്തിലെ 75-ാം സർഗത്തിലെ ഭരതന്റെ ശാപോക്തി രൂപത്തിലുള്ള വാക്യങ്ങളിലൂടെ സഞ്ചരിച്ചാൽ രാമായണം മുന്നോട്ടുവയ്ക്കുന്ന സദാചാരദർശനത്തിന്റെ ഏകദേശ രൂപം പിടികിട്ടും. ഏകദേശം 37 ശ്ലോകങ്ങളിലൂടെയാണ് (21 മുതൽ 58വരെ) വാല്മീകി ആ സദാചാരദർശനം മുന്നോട്ടുവയ്ക്കുന്നത്. ‘രാമനെ കാട്ടിലേക്കയച്ചവരുടെ ബുദ്ധി, ശാസ്ത്രശിക്ഷണത്തിന്റെ വഴിയെ സഞ്ചരിക്കാതിരിക്കട്ടെ’ എന്നാണ് ഭരതോക്തി. ഇതിനർത്ഥം ശാസ്ത്രശിക്ഷണം സദാചാരമാണ് എന്നാണ്. ശിക്ഷണത്തിൽ ഗുരുമുഖത്തുനിന്ന് അഭ്യസിക്കലും സ്വാദ്ധ്യായവും (സ്വയം കേട്ടും വായിച്ചും ചിന്തിച്ചും വിദ്യയെ വശത്താക്കൽ) ഉൾപ്പെടും. ശാസ്ത്രപഠനം എന്നതിന് വേദോപനിഷത്തുക്കൾ എന്നാണർത്ഥം. വേദോപനിഷത്തുക്കൾ മുഴുവനും ചാതുർവർണ്യ സിദ്ധാന്തമാണെന്നുണ്ടെങ്കിൽ, അതിന്റെ വഴിയെ രാമനെ കാട്ടിലേക്ക് അയച്ചവരുടെ ബുദ്ധി സഞ്ചരിക്കാതിരിക്കട്ടെ എന്ന ശാപോക്തിക്ക് ഒരു പുരോഗമനപക്ഷ സ്വരവും ഉണ്ടെന്നു പറയാം. എന്തായാലും പഠിച്ച വിദ്യയുടെ വഴിയെ മനസ് സഞ്ചരിക്കാത്ത നില ആർക്കുണ്ടായാലും അയാളുടെ മനോഗതി ധൃതരാഷ്ട്രരുടേതാകും. ധർമ്മം എന്തെന്നറിഞ്ഞിട്ടും അത് ചെയ്യാൻ വയ്യാത്ത നിലയാണ് ധൃതരാഷ്ട്രരുടേത്. മനസും വാക്കും പ്രവൃത്തിയും പൊരുത്തപ്പെടാത്ത ജീവിതം, സംഘർഷങ്ങൾ വിതയ്ക്കുകയും സംഘർഷങ്ങൾ കൊയ്യുകയുമല്ലാതെ സ്വാസ്ഥ്യം അനുഭവിക്കുകയോ പകരുകയോ ഇല്ല. സ്വാസ്ഥ്യമില്ലാത്ത ജീവിതമാണ് നരകം; സ്വാസ്ഥ്യമുള്ള ജീവിതമാണ് സ്വർഗം. 

‘രാമനെ കാട്ടിലേക്കയച്ചവരുടെ ജീവിതം സൂര്യാഭിമുഖമായി നിന്നു മൂത്രമൊഴിക്കുന്നവന്റെ പാപം പേറട്ടെ’ എന്നും ‘ഉറങ്ങിക്കിടക്കുന്ന പശുവിനെ ചവിട്ടിയവന്റെ പാപം പേറട്ടെ’ എന്നും ഭരതോക്തിയുണ്ട്. ഇതല്പം ചിരിയുണർത്തുന്ന സദാചാര വിവക്ഷയാണ്. പതനം (വീഴ്ച) പറ്റാതെ നമ്മെ പരിരക്ഷിക്കുന്ന ആചാരങ്ങളുടെ ആകത്തുകയാണ് സദാചാരം. ഈ സദാചാരത്തിൽ ‘സൂര്യനു നേരെ നിന്ന് മൂത്രം ഒഴിക്കരുത്’ എന്ന വാക്യം വന്നത് വിചിത്രമാണ്. സൂര്യന് എവിടെയും മുഖമുണ്ടെന്ന പ്രകാശ വീക്ഷണം വേണ്ടത്ര അറിയാത്തകാലത്ത് ഉദയസ്ഥാനമായ കിഴക്കോട്ടോ അസ്തമയ സമയത്ത് പടിഞ്ഞാറ് ദിശയിലേക്കോ തിരിഞ്ഞുനിന്ന് മൂത്രം ഒഴിക്കരുതെന്ന നാട്ടുവഴക്കം ഉണ്ടായിരിക്കാം. അതാണ് ഇവിടെയും സൂചിതമായിരിക്കുന്നത്. ഉറക്കം സ്വാസ്ഥ്യം ഉണ്ടാക്കുന്ന ജീവിത പ്രക്രിയയാണ്. അതുചെയ്യുന്ന ഒരു പശുവിനെയും (ജീവി) ചവിട്ടി ഉണർത്തി ശല്യപ്പെടുത്തരുത്. ജീവികളുടെ സ്വസ്ഥത കെടുത്തുന്നവൻ അസ്വസ്ഥതയുടെ കയങ്ങളിലേക്ക് നിപതിക്കും. എന്തായാലും ജീവനില്ലാത്തതെന്ന് നമ്മുടെ സാമാന്യ ബോധത്തിന്റെ സാപേക്ഷതയിൽ തോന്നുന്ന സൂര്യനെയും ജീവികളെയും മാനിക്കുന്നതാണ് സദാചാരം എന്നും അപമാനിക്കുന്നത് ദുരാചാരമാണെന്നും ദുരാചാരം ചെയ്താൽ പാപഗ്രസ്തരാകും എന്നുമുള്ള രാമായണ ദർശനം സ്വാസ്ഥ്യം അഭിലഷിക്കുന്ന പ്രകൃതി ജീവികളും പ്രജ്ഞാജീവികളുമായ മനുഷ്യർക്ക് അസ്വീകാര്യമാവേണ്ടതുണ്ടെന്ന് തോന്നുന്നില്ല. രാമനാമത്തിൽ ഭീകരത വളർത്തി, ആയിരക്കണക്കിന് ജീവികളുടെ സ്വാസ്ഥ്യം തകർക്കുന്ന ബജ്‌റംഗികൾ രാമായണത്തിലെ ഈ സദാചാര വീക്ഷണം ഉൾക്കൊള്ളുന്നതിൽ വീഴ്ചപ്പറ്റിയവരാണ്. 

തുടർന്നുള്ള ഭരതോക്തിയിൽ ഇങ്ങനെ കാണുന്നു; ‘ആരുടെ ഇഷ്ടപ്രകാരമാണോ രാമൻ കാട്ടിലേക്ക് പോകേണ്ടി വന്നത് അയാൾ ജനങ്ങളെ മക്കളെപ്പോലെ പരിപാലിച്ചിരുന്ന രാജാവിനെ ദ്രോഹിച്ചവർക്കുള്ള പാപം പ്രാപിക്കട്ടെ’. ഈ വാക്യത്തിൽ ഭരണാധികാരി ജനങ്ങളെ സ്വന്തം മക്കളെപ്പോലെ പരിപാലിക്കണം എന്നതാണ് സദാചാരം. ആ സദാചാരത്തെ ദ്രോഹിക്കുന്നതാണ് ദുരാചാരം. ഈ ദുരാചാരം ചെയ്തവർക്കുള്ള പാപം രാമനെ കാട്ടിലേക്കയച്ചവരെ ബാധിക്കട്ടെ എന്നാണ് ഭരതോക്തി. ഭരണാധികാരി ജനങ്ങളുടെ എല്ലാം അച്ഛനായി പെരുമാറണം. അല്ലാതെ, സ്വബീജത്തിൽ നിന്നുണ്ടായ മക്കളുടെ മാത്രം അച്ഛനായി പെരുമാറരുത്. സ്വബീജജാതരായ മക്കളുടെ മാത്രം അച്ഛനായി ഭരണാധികാരി പെരുമാറുന്ന നില എക്കാലത്തുണ്ടായാലും എവിടെയുണ്ടായാലും ആരുചെയ്താലും അത് മക്കൾ രാഷ്ട്രീയമാണ്. അത് ഭരണാധികാരിക്കും നാടിനും ദുഃഖം ഉണ്ടാക്കും. എല്ലാ ജനങ്ങളെയും മക്കളായി കാണേണ്ട ദശരഥൻ തന്റെ മക്കളിൽത്തന്നെ രാമനോട് പ്രത്യേക ഇഷ്ടം, ആധ്യാത്മിക ശാസ്ത്രങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ മമത കാണിച്ചതിന്റെ ഫലമാണ് ദുഃഖിതനാകാനും നെഞ്ചുപൊട്ടി അകാലമരണത്തിന് ഇടയാവാനും കാരണം. ദശരഥന്റെ മരണം നാടിനും ദുഃഖമുണ്ടാക്കി. ഗുരുവിന്റെ പത്നിയെ പ്രാപിക്കുന്നവൻ, കുടിവെള്ളം ദുഷിപ്പിക്കുന്നവൻ, ഭക്ഷണത്തിൽ വിഷം ചേർക്കുന്നവൻ, വിശ്വസിച്ചുപറഞ്ഞ രഹസ്യം മറ്റുള്ളവരോട് പറഞ്ഞുപരത്തുന്നവൻ, ഒറ്റയ്ക്കു ഭക്ഷിക്കുന്നവൻ, യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടുന്നവൻ, കള്ള് മുതലായ ലഹരി വസ്തുക്കൾ വിറ്റു പണമുണ്ടാക്കുന്നവൻ, മാതാപിതാക്കളെ ശുശ്രൂഷിക്കാത്തവൻ, വീടിനു തീ വയ്ക്കുന്നവൻ, മക്കളെ പുലർത്താത്ത ബ്രാഹ്മണൻ ഇവരെയൊക്കെ ബാധിക്കുന്ന പാപം രാമനെ കാട്ടിലേക്കയച്ചവർക്കുണ്ടാവട്ടെ എന്നാണ് ഭരതൻ തുടർന്നുപറയുന്നത്. ഇതിൽ നിന്ന് മേല്പറഞ്ഞ കൃത്യങ്ങളൊക്കെ സദാചാര ലംഘനമാണ് എന്നതാണ് രാമായണ പക്ഷം എന്നുവരുന്നു. ഇക്കാര്യങ്ങളൊക്കെ ഇപ്പോഴും ദുരാചാരമാണല്ലോ — പലതും കുറ്റകൃത്യവുമാണ്. എന്തായാലും ഇക്കാര്യങ്ങൾ ചെയ്യാതെ ജീവിക്കുന്നവനേ നല്ല മനുഷ്യനാവൂ അഥവാ നരോത്തമനാകൂ. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.