9 December 2025, Tuesday

ഐഎസ്എല്‍ ഈ വര്‍ഷം സൂപ്പര്‍ കപ്പോടെ സീസണ്‍ ആരംഭിക്കുമെന്ന് കല്യാണ്‍ ചൗബെ

Janayugom Webdesk
ന്യൂ‍ഡല്‍ഹി
August 7, 2025 10:38 pm

ഐഎസ്എല്‍ ഈ വര്‍ഷം തന്നെ നടക്കുമെന്ന് അഖിലേന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ് കല്യാണ്‍ ചൗബെ. ഐഎസ്എല്‍ ക്ലബ്ബുകളും എഫ്­എസ്ഡിഎല്ലുമായും ഇന്നലെ നടന്ന യോഗത്തിന് ശേഷമാണ് ചൗബെ ഇക്കാര്യം അറിയിച്ചത്. 

ഐ‌എസ്‌എൽ ഭാവി അനിശ്ചിതത്വത്തിലായതിനാൽ, സൂപ്പർ കപ്പ് സെപ്റ്റംബർ‑ഡിസംബർ ജാലകത്തിലേക്ക് മാറ്റാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) തീരുമാനിച്ചു. ‘ക്ലബ്ബുകളുടെ ആശങ്കകൾ കാരണം ഐ‌എസ്‌എല്ലിനു മുമ്പ് സൂപ്പർ കപ്പ് നടക്കും, ടൂർണമെന്റ് ഫോർമാറ്റിലും മാറ്റം വരുത്തിയേക്കാം. ഭരണഘടന കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവ് വരുന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ലീഗിന്റെ നടപടിക്രമങ്ങളിലേക്ക് കടക്കുക. ദേശീയ ടീം കാഫ നേഷൻസ് കപ്പിൽ പങ്കെടുക്കന്നത് കൊണ്ട് സീസണിലെ ടൂർണമെന്റ് ഷെഡ്യൂളിൽ മാറ്റങ്ങൾ ഉണ്ടാവും. പ്രീസീസൺ സെഷനുകൾ ആരംഭിക്കാനും ട്രാൻസ്ഫർ ജാലകത്തിൽ താരങ്ങളെ ടീമിലെത്തിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം തന്നെ ഐഎസ്എല്ലും സൂപ്പര്‍ കപ്പും നടക്കും. എന്നാല്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി സൂപ്പർ കപ്പ് ഘടനയിൽ മാറ്റങ്ങൾ വരുത്താനും സാധ്യതകളുണ്ട്’-ചൗബെ പറഞ്ഞു.
ഐഎസ്എല്‍ അനിശ്ചിതത്വത്തിലായതിന് പിന്നാലെ ക്ലബ്ബുകളെല്ലാം പ്രതിസന്ധിയിലായിരുന്നു. ബംഗളൂരു എഫ്‌സിയടക്കമുള്ള ക്ലബ്ബുകള്‍ താരങ്ങളുടെ ശമ്പളവിതരണം നിര്‍ത്തിവച്ചു. സുനിൽ ഛേത്രി അടക്കമുള്ള താരങ്ങളുടെ വരുമാനം മരവിപ്പിച്ച സാഹചര്യം ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് ദോഷം ചെയ്യുമെന്നും പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കണമെന്നും ക്ലബ്ബ് അധികൃതർ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഡിസംബർ എട്ടിന് അവസാനിക്കുന്ന 15 വർഷത്തെ മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (എംആർഎ) പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) ഇന്ത്യൻ സൂപ്പർ ലീഗ് നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡി (എഫ്എസ്ഡിഎൽ)നും ഇടയിലുള്ള പ്രതിസന്ധിയാണ് ലീഗിന്റെ നടത്തിപ്പിനെ പ്രതിസന്ധിയിലാക്കിയത്. സുപ്രീം കോടതിയുടെ വാമൊഴി ഉത്തരവ് കാരണം അന്തിമ ഉത്തരവ് വരുന്നതുവരെ കരാർ പുതുക്കുന്നതിൽ നിന്ന് തങ്ങളെ വിലക്കുന്നുണ്ടെന്നാണ് എഐഎഫ്എഫ് അവകാശപ്പെടുന്നത്. മുൻനിര ക്ലബ്ബുകളായ ഒഡിഷ, ബംഗളൂരു, കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിൻ എഫ്‌സി, ഹൈദരാബാദ്, മുംബൈ സിറ്റി തുടങ്ങിയവ ഇതുവരെ പ്രീ സീസൺ പരിശീലനവും ആരംഭിച്ചിട്ടില്ല. എഐഎഫ്എഫും ഐഎസ്എല്‍ ക്ലബ്ബുകളും ഇന്നലെ യോഗം ചേര്‍ന്നതോടെ പ്രീസീസണ്‍ പരിശീലനം ഉടനുണ്ടായേക്കാനാണ് സാധ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.